വർണങ്ങൾ വാരിവിതറി ആഘോഷം തുടങ്ങുന്നു; ഒരുങ്ങി ഹൗസിങ് സൊസൈറ്റികൾ

Mail This Article
മുംബൈ∙ ഹോളിയെത്തി; നിറങ്ങളിൽ നീരാടാൻ നഗരം ഒരുങ്ങി. 13ന് രാത്രി ഹോളികാ ദഹനത്തോടെ ആഘോഷത്തിന് തുടക്കമാകും. 14ന് രാവിലെ മുതലാണ് വർണാഭമായ ആഘോഷം. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പരസ്പരം നിറങ്ങൾ ചാർത്തും. കുട്ടികളെ പീച്ചാംകുഴലിൽ വെള്ളം ചീറ്റിക്കും. ഹൗസിങ് സൊസൈറ്റികളിലെല്ലാം ആഘോഷം പതിവ്. മൈതാനങ്ങളിലും റിസോർട്ടുകളിലും സംഘമായി ഒത്തുചേർന്നുള്ള ആഘോഷങ്ങളുമുണ്ടാകും. ഉത്തരേന്ത്യക്കാർ ഏറെയുള്ള മേഖലകളിൽ ബാംഗ് എന്ന ലഹരി ചേർത്ത സർബത്ത് കുടിക്കുകയും പതിവാണ്.

തണുപ്പുകാലത്തിന്റെ വിടവാങ്ങലും വസന്തകാലത്തിന്റെ വരവും വിളിച്ചോതിയാണ് ഹോളിയുടെ വരവ്. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അലിഞ്ഞില്ലാതാകുമെന്നും വിശ്വസിക്കുന്നു. കടകളിലും വഴിയോരങ്ങളിലും വർണപ്പൊടികളുടെയും പീച്ചാംകുഴലുകളുടെയും വിൽപന തകൃതിയാണ്. ഇത്തവണ മഴു, ചുറ്റിക, വാൾ, ശൂലം എന്നിവയുടെ ആകൃതിയിൽ പുതിയ മോഡൽ പ്ലാസ്റ്റിക് പീച്ചാം കുഴലുകൾ വിപണിയിലുണ്ട്. 20 രൂപ മുതൽ 600 രൂപ വരെ വിലമതിക്കുന്നവ ലഭ്യം.
കനത്ത സുരക്ഷ
ഹോളി ആഘോഷത്തിന് നഗരത്തിൽ ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. 11,000 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. 24 മണിക്കൂറും നഗരത്തിൽ കനത്ത സുരക്ഷയൊരുക്കുമെന്നും സർക്കാർ വ്യക്തമാക്കി. ദുരന്തനിവാരണ സേനയുടെയും ബോംബ് സ്ക്വാഡിന്റെയും പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മദ്യപിച്ച് ബഹളം വയ്ക്കുന്നവർക്കെതിരെയും സ്ത്രീകളോടും കുട്ടികളോടും മോശമായി പെരുമാറുന്നവർക്കെതിരെയും കർശന നടപടി ഉണ്ടാകും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പരിശോധനകൾ ഉണ്ടാകും.
ശ്രദ്ധിക്കാം
നിറങ്ങളുടെ ഉത്സവമാണ് ഹോളിയെങ്കിലും ചിലർക്കെങ്കിലും കളറും രാസപദാർത്ഥങ്ങളും ദേഹത്ത് പതിക്കുന്നത് അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. നിറങ്ങൾ വാരി വിതറുന്നതിന് മുൻപേ നന്നായി മോയിസ്ചറൈസർ ഇടണം. അല്ലാത്തവർ വെളിച്ചെണ്ണ തേച്ചാലും മതിയാകും. ഫുൾസ്ലീവ് വസ്ത്രങ്ങൾ ഇടുന്നതാകും നല്ലത്. ഹെർബൽ നിറങ്ങൾ ഉപയോഗിച്ചാൽ ഒരു പരിധിവരെ അലർജിയിൽനിന്നും മറ്റും പ്രശ്നങ്ങളിൽ നിന്നും സംരണക്ഷണം ലഭിക്കും ആഘോഷത്തിന് ശേഷം ഇളംചൂടുവെള്ളത്തിൽ കുളിക്കുന്നതാകും നല്ലത്. നിറങ്ങൾ കളയാൻ ശക്തിയായി ഉരയ്ക്കരുത്. കുളി കഴിഞ്ഞയുടനെ മോയ്സ്ചറൈസർ പരട്ടുന്നതും നല്ലതാണ്. കണ്ണുകളിലും മറ്റും നിറങ്ങൾ വീഴാതിരിക്കാനും ശ്രദ്ധിക്കാം.
കർശന നടപടിക്ക് പൊലീസ്
ഹോളി ആഘോഷത്തിന് നഗരം തയാറെടുക്കുന്നതിനിടെ മുംബൈ പൊലീസ് കർശന നിർദേശം പുറത്തിറക്കി. സമാധാനപരവും സംഘർഷരഹിതവുമായി ആഘോഷം നടത്താനാണു നടപടി. നിയമം ലംഘിച്ചാൽ കർശന നടപടി ഉണ്ടാകും.