താനെയിലെ കുരുക്കഴിക്കാനും പോഡ് ടാക്സി എത്തുന്നു

Mail This Article
മുംബൈ ∙ താനെ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി പോഡ് ടാക്സി സംവിധാനം പരീക്ഷണാർഥത്തിൽ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി പ്രതാപ് സർനായിക് പറഞ്ഞു. ഗോഡ്ബന്ദർ റോഡിലെ ഭായന്ദർ പാഡ മെട്രോ സ്റ്റേഷനെയും താനെയിലെ വിഹാംഗ് ഹിൽസ് സർക്കിളിനെയും ബന്ധിപ്പിച്ചാകും ആദ്യം പോഡ് ടാക്സി സംവിധാനം നടപ്പാക്കുക. ‘റോഡിലെ തിരക്കേറുന്നത് കണക്കിലെടുത്താണ് പോഡ് ടാക്സികളും റോപ്‌വേകളും പോലുള്ള ഇതര ഗതാഗതസംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുന്നത്. വിദേശരാജ്യങ്ങളിൽ പ്രചാരണത്തിലുള്ള ഇവ ഡ്രൈവറില്ലാതെ വൈദ്യുതിയിൽ സഞ്ചരിക്കുന്നവയാണ്.
ഒന്നിനു പിന്നാലെ മറ്റൊന്നായി തുടർച്ചയായി പോകുന്ന വിധമായിരിക്കും സർവീസ് ക്രമീകരണം. നിർമാണച്ചെലവ് കുറവാണെന്നതും ചെറിയ അറ്റകുറ്റപ്പണികൾ മതിയെന്നതും അനുകൂലഘടകങ്ങളാണ്. സാമ്പത്തികലാഭവും ലഭിക്കും’– മന്ത്രി വ്യക്തമാക്കി. താനെ മുനിസിപ്പൽ അധികൃതരുമായും മന്ത്രി ചർച്ചകൾ നടത്തി. മുംബൈയിൽ ബാന്ദ്രയെയും കുർളയെയും ബന്ധിപ്പിക്കുന്ന പോഡ് ടാക്സി പദ്ധതിക്കും നേരത്തേ സർക്കാർ അംഗീകാരം നൽകിയിരുന്നു.