സമൃദ്ധി എക്സ്പ്രസ് പാത; ഏപ്രിൽ 1 മുതൽ ടോൾ നിരക്ക് കൂടും: നാലുചക്ര വാഹനങ്ങൾക്ക് 200 രൂപ അധികം

Mail This Article
മുംബൈ∙ മുംബൈ–നാഗ്പുർ സമൃദ്ധി എക്സ്പ്രസ് പാതയിൽ ടോൾ നിരക്ക് ഉയരും. 701 കിലോമീറ്റർ പാതയിൽ അവശേഷിക്കുന്ന 76 കിലോമീറ്റർ തുറക്കാനിരിക്കെയാണ് ടോൾ നിരക്ക് ഉയർത്തിയത്. പുതുക്കിയ നിരക്ക് അടുത്ത മാസം ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. എസ്‌യുവി ഉൾപ്പെടെയുള്ള നാലുചക്ര വാഹനങ്ങൾക്ക് 1450 രൂപ ഇനി ടോൾ കൊടുക്കേണ്ടി വരും. നേരത്തെ 1250 രൂപയായിരുന്നു നിരക്ക്. ഒരു വശത്തേക്കുള്ള ടോൾ ആണിത്.
ഇരുവശത്തേക്കും യാത്ര ചെയ്യണമെങ്കിൽ 2500 രൂപ നൽകേണ്ടി വരും. 701 കിലോമീറ്റർ സഞ്ചരിക്കാനാണ് ഇത്രയും തുക മുടക്കേണ്ടത്. ദൂരം കുറയുന്നതിന് അനുസരിച്ച് ആനുപാതികമായി തുകയും കുറയും. ഭിവണ്ടിക്കും ഇഗത്പുരിക്കും ഇടയിലുള്ള ഭാഗമാണ് ഇനി തുറക്കാനുള്ളത്. 701 കിലോമീറ്റർ പാതയിൽ നാഗ്പുരിൽനിന്ന് ഷിർഡിയിലേക്കുള്ള ഭാഗമാണ് ആദ്യം തുറന്നത്. 2022ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാത തുറന്നതിന് ശേഷമുള്ള ആദ്യ നിരക്ക് വർധനയാണിത്.
ടോൾ 40 വർഷത്തേക്ക്
55000 കോടി രൂപയാണ് മുംബൈ–നാഗ്പുർ സമൃദ്ധി എക്സ്പ്രസ് പാതയുടെ നിർമാണത്തിനു ചെലവായത്. 40 വർഷത്തേക്കാണ് ടോൾ പിരിക്കുന്നത്. 10 ജില്ലകളിലെ 340 ഗ്രാമങ്ങളിലൂടെ കടന്ന് പോകുന്ന പാതയാണിത്. അവസാനഭാഗം കൂടി തുറക്കുന്നതോടെ മുംബൈയിൽനിന്ന് നാഗ്പുരിലേക്ക് റോഡ് മാർഗം 8 മണിക്കൂറിൽ എത്താമെന്നതാണ് നേട്ടം. നിലവിൽ 16 മണിക്കൂറാണ് യാത്രാസമയം.