പ്രിയപ്പെട്ട സേവ്യറച്ചന് സ്നേഹത്തോടെ വിട

Mail This Article
ന്യൂഡൽഹി ∙ അന്തരിച്ച ഫാ.സേവ്യർ വടക്കേക്കരയ്ക്കു വികാരനിർഭരമായ യാത്രയയപ്പു നൽകി ഡൽഹി–എൻസിആറിലെ മലയാളി സമൂഹം. ഗാസിയാബാദ് ദാസ്ന ക്രിസ്തുരാജ പള്ളിയിലെ ശുശ്രൂഷകളിൽ ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഫാ.സേവ്യറിന്റെ ജീവചരിത്രം പള്ളിയിൽ വായിച്ചു. കുർബാനയിൽ മീററ്റ് രൂപതാധ്യക്ഷൻ ബിഷപ് ഡോ.ഭാസ്കർ യേശുരാജ് മുഖ്യകാർമികത്വം വഹിച്ചു. വൈദികരും സന്യസ്തരും ഉൾപ്പെടെ ഡൽഹിയിലും പരിസരത്തുമുള്ള ഒട്ടേറെപ്പേർ അന്തിമോപചാരമർപ്പിച്ചു.
ശുശ്രൂഷകൾക്കു ശേഷം മൃതദേഹം ഡൽഹി എയിംസിനു പഠനത്തിനായി കൈമാറി. ക്രിസ്തുജ്യോതി കപ്പൂച്ചിൻ പ്രോവിൻസ് അംഗങ്ങളുടെ നേതൃത്വത്തിലാണു മൃതദേഹം എയിംസിലെത്തിച്ചത്. മാധ്യമപ്രവർത്തകൻ, പുസ്തക പ്രസാധകൻ എന്നീ നിലകളിൽ മൂന്നു പതിറ്റാണ്ടിലേറെക്കാലം ഡൽഹിയിലും അയൽസംസ്ഥാനങ്ങളിലും പ്രവർത്തിച്ചിരുന്ന ഫാ.സേവ്യർ വടക്കേക്കര തിങ്കളാഴ്ചയാണ് അന്തരിച്ചത്.