ADVERTISEMENT

ന്യൂഡൽഹി ∙ കേരള ഭക്ഷണത്തിന്റെ തനത് രുചി ഡൽഹിക്കാരെയും വിദേശികളെയുമുൾപ്പെടെ പരിചയപ്പെടുത്തിയിരുന്ന ദില്ലി ഹാട്ടിലെ കേരള ഫുഡ് സ്റ്റാൾ തിരിച്ചുവന്നേക്കും. 10 വർഷത്തിലേറെയായി പൂട്ടിക്കിടക്കുന്ന ‘അനന്ത’ റസ്റ്ററന്റ് കുടുംബശ്രീ വഴി വീണ്ടും തുറക്കാനാണ് നീക്കം.

മുൻപ് കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷന്റെ ചുമതലയിലായിരുന്ന സ്റ്റാൾ കുടുംബശ്രീയെ ഏൽപിക്കാൻ ആലോചനയുണ്ടെന്ന് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി.തോമസ് പറഞ്ഞു.  ഇന്ത്യാ ഗേറ്റിനു സമീപത്ത് കുടുംബശ്രീ കഫേ വിജയമായതോടെയാണ്  ‘അനന്ത’ റസ്റ്ററന്റ് വീണ്ടും തുറക്കാൻ ആലോചന തുടങ്ങിയത്. ഐഎൻഎ മാർക്കറ്റിനു സമീപത്തെ ദില്ലി ഹാട്ടിലുള്ള ‘അനന്ത’ 2014 ജൂലൈ 31നാണ് അടച്ചത്.  

ഡൽഹിയുടെ മലയാളി രുചി
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തനത് ഉൽപന്നങ്ങൾ ലഭിക്കുന്ന ദില്ലി ഹാട്ടിൽ സ്ഥിരമായി സ്റ്റാൾ ലഭിച്ച 3 സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കേരളം. 1994ൽ ദില്ലി ഹാട്ട് തുടങ്ങിയതു മുതൽ 14–ാം നമ്പർ സ്റ്റാളിൽ കേരളത്തിന്റെ ‘അനന്ത’ ഭക്ഷണശാലയുമുണ്ടായിരുന്നു. 

സംസ്ഥാനങ്ങളിലെ കരകൗശല വസ്തുക്കൾക്കൊപ്പം വിവിധ ഭക്ഷണ വിഭവങ്ങൾ ആസ്വദിക്കാനും നാടൻ കലാരൂപങ്ങൾ പരിചയപ്പെടാനും ഒട്ടേറെപ്പേർ എത്തുന്ന ഇടമാണ് ദില്ലി ഹാട്ട്.  വേഗം തന്നെ സന്ദർശകരുടെ ഇഷ്ടകേന്ദ്രമായി ‘അനന്ത’ മാറി.

നടത്തിപ്പിന് മാനേജരും 5 താൽക്കാലിക ജീവനക്കാരുമാണ് ‘അനന്ത’യിലുണ്ടായിരുന്നത്. അപ്പം, സ്റ്റൂ, കപ്പ, പൊറോട്ട, മീൻ കറി, ബീഫ് കറി തുടങ്ങിയ കേരള രുചികൾ നൽകിയപ്പോൾ സന്ദർശകർ വർധിച്ചു.  വില അൽപം കൂടുതലായിരുന്നെങ്കിലും വിഭവങ്ങൾ നല്ല നിലവാരം പുലർത്തിയിരുന്നതായി രുചി ആസ്വദിച്ചവർ  പറയുന്നു.

രാജ്യാന്തര വ്യാപാര മേളയിലും മറ്റും പ്രത്യേക സ്റ്റാളുകളും ഫുഡ് ഫെസ്റ്റിവലുകളും അനന്ത നടത്തിയിരുന്നു. എന്നാൽ ക്രമേണ  സർക്കാരിനും നാട്ടിലെ കെടിഡിസി ഉദ്യോഗസ്ഥർക്കും താൽപര്യം കുറഞ്ഞു. പുതിയ ഉദ്യോഗസ്ഥർ ഡൽ‍ഹിയിലേക്ക് വരാൻ കൂട്ടാക്കാതെയുമായി. 2014ൽ അന്നത്തെ മാനേജർ വിരമിച്ചതോടെ ‘അനന്ത’യുടെ താൽക്കാലിക അന്ത്യമായി.  

വീണ്ടും തുറക്കാൻ  കടമ്പകളേറെ
ഡൽഹി ടൂറിസം വകുപ്പാണ് സംസ്ഥാനത്ത് മൂന്നിടത്തായി ‘ദില്ലി ഹാട്ട്’ നടത്തുന്നത്. ഇവിടങ്ങളിലെ സ്ഥിരം സ്റ്റാളുകൾ അതത് സംസ്ഥാനങ്ങളിലെ ടൂറിസം വകുപ്പുകൾ വഴി മാത്രമാണ് ലഭിക്കുക.  കേരളത്തിന് കെടിഡിസി വഴിയാണ് സ്റ്റാൾ  ലഭിച്ചത്. 20,000 രൂപയായിരുന്നു  വാടക.

2014ൽ കെടിഡിസി പിൻമാറിയതോടെ സ്റ്റാൾ ബിഹാർ ടൂറിസം വകുപ്പിനു കൈമാറി. എന്നാൽ ഏതാനും വർഷത്തിനുശേഷം ബിഹാറും സ്റ്റാൾ നിർത്തി. കേരളം ആവശ്യപ്പെട്ടാൽ സ്റ്റാൾ വീണ്ടും നൽകാൻ ഡൽഹി ടൂറിസം വകുപ്പ് തയാറാണ്. എന്നാൽ, കെടി‍ഡിസി മുൻ‌കയ്യെടുക്കണം. കുടുംബശ്രീക്ക്  കെടി‍ഡിസിയാണ് സ്റ്റാൾ വാടകയ്ക്കെടുത്ത് കൈമാറേണ്ടത്. ഇതിനു രണ്ടു വകുപ്പുകൾ ആദ്യം ധാരണയിലെത്തണം. മറ്റു പല സംസ്ഥാനങ്ങളും സ്റ്റാളുകൾ സ്വകാര്യ വ്യക്തികൾക്ക് കരാറിന് നൽകിയിരിക്കുകയാണ്. കുടുംബശ്രീക്ക് സ്റ്റാൾ ലഭിച്ചാലും നിലവിലെ വാടക വളരെ ഉയർന്നതാണ്.    ഇതനുസരിച്ചുള്ള കച്ചവടം ലഭിക്കുമോ എന്നതുൾപ്പെടെ പരിശോധിച്ചായിരിക്കും നടപടി തീരുമാനിക്കുകയെന്ന് അധികൃതർ പറഞ്ഞു.

English Summary:

Anantha restaurant, a beloved Kerala eatery in Delhi Haat, is poised for a comeback. Kudumbashree, a Kerala empowerment program, is working to revive the restaurant, bringing the authentic tastes of Kerala to Delhi food lovers once again.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com