ലോകകപ്പ് ക്രിക്കറ്റിന് വേദിയാകാൻ ഫിറോസ് ഷാ കോട്ല അണിഞ്ഞൊരുങ്ങുന്നു

Mail This Article
ന്യൂഡൽഹി ∙ ലോകകപ്പ് ക്രിക്കറ്റിനെ വരവേൽക്കാൻ ഡൽഹിയിൽ വൻ ഒരുക്കങ്ങൾ. ഫിറോസ് ഷാ കോട്‌ലയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിന്റെ മുഖംമിനുക്കൽ ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനങ്ങൾക്കും മറ്റ് ഒരുക്കങ്ങൾക്കുമായി 20–25 കോടി രൂപ വിനിയോഗിക്കുമെന്ന് അധികൃതർ പറഞ്ഞു. സ്റ്റേഡിയത്തിലെ ശുചിമുറികളുടെയും മറ്റും വൃത്തിഹീനമായ സാഹചര്യത്തെക്കുറിച്ച് ഏറെ വിമർശനം ഉയർന്നിരുന്നു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ 5 മത്സരങ്ങളാണു ഡൽഹിയിൽ നടക്കുക. ഒക്ടോബർ 7നു ദക്ഷിണാഫ്രിക്ക ഉൾപ്പെടുന്ന ഗ്രൂപ്പിന്റെ രണ്ടാം ക്വാളിഫയർ ഡൽഹിയിലാണ്. ഒക്ടോബർ 11നു ഇന്ത്യ- അഫ്ഗാനിസ്ഥാൻ മത്സരത്തിനു ഡൽഹി വേദിയാകും. 14ന് അഫ്ഗാനിസ്ഥാൻ- ഇംഗ്ലണ്ട് മത്സരം. 25, 26 തീയതികളിലാണു മറ്റു രണ്ടു മത്സരങ്ങൾ. ഈ വർഷമാദ്യം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിനു ഡൽഹി വേദിയായിരുന്നു.
ഏപ്രിലിൽ, കാര്യമായ മാറ്റങ്ങൾ ആവശ്യമായ സ്റ്റേഡിയങ്ങളുടെ പട്ടികയിൽ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തെയും ബിസിസിഐ ഉൾപ്പെടുത്തിയിരുന്നു. കൊൽക്കത്ത, മൊഹാലി, മുംബൈ എന്നിവിടങ്ങളിലാണു മറ്റു സ്റ്റേഡിയങ്ങൾ. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ക്രിക്കറ്റിന്റെ പ്രചാരം പതിന്മടങ്ങോളം വർധിച്ചു. പ്രക്ഷേപണ അവകാശത്തിന്റെ വഴിയിൽ ബിസിസിഐ കോടികൾ സ്വന്തമാക്കി. എന്നാൽ രാജ്യത്തെ മിക്ക സ്റ്റേഡിയങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലെന്ന പരാതി വ്യാപകമായുണ്ട്.
ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി പരാതികളെല്ലാം പരിഹരിച്ച് സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നു ഡൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി രാജൻ മാൻചന്ദ് പറഞ്ഞു.
അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നിലവിൽ 35,000 സീറ്റുകളാണുള്ളത്. ഇതിനു പുറമേ സ്റ്റേഡിയത്തിന്റെ പ്രവേശന ഭാഗത്തുള്ള 15 വർഷം പഴക്കമുള്ള ഇരിപ്പിടങ്ങൾ മാറ്റി പുതിയ 10,000 സീറ്റുകൾ കൂട്ടിച്ചേർക്കും. വൃത്തിയുള്ള ശുചിമുറികളും സജ്ജമാക്കും. സ്റ്റേഡിയത്തിൽ തന്നെ ഗുണനിലവാരവുമുള്ള ഭക്ഷണം മിതമായ വിലയിൽ ലഭ്യമാക്കും. ജീവനക്കാരുടെ എണ്ണവും കൂട്ടും. സെപ്റ്റംബർ 15നു മുൻപു ജോലികൾ പൂർത്തിയാക്കുകയാണു ലക്ഷ്യം. ജൂലൈ മൂന്നാം വാരം ബിസിസിഐയും ഐസിസിയും സ്റ്റേഡിയത്തിലെ സൗകര്യങ്ങളും പിച്ചിലെ നിലവാരവും പരിശോധിക്കും.