ലോക്കൽ ട്രെയിൻ: ടിക്കറ്റില്ലാ യാത്ര കുറയ്ക്കാൻ പദ്ധതി; ടിക്കറ്റ് ഉണ്ടോ, സമ്മാനം കിട്ടും

Mail This Article
മുംബൈ∙ ലോക്കൽ ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാൻ സമ്മാന പദ്ധതിക്ക് തുടക്കമിട്ട് മധ്യ റെയിൽവേ. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരിൽനിന്ന് ഓരോ ദിവസവും നറുക്കെടുപ്പുവഴി ഒരാൾക്ക് 10,000 രൂപ സമ്മാനം നൽകുന്നതാണു പദ്ധതി. ആഴ്ചയിൽ ഒരിക്കൽ ബംപർ നറുക്കെടുപ്പ് നടത്തി 50,000 രൂപ സമ്മാനവും നൽകും. ‘സമ്മാന മഴ’ രണ്ടു മാസമാണ് ഉണ്ടാകുക.
സാധാരണ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരെയും സീസൺ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവരെയും സമ്മാന പദ്ധതിയുടെ ഭാഗമാക്കും.എഫ്സിബി ഇന്റർഫെയ്സ് കമ്യൂണിക്കേഷൻ എന്ന സ്വകാര്യ കമ്പനിയുമായി ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് അധികതുക മുടക്കാതെ സമ്മാനപദ്ധതിയുടെ ഭാഗമാകാം എന്നതാണു നേട്ടം.
ടിക്കറ്റ് ചെക്കർമാരായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. സാധുവായ ടിക്കറ്റോ, പ്രതിമാസ പാസോ ഉണ്ടെങ്കിൽ ആർക്കും സമ്മാനം ലഭിക്കും.പ്രതിദിനം 40 ലക്ഷത്തോളം പേരാണ് മധ്യറെയിൽവേയിലെ ലോക്കൽ ട്രെയിൻ സർവീസിനെ ആശ്രയിക്കുന്നത്.
ഇതിൽ ശരാശരി 4000–5000 പേർ ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്യുന്നത്.ബോധവൽക്കരണ പ്രവർത്തനങ്ങളും പരിശോധനകളും ശക്തമാക്കിയിട്ടും ഒട്ടേറെ പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതു തുടരുന്ന സാഹചര്യത്തിലാണ് സമ്മാന പദ്ധതിയുമായി റെയിൽവേ രംഗത്തെത്തിയത്. സ്വകാര്യ കമ്പനിയുമായി ചേർന്ന് സമ്മാനപദ്ധതി നടപ്പാക്കുന്നതിനാൽ റെയിൽവേക്ക് അധികച്ചെലവ് വരുന്നില്ല.