ഒരു ദിവസം ഒരു ചിത്രം; സമ്മർദം കുറയ്ക്കാൻ മലയാളി മാർഗം

Mail This Article
∙ ഒരുതരത്തിലുള്ള സമ്മർദവുമില്ലാതെ ജീവിക്കുന്ന എത്രപേരെ അറിയാം? കുഞ്ഞുങ്ങൾ മുതൽ റിട്ടയർമെന്റ് ആഘോഷിക്കുന്നവർ വരെ ഏറിയും കുറഞ്ഞും സമ്മർദങ്ങൾ നേരിടുന്നു. അത്തരം സാഹചര്യങ്ങളെ മറികടക്കാൻ യോഗ, ധ്യാനം, വ്യായാമം, പാട്ടുകേൾക്കൽ, യാത്ര, വായന തുടങ്ങി പലതും പരീക്ഷിക്കുന്നവരുണ്ട്. റാന്നി പെരുനാട് സ്വദേശി ഷാജി തോമസ് വള്ളിക്കാലായിക്കുള്ളത് മറ്റൊരു മാർഗമാണ്. ദിവസവും ചിത്രം വരയ്ക്കും. മനസ്സിൽ പതിഞ്ഞ ദൃശ്യത്തെയാണ് ഷാജി കടലാസിലേക്കു പകർത്തുന്നത്. അതിൽ മുഴുകുമ്പോൾ ‘സ്ട്രെസ് ഫ്രീ’ ആകുന്നുവെന്നാണ് ഷാജിയുടെ അനുഭവം.
ഷാജി ‘റിലാക്സ്’ ആയപ്പോൾ ഫരീദാബാദ് ഗ്രീൻഫീൽഡിലെ വീട് ചിത്രങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുകയാണ്.1985ൽ ഡൽഹിയിലെത്തിയ ഷാജി സിവിൽ ഡിപ്ലോമ ബിരുദധാരിയാണ്. 2000വരെ എൻജിനീയറായി ജോലി നോക്കി. പിന്നീട്, സാറാസ് കൺസ്ട്രക്‌ഷൻ എന്ന പേരിൽ സ്വന്തമായി സ്ഥാപനം തുടങ്ങി.
ചിത്രരചന പഠിച്ചിട്ടില്ലാത്ത ഷാജി ചെറുപ്പകാലം മുതൽ ചിത്രം വരച്ചിരുന്നു. മണലും ജലച്ചായവും അക്രിലിക്കുമൊക്കെയായിരുന്നു ഇഷ്ട മാധ്യമങ്ങൾ. ഒരുവർഷം മുൻപുവരെ ചിത്രരചന ഒഴിവുവേളകളിലെ വിനോദം മാത്രമായിരുന്നു. കൺസ്ട്രക്ഷൻ സൈറ്റിലെ തിരക്കുകൾക്കിടയിലാണ് എന്തുകൊണ്ട് ദിവസവും ഒരു ചിത്രം വരച്ചുകൂടാ എന്ന ചിന്തയുണ്ടാകുന്നത്.
കഴിഞ്ഞ 6 മാസത്തിനിടെ ഇരുനൂറിലേറെ പെൻസിൽ പോർട്രെയ്റ്റുകൾ വരച്ചിട്ടുണ്ട്. ജോലിത്തിരക്ക് കഴിഞ്ഞ് സ്വസ്ഥമായി രാത്രി ചിത്രരചന തുടങ്ങും. ചിരട്ടയും മറ്റും ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിർമാണവും വിനോദമാണ്. തിരക്കുകൾ ജീവിതത്തെ വരിഞ്ഞുമുറുക്കുമ്പോൾ മനസ്സിനു സന്തോഷം നൽകുന്ന ഹോബികൾക്കായി സമയം കണ്ടെത്തുന്നതാണ് ഗുണകരമാകുമെന്നാണ് അനുഭവം. സാലമ്മയാണ് ഷാജിയുടെ ഭാര്യ. മക്കളായ സെബിനും സാറയും മരുമകൾ അൻസുവും പേരക്കുട്ടി കെയ്ഡനും ഒപ്പമുണ്ട്.