പാടങ്ങളിൽ തീ; ആളുന്നത് ദില്ലി; ദീപാവലിക്ക് ശേഷം വായു മോശമാകുമെന്ന് മുന്നറിയിപ്പ്

Mail This Article
ന്യൂഡൽഹി∙ ഡൽഹിയുടെ അയൽസംസ്ഥാനങ്ങളിൽ പാടത്തു തീയിടുന്നത് കൂടിയെന്നും ദീപാവലിക്കു ശേഷം അന്തരീക്ഷ മലിനീകരണം രൂക്ഷമാകുമെന്നും പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നൽകി. പഞ്ചാബിലും ഹരിയാനയിലും മാത്രമായി സെപ്റ്റംബർ 15നും കഴിഞ്ഞ 8നുമിടെ പാടത്തു തീയിട്ട 528 കേസുകൾ റിപ്പോർട്ട് ചെയ്തെന്ന് ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. അയൽ സംസ്ഥാനങ്ങളിലെ പാടങ്ങളിൽ വൈക്കോലിന് തീയിടുന്നതാണു ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. എന്നാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
‘ഒക്ടോബർ അവസാനത്തോടെയും നവംബറിലും ഡൽഹിയുടെ അയൽസംസ്ഥാനങ്ങളിൽ പാടത്ത് തീയിടുന്നത് കൂടും. വാഹനങ്ങൾ പുറന്തള്ളുന്ന പുകയും പൊടിയും വ്യവസായശാലകളിൽ നിന്നുള്ള മലിനീകരണവും കൂടിയാകുമ്പോൾ വായുമലിനീകരണം ഇരട്ടിയാകും. കാറ്റിനു ശക്തിയില്ലാത്തതും തണുത്ത കാലാവസ്ഥയും സ്ഥിതി കൂടുതൽ ദുഷ്കരമാക്കും’– പരിസ്ഥിതി വിദഗ്ധൻ സുനിൽ ദഹിയ പറഞ്ഞു.
‘ശൈത്യകാലം കടുക്കും മുൻപേയാണ് ഇത്തവണ ദീപാവലി ആഘോഷങ്ങൾ നടക്കുന്നത്. പാടത്ത് തീയിടുന്നത് തടയുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണ നടപടികൾ എത്രത്തോളം ഫലവത്തായെന്നു മനസ്സിലാക്കാൻ നവംബർ കഴിയണം’– സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിലെ റിസർച് ആൻഡ് അഡ്വക്കസി എക്സിക്യൂട്ടീവ് ഡയറക്ടർ അനുമിത ചൗധരി പറഞ്ഞു. വായുമലിനീകരണവുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പരാതികൾ അടിയന്തരമായി പരിഹരിക്കണമെന്ന് കമ്മിഷൻ പോർ എയർ ക്വാളിറ്റി മാനേജ്മെന്റ് മലിനീകരണ നിയന്ത്രണ ബോർഡിനു നിർദേശം നൽകിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന പരാതികളും ഗൗരവമായെടുക്കണം. മലിനീകരണ നിയന്ത്രണ നിർദേശങ്ങൾ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കണമെന്നും നിർദേശിച്ചു.
യമുനയിലെ മാലിന്യം വൻതോതിൽ കൂടി: ഹൈക്കോടതി; ശ്രംവിഹാർ കോളനി ഒഴിപ്പിക്കലിന് സ്റ്റേ ഇല്ല
ന്യൂഡൽഹി∙ യമുനയിലെ മാലിന്യത്തിന്റെ അളവ് മുൻകാലങ്ങളെ അപേക്ഷിച്ച് വൻതോതിൽ വർധിച്ചെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. യമുന തണ്ണീർത്തടത്തിലെ അനധികൃത കോളനി ഒഴിപ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി കോടതി തള്ളിയാണ് കോടതിയുടെ നിരീക്ഷണം. നീരൊഴുക്കു തടസ്സപ്പെടുത്തുന്ന രീതിയിലല്ല ശ്രംവിഹാർ കോളനി സ്ഥിതി ചെയ്യുന്നതെന്ന വാദം കോടതി കണക്കിലെടുത്തില്ല. നദീതട വികസനത്തിനുള്ള പ്രദേശത്ത് ഒരുതരത്തിലുള്ള കയ്യേറ്റങ്ങളും അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
യമുനയിലെ മനുഷ്യവിസർജനത്തിന്റെ തോത് വർധിച്ചെന്ന ഡൽഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയുടെ റിപ്പോർട്ടും വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ സെപ്റ്റംബറിൽ നദീജലം പരിശോധിച്ചപ്പോൾ മനുഷ്യവിസർജ്യത്തിന്റെ സാന്നിധ്യം എക്കാലത്തെയും അപേക്ഷിച്ച് ഉയർന്ന തോതിലാണെന്നാണു റിപ്പോർട്ട്. കോളനി സ്ഥിതി ചെയ്യുന്നത് പരിസ്ഥിതിലോല മേഖലയിലാണെന്ന് ഡിഡിഎ വാദിച്ചു. യമുന നവീകരണ പദ്ധതി പ്രദേശത്തോട് ചേർന്ന് കിടക്കുന്ന ഈ സ്ഥലം ഒഴിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി.