കേരളാ പൊലീസിൽ നിന്ന് യുഎൻ സേനയിലേക്ക്; അഭിമാനമായി പ്രീത

Mail This Article
ന്യൂഡൽഹി ∙ കേരള പൊലീസിലെ ഹെഡ് കോൺസ്റ്റബിളായ കെ.പ്രീത ഇപ്പോൾ പുതിയൊരു നിയോഗത്തിലാണ്. കലാപബാധിത പ്രദേശമായ സൗത്ത് സുഡാനിൽ യുഎൻ സമാധാന സേനയുടെ ഭാഗമായി സേവനമാരംഭിച്ചിരിക്കുകയാണു തിരുവനന്തപുരം നെയ്യാർ ഡാം സ്വദേശിയായ അവർ.
സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ സേവനം ചെയ്യുന്നതിനിടെയാണു പുതിയ നിയോഗം തേടിയെത്തുന്നത്. എന്നാൽ ഇതിനു വേണ്ടിയുള്ള ശ്രമങ്ങൾ ഏറെക്കാലം മുൻപേ ആരംഭിച്ചിരുന്നുവെന്നു പ്രീത പറയുന്നു. 2011ലാണു കേരള പൊലീസിൽ പ്രീത ഭാഗമാകുന്നത്. കന്റോൺമെന്റ് വനിതാ സ്റ്റേഷനിലെ സേവനകാലത്തിനിടെ പരിചയപ്പെട്ട അന്നത്തെ അസി. കമ്മിഷണറായിരുന്ന കെ.ജി. ബൈജുവാണു യുഎൻ സമാധാന സേനയിലെ ദൗത്യത്തെക്കുറിച്ചുള്ള വിവരം ആദ്യമായി പങ്കുവച്ചത്.
8 വർഷം പൂർത്തിയാക്കിയവർക്കു മാത്രമാണു സമാധാന സേനയിൽ അപേക്ഷിക്കാൻ അവസരം. 2 വർഷത്തിലൊരിക്കലാണു അപേക്ഷ ക്ഷണിക്കുന്നത്. 2020–22 കാലത്തേക്കു 2019ൽ അപേക്ഷ നൽകി. കോവിഡ് സാഹചര്യത്തിൽ നടപടികൾ വൈകി. അത്തവണ അപേക്ഷിച്ചവരെ ഒടുവിൽ 2022–24ലേക്കാണു പരിഗണിച്ചത്.
വിവിധ സ്ഥലങ്ങളിൽ നിന്നായി 65 പേരാണ് അപേക്ഷിച്ചിരുന്നത്. പല കടമ്പകൾ കടന്നു 17 പേർ അവസാന ഘട്ടത്തിലെത്തി. ഇതിൽ നിന്നു 12 പേരെയാണു തിരഞ്ഞെടുത്തത്. ഇംഗ്ലിഷ് ഭാഷയും ഇന്റർനാഷനൽ ഡ്രൈവിങ് പരിശീലനവുമെല്ലാം പരിശോധിച്ച ശേഷമായിരുന്നു അന്തിമ തിരഞ്ഞെടുപ്പ്. കേരള പൊലീസിൽ നിന്നു ഇതിനുള്ള പരിശീലവും പിന്തുണയുമെല്ലാം ലഭിച്ചതായി പ്രീത പറയുന്നു. ഇന്തോ–ടിബറ്റൻ ബോർഡ് പൊലീസാണ്(ഐടിബിപി) യുഎൻ സമാധാന സേനയുടെ നോഡൽ ഏജൻസിയായി ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ഡൽഹിയിൽ ഇവരുടെ കേന്ദ്രത്തിലായിരുന്നു അവസാന ഘട്ട പരിശീലനവും തിരഞ്ഞെടുപ്പും.
യൂണിഫോമിനോടുള്ള ഇഷ്ടം പ്രീതയ്ക്കു പഠനകാലം മുതലുണ്ട്. എൻസിസിയിൽ ഭാഗമായി റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തിട്ടുണ്ട്. പുതിയ ചുമതല ഏറെ അഭിമാനം നൽകുന്നുവെന്നു പ്രീതയുടെ വാക്കുകൾ. ഓഫിസർ റാങ്കിൽ നിന്നല്ലാതെ യുഎൻ സമാധാന സേനയിൽ ഭാഗമാകുന്ന കേരള പൊലീസിൽ നിന്നുള്ള ആദ്യ വനിതയാണ് പ്രീത. ബിഎസ്എഫിൽ അംഗമായ ഭർത്താവ് അജികുമാർ ചത്തീസ്ഗഡിലാണു സേവനം ചെയ്യുന്നത്. ഏക മകൻ അദ്വൈത് രാജസ്ഥാൻ കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥിയാണ്.
യുഎൻ സമാധാനസേനയെക്കുറിച്ചു പൊലീസ് സേനകളിൽ ധാരണ കുറവാണെന്നും അതിനാലാണു സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അപേക്ഷിക്കാത്തതെന്നും പ്രീത പറയുന്നു. ‘വെല്ലുവിളികൾ ഏറെയുണ്ടാകാം. ലോക്കൽ പൊലീസുണ്ട്. കലാപബാധിത പ്രദേശമാണ്. എന്നാൽ ഇത് വ്യത്യസ്തമായ അനുഭവമാകും തരിക’ – പ്രീത വ്യക്തമാക്കി.