ഇന്ദിരാഗാന്ധി വിമാനത്താവളം ടി1 പ്രവർത്തനം പൂർണതോതിലാകുക ഏപ്രിൽ 15 മുതൽ

Mail This Article
ന്യൂഡൽഹി ∙ മുഖം മിനുക്കി, മോടി കൂട്ടി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനൽ (ടി1). നവീകരണം പൂർത്തിയാക്കി ഏപ്രിൽ 15 മുതൽ ടി1 പൂർണതോതിൽ പ്രവർത്തനം തുടങ്ങും. അതോടെ നിലവിൽ ടി2വിൽ നിന്നുള്ള വിമാന സർവീസുകൾ ടി1 ലേക്ക് മാറ്റും. 270 മുതൽ 280 വരെ വിമാനങ്ങളാണ് ടി2ൽ ഇപ്പോൾ വന്നുപോകുന്നത്. ഇവ കൂടുതൽ സൗകര്യങ്ങളുള്ള ടി1ലേക്ക് മാറ്റുന്നതോടെ വിമാനത്താവളത്തിലെ തിരക്ക് കുറഞ്ഞ് പ്രവർത്തനം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
പ്രധാനമായും ഇൻഡിഗോ, ആകാശ കമ്പനികളുടെ വിമാനങ്ങളാണ് ടി1ലേക്ക് മാറുക. ടി2ലും ടി3യിലുമുള്ള വിമാനങ്ങളുടെ സർവീസുകൾ വീതിക്കുകയും കൂടുതൽ പുതിയ സർവീസുകൾ കൂട്ടിച്ചേർക്കുകയും ചെയ്യുമെന്ന് ഡൽഹി ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ്(ഡയൽ) അറിയിച്ചു. മാറ്റങ്ങൾക്കനുസരിച്ച് വിമാനങ്ങൾ ക്രമീകരിക്കാൻ വിമാനക്കമ്പനികളോട് ഡയൽ നിർദേശിച്ചിട്ടുണ്ട്.
നമ്പർ വൺ എയർപോർട്ട്, നമ്പർ വൺ ടെർമിനൽ
പ്രതിവർഷം 10 കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഇന്ത്യയിലെ ഏക വിമാനത്താവളമാണ് ഡൽഹി. വിമാനത്താവളത്തിന്റെ മൂന്ന് ടെർമിനലുകളുടെ പ്രതിവർഷ ശേഷി- ടി1ന് 40 ദശലക്ഷം, ടി2– 15 ദശലക്ഷം, ടി 3– 45 ദശലക്ഷം.എയർപോർട്ട് കാർബൺ അക്രഡിറ്റേഷൻ പ്രോഗ്രാമിന്റെ ഭാഗമായി, നെറ്റ് സീറോ കാർബൺ എമിഷൻ എയർപോർട്ട് ആയി മാറുന്ന ഏഷ്യയിലെ ആദ്യത്തെ വിമാനത്താവളം കൂടിയാണ് ഡൽഹി.
∙വലുപ്പം നാലിരട്ടി– നിലവിലെ ടെർമിനലിന്റെ വലുപ്പം നാലിരട്ടിയാക്കും. ആഗമന, പുറപ്പെടൽ ടെർമിനലുകൾ സംയോജിപ്പിച്ച് വിസ്തീർണം 55,740 ചതുരശ്ര മീറ്ററിൽ നിന്ന് 2,06,950 ചതുരശ്ര മീറ്ററായാണ് ഉയർത്തുന്നത്. അതോടെ, അടിസ്ഥാന സൗകര്യങ്ങളും വർധിക്കും. ടെർമിനലിൽ കൃത്രിമ വെളിച്ചം പരമാവധി കുറച്ച് സ്വാഭാവിക വെളിച്ചത്തിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്.
ഹൈടെക് ടെർമിനൽ
ഒന്നാം ടെർമിനലിൽ ജീവനക്കാരുടെ എണ്ണം പരമാവധി കുറച്ച് ഹൈടെക് സൗകര്യങ്ങളോടെ വേഗത്തിലുള്ള ചെക്–ഇൻ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
∙എല്ലാ ഗേറ്റിലും ഡിജി യാത്ര സംവിധാനം
∙സുരക്ഷാ പരിശോധന എളുപ്പമാക്കാൻ 20 ഓട്ടമാറ്റിക് ട്രേ
റിട്രീവൽ സിസ്റ്റം
∙വ്യക്തിഗത ബാഗേജ് കാരിയർ സിസ്റ്റം
∙ചെക്–ഇൻ ചെയ്യാൻ 108 സെൽഫ് സർവീസ് കിയോസ്കുകൾ
∙100 ചെക്–ഇൻ കൗണ്ടറുകളും 36 സെൽഫ് ബാഗേജ് ഡ്രോപ് സംവിധാനവും
∙ബാഗേജുകൾ എത്തിക്കാൻ 70 മീറ്ററുള്ള 10 റീ ക്ലെയിം കൺവേയറുകൾ
∙ഒരു മണിക്കൂറിൽ 6000 ബാഗുകൾ കൈകാര്യം ചെയ്യാൻ സാധിക്കും വിധമുള്ള സൗകര്യങ്ങൾ.
∙ചെക്–ഇൻ കേന്ദ്രങ്ങൾ 5 ആക്കി.
കൂടുതൽ സൗകര്യങ്ങൾ
∙ 29 പ്രവേശന കവാടങ്ങൾ
∙ വിശാലമായ ഫുഡ് കോർട്ട്
∙ പുതിയ പ്രാർഥനാ മുറി, യോഗ സെന്റർ
∙ പ്രത്യേക നിശ്ശബ്ദ മേഖല
∙ കൂടുതൽ ലൗഞ്ചുകൾ, ഗ്രൂപ്പ് സീറ്റിങ്, മൊബൈൽ, ലാപ്ടോപ് ചാർജിങ് സ്റ്റേഷനുകൾ.
∙ മെഡിക്കൽ, ബേബി കെയർ മുറികൾ
∙ സ്മാർട്ട് ശുചിമുറികൾ