ADVERTISEMENT

ന്യൂഡൽഹി ∙ നട്ടുച്ചയ്ക്കും ഇരുണ്ടുമൂടിക്കെട്ടിയ അന്തരീക്ഷം, 50 മീറ്ററിനപ്പുറം കാഴ്ച വ്യക്തമല്ല. രാപകൽ മൂടിനിന്ന പുകമഞ്ഞ് ഡൽഹിയെ ശ്വാസംമുട്ടിക്കുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ‘സമീർ’ ആപ്പിലെ വിവരമനുസരിച്ച് ഐപി എക്സ്റ്റൻഷൻ, ഇന്ദർലോക്, ജഹാംഗിർപുരി, ശാഹ്ദ്ര, ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയം, കൽക്കാജി, കരോൾബാഗ്, കശ്മീരി ഗേറ്റ്, ആനന്ദ് വിഹാർ, മുണ്ട്ക, ദ്വാരക സെക്ടർ 8, രോഹിണി എന്നിവിടങ്ങളിൽ എക്യുഐ 500ന് മുകളിലെത്തി.പുകമഞ്ഞ് കനത്തതോടെ മിക്ക സ്ഥലങ്ങളിലും ആളുകൾക്ക് കണ്ണിൽ നിന്നു വെള്ളം വരികയും നീറ്റൽ അനുഭവപ്പെടുകയും ചെയ്തു.

ശ്വാസതടസ്സവും ചുമയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. ഡൽഹി–എൻസിആർ മേഖലയിൽ ഗ്രേഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാൻ –4 നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കണമെന്ന് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് നിർദേശം നൽകി.ഡൽഹി സർവകലാശാലയിലെ ശഹീദ് ഭഗത്‌ സിങ് കോളജ് ഉൾപ്പെടെ ക്ലാസുകൾ ഓൺലൈനാക്കി. ‘പൂർണ പരിഹാരമല്ലെങ്കിലും എല്ലാവരും എൻ–95 മാസ്ക്കുകൾ നിർബന്ധമായും ധരിക്കണം.

ആരോഗ്യമുള്ളവർക്ക് പോലും ഈ കാലാവസ്ഥയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടാകാം’– ജിടിബി ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ.രാജേഷ് ശർമ പറഞ്ഞു.‘കഴിയുന്നതും പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാസ്ക് ഇല്ലാതെ പുറത്തിറങ്ങരുത്. കുട്ടികളും പ്രായമായവരും ഗർഭിണികളും മറ്റ് അസുഖങ്ങളുള്ളവരും പ്രത്യേകം കരുതലെടുക്കണം’– ഗംഗാറാം ആശുപത്രിയിലെ സീനിയർ കൺസൽറ്റന്റ് ഡോ. ഉജ്വൽ പ്രകാശ് പറഞ്ഞു.

പൊതു, സ്വകാര്യ മേഖലയിലെ എല്ലാ നിർമാണപ്രവർത്തനങ്ങളും വിലക്കിയുള്ള ഗ്രാപ് 4 നിയന്ത്രണങ്ങൾ ഇന്നലെ രാവിലെ മുതൽ ഡൽഹിയിൽ നിലവിൽവന്നു. മലിനീകരണം രൂക്ഷമായതോടെ എയർ പ്യൂരിഫയറുകളുടെ വിൽപനയും വർധിച്ചു. ‘ദീപാവലിക്ക് ശേഷം ഒരുദിവസം ശരാശരി 20 പ്യൂരിഫയറുകൾ വിറ്റിരുന്നു. ഇപ്പോൾ ഒരു ദിവസം 40 എണ്ണം വിൽക്കുന്നുണ്ട്’– ഇന്ദിരാപുരത്തെ എയർ എക്സ്പർട്ട് ഇന്ത്യയുടെ ഉടമ വിജേന്ദ്ര മോഹൻ പറഞ്ഞു.

കേന്ദ്രത്തിനെതിരെ അതിഷി‌
അയൽ സംസ്ഥാനങ്ങളിൽ പാടത്തു വൈക്കോൽ കത്തിക്കുന്നത് കൊണ്ടാണ് സ്ഥിതി രൂക്ഷമായതെന്ന് മുഖ്യമന്ത്രി അതിഷി ആരോപിച്ചു. ‘മോദി സർക്കാർ രാഷ്ട്രീയം കളിക്കുന്നതല്ലാതെ ഇതു തടയാൻ ഒരു നടപടിയുമെടുക്കുന്നില്ല. ഡൽഹിയിലെ ജനങ്ങൾ ഗ്യാസ് ചേംബറിലെന്ന പോലെ കഴിയുമ്പോൾ ബിജെപി ഭരിക്കുന്ന അയൽസംസ്ഥാനങ്ങളായ ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പാടത്തു തീയിടുന്നത് തുടരുകയാണ്. എഎപി ഭരിക്കുന്ന പഞ്ചാബിൽ ഇത്തരം കേസുകൾ കുറഞ്ഞെന്നാണ് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നത്’– അതിഷി പറഞ്ഞു.

ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം
വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാൻ ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം ഏർപ്പെടുത്തുന്നത് വിദഗ്ധരുടെ ഉപദേശം അനുസരിച്ച് മാത്രമായിരിക്കുമെന്നു പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. മലിനീകരണം കുറയ്ക്കാൻ ഈ രീതിയിലുള്ള വാഹന നിയന്ത്രണം ഫലപ്രദമാണോ എന്ന് കഴിഞ്ഞ വർഷം സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു.

മാസ്ക് വിതരണം ചെയ്ത് ബിജെപി
വായുമലിനീകരണം രൂക്ഷമായതോടെ മെട്രോ സ്റ്റേഷനുകളുടെ പുറത്ത് ബിജെപി മാസ്ക് വിതരണം നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ, പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത, എംപിമാരായ രാംവീർ സിങ് ബിദുഡി, പ്രവീൺ ഖണ്ഡേൽവാൾ എന്നിവർ നേതൃത്വം നൽകി. ‘സർക്കാരിന്റെ ഭരണപരാജയമാണു ഡൽഹിയിലെ സ്ഥിതി ഇത്ര രൂക്ഷമാക്കിയത്. മലിനീകരണം നിയന്ത്രിക്കാൻ മുൻവർഷങ്ങളിൽ ഒരു നടപടിയും സ്വീകരിക്കാതിരുന്നതാണ് ഈ വർഷം സ്ഥിതി ഇത്ര ഗുരുതരമാകാനിടയാക്കിയത്’– വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.

എംസിഡി അധ്യാപകരുടെ പരാതി
ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തിയിട്ടും സ്കൂളിലെത്താൻ അധികൃതർ നിർബന്ധിക്കുകയാണെന്നു ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ കീഴിലുള്ള അധ്യാപകർ പരാതിപ്പെട്ടു. ‘വായുമലിനീകരണം ഇത്രയേറെ രൂക്ഷമായിട്ടും ഓൺലൈൻ ക്ലാസെടുക്കാൻ സ്കൂളിൽ എത്തണമെന്നാണു നിർദേശിക്കുന്നത്. കുട്ടികളെല്ലാവരും വീട്ടിലിരുന്നു പഠിക്കുമ്പോൾ അധ്യാപകർ മാത്രമെന്തിനാണു സ്കൂളിലെത്തുന്നത്. അധ്യാപകരുടെ ആരോഗ്യം അപകടത്തിലാക്കുന്ന നടപടി പിൻവലിക്കണം’– അധ്യാപക സംഘടന ശിഷക് ന്യായ് മഞ്ച് പ്രസിഡന്റ് കുൽദീപ് സിഹ് ഖത്രി പറഞ്ഞു.

വേണം, വർക്ക് ഫ്രം ഹോം 
വായുമലിനീകരണം രൂക്ഷമായതോടെ ഡൽഹിയിൽ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസസ് ഓഫിസേഴ്സ് ഫോറം ആവശ്യപ്പെട്ടു. പഴ്സനേൽ വകുപ്പ് സെക്രട്ടറിക്കു നൽകിയ കത്തിൽ, വായുമലിനീകരണം ജോലിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി. വർക്ക് ഫ്രം ഹോം ഏർപ്പെടുത്തുകയോ ജോലിസമയത്തിൽ മാറ്റം വരുത്തുകയോ വേണമെന്ന് സിഎസ്എസ് ഫോറം ജനറൽ സെക്രട്ടറി അശുതോഷ് മിശ്ര നൽകിയ കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
∙ ആസ്മ പോലെ ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവരും അലർജിയുള്ളവരും പ്രത്യേകം കരുതലെടുക്കണം. നിലവിൽ ചികിത്സ തേടുന്നുണ്ടെങ്കിൽ തുടരണം. മുൻകരുതലെന്ന നിലയിൽ ആരോഗ്യവിദഗ്ധരുടെ അഭിപ്രായം തേടണം.
∙ എൻ95, എൻ99 മാസ്ക്കുകൾ ഉപയോഗിക്കുക.
∙ മലിനീകരണം രൂക്ഷമായ ദിവസങ്ങളിൽ കൂടുതൽ നേരവും മുറികളിലിരിക്കുക. ശുദ്ധവായു ഉറപ്പാക്കാൻ എക്സോസ്റ്റ് ഫാനുകൾ ഉപയോഗിക്കാം. 
∙ മലിനവായു വീട്ടിൽ കടക്കുന്നത് തടയാൻ കട്ടിയുള്ള കർട്ടനുകൾ ഉപയോഗിക്കാം.
∙ വിനോദങ്ങളും വ്യായാമങ്ങളും ഇൻഡോർ ആക്കണം. 
∙ പുകവലി പൂർണമായും ഒഴിവാക്കണം.
∙ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. 
∙ നിർജലീകരണം ഒഴിവാക്കാൻ നന്നായി വെള്ളം കുടിക്കണം.
∙ പ്രതിരോധശേഷി, ആന്റിഓക്സിഡന്റ്സ് എന്നിവ ഉറപ്പാക്കാൻ പഴങ്ങൾ, പച്ചക്കറികൾ, നട്സ് തുടങ്ങിയവ കഴിക്കണം.

സർക്കാരിനോട് സുപ്രീംകോടതി; ഗ്രാപ് 4 നടപ്പാക്കാൻ വൈകിയതെന്ത്?

ന്യൂഡൽഹി ∙   വായു ഗുണനിലവാര സൂചിക (എക്യുഐ) 450നു താഴെയെത്തിയാലും കോടതിയുടെ നിർദേശമില്ലാതെ ഗ്രേഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാൻ–4 (ഗ്രാപ് 4) പിൻവലിക്കരുതെന്ന് സുപ്രീംകോടതി. ഗ്രാപ് 3, ഗ്രാപ് 4 നിയന്ത്രണ നടപടികൾ ഏർപ്പെടുത്താൻ വൈകിയ കമ്മിറ്റി ഓഫ് എയർ ക്വാളിറ്റി മാനേജ്മെന്റിന്റെയും ഡൽഹി സർക്കാരിന്റെയും നടപടികളിൽ അതൃപ്തിയുണ്ടെന്നും സുപ്രീം കോടതി അറിയിച്ചു.

ഡൽഹിയിൽ നവംബർ 12ന് തന്നെ എക്യുഐ 400 കടന്നിരുന്നു. നവംബർ 14ന് മാത്രമാണ് ഗ്രാപ് 3 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഗ്രാപ് 4 നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ എക്യുഐ 450ന് മുകളിലെത്തുന്നതുവരെ കാത്തിരുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. സ്ഥിതി ഇത്രയേറെ വഷളാകുന്നതിനു മുൻപ് നിയന്ത്രണ നടപടികൾ ഏർപ്പെടുത്തേണ്ടയായിരുന്നെന്നും ജഡ്ജിമാരായ അഭയ് എസ്.ഓക, എ.ജെ.മസി എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. 

മലിനീകരണ മുക്തമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള സാഹചര്യമൊരുക്കുക എന്നത് സർക്കാരുകളു‌ടെ ഭരണഘടനാപരമായ കടമയാണ്. ഗ്രാപ് 4 നിയന്ത്രണങ്ങൾക്കു പുറമേ മലിനീകരണം കുറയ്ക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. ഔദ്യോഗികമായി പരിഗണിക്കേണ്ട എക്യുഐ ഏത് ഏജൻസിയുടേതായിരിക്കണമെന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്നു തീരുമാനിക്കും.

പ്രധാന നിർദേശങ്ങൾ
∙ ഡൽഹിക്കു പുറമേ ദേശീയ തലസ്ഥാന മേഖലയിൽപെടുന്ന മറ്റു സംസ്ഥാനങ്ങളിലും (എൻസിആർ) ഗ്രാപ് 4 നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കണം.

∙ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കാൻ പ്രത്യേക സമിതികൾ രൂപീകരിക്കണം. 

∙ ഗ്രാപ് 4 നിയന്ത്രണ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പരാതിപരിഹാര സമിതികൾ രൂപീകരിക്കണം. 

∙ പരാതികളിൽ കമ്മിറ്റി ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് കർശന നടപടിയെടുക്കണം. 

∙ ഡൽഹിയോട് ചേർന്നുള്ള സംസ്ഥാനങ്ങളിലും 12–ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അവധി നൽകണം.

ഓൺലൈൻ ക്ലാസ്
വായുമലിനീകരണം രൂക്ഷമായതോടെ 10, 12 ക്ലാസുകളിലെ കുട്ടികൾക്കും ഇന്ന് മുതൽ ഓൺലൈൻ ക്ലാസ് ആയിരിക്കും. ഡൽഹി സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലും 23 വരെ ഓൺലൈൻ ക്ലാസ് മാത്രമായിരിക്കും. കോളജുകളിൽ 25 മുതൽ റഗുലർ ക്ലാസ് ആരംഭിക്കും. പരീക്ഷകൾക്കും അഭിമുഖങ്ങളുടെയും തീയതികളിൽ മാറ്റമില്ല.

മാസ്ക് തരൂ വേഗം;  കാണട്ടെ തലസ്ഥാനം
ന്യൂഡൽഹി ∙ അമേരിക്കയിലെ വാഷിങ്ടൻ ഡിസിയിൽ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 45. അവിടെനിന്നാണ് എഴുപതുകാരി നാൻസിയും കൂട്ടുകാരും എക്യുഐ 500നു മുകളിലുള്ള ഡൽഹിയിൽ വന്നിറങ്ങിയത്. ജോലിയിൽ നിന്നു വിരമിച്ചതിനു ശേഷം വിവിധ രാജ്യങ്ങൾ സന്ദർശിച്ച, മുൻ അധ്യാപികയും ലൈബ്രേറിയനുമായിരുന്ന നാൻസി അത്തരത്തിലൊരു യാത്രയുടെ ഭാഗമായാണ് ഇന്ത്യയിലുമെത്തിയത്.

നേപ്പാൾ കാണാനെത്തിയ അഞ്ചംഗ സംഘം അവസാനനിമിഷമാണ് ഇന്ത്യയിലും കറങ്ങാമെന്നു തീരുമാനിച്ചത്. എന്നാൽ, ഡൽഹിയിൽ ഇറങ്ങിയപ്പോൾ  തീരുമാനം തെറ്റിപ്പോയോ എന്ന് സംശയിക്കേണ്ട അവസ്ഥയിലായി. ഡൽഹിയിലെ വായു ശ്വസിച്ചപ്പോൾ, അത്ര പന്തിയല്ല കാര്യങ്ങളെന്ന് മനസ്സിലായതായി സംഘാംഗം ഡയാൻ പറഞ്ഞു. ഉടനെ ടൂർ ഓപ്പറേറ്ററോട് പറഞ്ഞ് മാസ്ക് സംഘടിപ്പിച്ചു. പിന്നീട്, മാസ്ക് ധരിച്ചായിരുന്നു യാത്രകളെല്ലാം.

താജ്മഹൽ, ഹുമയൂൺ ശവകുടീരം, കുത്തബ് മിനാർ, ഇന്ത്യ ഗേറ്റ്, ലോധി ഗാർ‍ഡൻ എന്നിവയെല്ലാം സംഘം സന്ദർശിച്ചു. ഓൾഡ് ഡൽഹിയിലെ ഭക്ഷണവും എല്ലാവർക്കും ഇഷ്ടമായി. ഡൽഹിയിലെ വായു ഒഴിച്ച് ബാക്കിയെല്ലാം നല്ലതാണെന്ന അഭിപ്രായമാണ് നാൻസിക്കും കൂട്ടുകാർക്കും. അതേസമയം, കാനഡയിൽ കാട്ടുതീ പടരുമ്പോൾ വാഷിങ്‌ടനിലെയും വായുനിലവാരം മോശമാകാറുണ്ടെന്നും അമേരിക്കയിലെ അപ്പോഴത്തെ സാഹചര്യം ഡൽഹിയിലെ നിലവിലെ അവസ്ഥയ്ക്ക് സമാനമാണെന്നും അവർ പറഞ്ഞു. എന്തായാലും ഇന്ത്യയിലേക്കുള്ള ആദ്യത്തെ വരവ് തന്നെ പുകമഞ്ഞ‌ിൽ വലഞ്ഞ, മാസ്ക് വച്ചുള്ള ഓർമയാണ് എല്ലാവർക്കും സമ്മാനിച്ചത്.

English Summary:

A thick blanket of smog has engulfed Delhi, causing hazardous air quality and impacting daily life. With AQI levels crossing 500 in several areas, health concerns are on the rise, leading to school closures and the implementation of strict pollution control measures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com