പറപറക്കാൻ പോകാം, ആറുവരിപ്പാതയിലൂടെ; നവിമുംബൈ വിമാനത്താവളത്തിലേക്ക് സുഗമയാത്ര
.jpg?w=1120&h=583)
Mail This Article
മുംബൈ ∙ നിർദിഷ്ട നവിമുംബൈ വിമാനത്താവളത്തെ ബന്ധിപ്പിച്ച് ജെഎൻപിടിയിൽനിന്ന് ആറുവരിപ്പാത നിർമിക്കും. മുംബൈ– പുണെ ഹൈവേയിൽ എത്തിച്ചേരുന്ന വിധമാണ് പാതയൊരുക്കുക. വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതോടെ തിരക്ക് കൂടുമെന്നത് കണക്കിലെടുത്താണ് പാത പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിസഭായോഗത്തിൽ പദ്ധതിക്ക് അംഗീകാരം നൽകി. അതിവേഗം നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. നവിമുംബൈയുടെ അടിസ്ഥാനസൗകര്യ വികസനത്തിലും നിർദിഷ്ട പാത നിർണായകമാകും.
രാജ്യത്തെ ചെറുതും വലുതുമായ തുറമുഖങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഈ പാതയും പ്രഖ്യാപിച്ചത്. പാത തുറക്കുന്നതോടെ പൻവേൽ, കലംബൊലി മേഖലകളിലെ ഗതാഗതക്കുരുക്ക് കുറയും. പുണെയിലേക്കും ഗോവയിലേക്കുമുള്ള യാത്രാസമയത്തിലും കുറവുണ്ടാകും.
ജെഎൻപിടിയിൽനിന്നുള്ള കണ്ടെയ്നറുകളും നിർദിഷ്ട നവിമുംബൈ വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളും വരുന്നതോടെ മേഖലയിൽ ഗതാഗതക്കുരുക്ക് മുറുകാൻ സാധ്യതയുണ്ടെന്ന വിലിയിരുത്തലിനു പിന്നാലെ വിമാനത്താവളത്തെ ബന്ധിപ്പിച്ചുള്ള ഒട്ടേറെ റോഡ് വികസന പദ്ധതികളാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഉൾവെയിലൂടെ കടന്നുപോകുന്ന തീരദേശ റോഡിന്റെ നിർമാണവും പുരോഗമിക്കുകയാണ്.
പദ്ധതിയുടെ ഭാഗമായി 2 തുരങ്കങ്ങൾ
മുംബൈ– പുണെ എക്സ്പ്രസ് പാത, മുംബൈ– ഗോവ ഹൈവേ എന്നിവയുമായി ബന്ധിപ്പിക്കുന്നതിനായി രണ്ടു തുരങ്കങ്ങളും പാതയുടെ ഭാഗമായി നിർമിക്കും. കണ്ടെയ്നറുകൾക്ക് ഉൾപ്പെടെ കടന്നുപോകാവുന്ന വിധത്തിലുള്ള തുരങ്കങ്ങളാണ് നിർമിക്കുന്നത്.
പദ്ധതി വിവരങ്ങൾ
∙ 29 കിലോമീറ്റർ പാത
∙ ആരംഭിക്കുന്നത് ജെഎൻപിടിയിൽനിന്ന്
∙ ചെലവ് 4,500 കോടി രൂപ