പട്ടാമ്പി റെയിൽവേ സ്റ്റേഷൻ– ബസ് സ്റ്റാൻഡ് എളുപ്പ വഴി അടയ്ക്കുന്നു

Mail This Article
പട്ടാമ്പി ∙ റെയിൽവേ സ്റ്റേഷനിൽനിന്ന് ബസ് സ്റ്റാൻഡിലേക്ക് ഇറങ്ങുന്ന എളുപ്പ വഴി അടയ്ക്കാൻ റെയിൽവേ നീക്കം. പതിറ്റാണ്ടുകളുടെ പഴക്കമുള്ള വഴി അടയ്ക്കരുതെന്ന് നാട്ടുകാർ. വഴി അടയ്ക്കുന്നതിന്റ ഭാഗമായി റെയിൽവേ ഇന്നലെ, സ്റ്റേഷനിൽനിന്ന് ബസ് സറ്റാൻഡിലേക്ക് ഇറങ്ങുന്ന വഴിയിലെ പടികൾ പൊളിച്ച് നീക്കി. മണ്ണ് മാന്തി യന്ത്ര സഹായത്തോടെ പടികൾ പൊളിച്ച് മാറ്റാൻ തുടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധവുമായി എത്തി. കോവിഡ് ലോക് ഡൗൺ കാലമായതിനാൽ സംഘടിക്കാൻ കഴിയാത്തതിനാൽ പ്രതിഷേധക്കാരുടെ എണ്ണം കുറവായത് റെയിൽവേക്ക് സഹായമായി.
യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ കെ. ആർ. നാരായണ സ്വാമിയുടെ നേതൃത്വത്തിൽ നഗരസഭ കൗൺസിലർമാരായ എ.കെ. അക്ബർ , കെ. ബഷീർ, എം.കെ. മുഷ്താഖ്, കോൺഗ്രസ് നേതാക്കളായ ജിതേഷ് മോഴിക്കുന്നം, ഉമ്മർ കിഴായൂർ എന്നിവരെത്തി പ്രതിഷേധം അറിയിച്ചതോടെ പണി താൽക്കാലികമായി നിർത്തിവച്ചു. പുരാതനമായുള്ളു വഴിയാണെന്നും നുറ് കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന വഴിയായയാതിൽ നേരത്തെ പല തവണ അടയ്ക്കാൻ നടന്ന നീക്കങ്ങളെല്ലാം നാട്ടുകാരുടെ അഭ്യർഥനയെ മാനിച്ച് റെയിൽവേ മാറ്റി വച്ചിട്ടുണ്ടെന്നും പ്രതിഷേധക്കാർ റെയിൽവേ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. ഡിആർഎം നെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സമയം അനുവദിക്കണമെന്ന ഇവരുടെ ആവശ്യം പരിഗണിച്ചാണ് പണി താൽക്കാലികമായി നിർത്തിയത്.
പണി താൽക്കാലികമായി നിർത്തിയെങ്കിലും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പുനരാരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കോവിഡ് വ്യാപന ഭീതിയെ തുടർന്ന് ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളെല്ലാം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും വഴി അടയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നുമാണ് റെയിൽവേ അധികൃതരുടെ നിലപാട്. സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് ഇറങ്ങുന്ന വഴിയെക്കുറിച്ച് റെയിൽവേക്ക് നേരത്തെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സ്റ്റേഷനിൽ സാമൂഹിക വിരുദ്ധരുടെയും അലഞ്ഞ് തിരിയുന്നവരുടെയും യാചകരുടെയും കഞ്ചാവ് വിൽപനക്കാരുടെയുമെല്ലാം ശല്യം വർധിക്കാൻ ഇൗ വഴി കാരണമെന്നാണ് പരാതിയെന്നും റെയിൽവേ സംരക്ഷണ സേന ഉദ്യോഗസ്ഥർ പറഞ്ഞു.
കോവിഡ് വ്യാപന ഭീതിയുള്ളതിനാൽ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന പ്രധാന വഴിയൊഴികെയുള്ള വഴികളെല്ലാം ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് മുൻപ് തന്നെ എല്ലാ സ്റ്റേഷനിലും റെയിൽവേ തടയാനാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു.
ആർ പി എഫ് സർക്കിൾ ഇൻസ്പെക്ടർ മനോജ് കുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ആർപിഎഫ് സംഘം സ്ഥലത്തെത്തിയിരുന്നു. അതേ സമയം പ്രശ്നത്തിൽ ഇടപെടാമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി അറിയിച്ചെന്നും തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻപ് റെയിൽവേ അധികൃതരുമായി എംപി ചർച്ച നടത്തുമെന്നും യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ കെ.ആർ. നാരായണസ്വാമി അറിയിച്ചു.