കോഴിക്കാട് – പാലക്കാട് ദേശീയപാത: പട്ടണങ്ങളെയും ജനവാസ കേന്ദ്രങ്ങളെ പരമാവധി ഒഴിവാക്കും, കടന്നു പോകുക ഇങ്ങനെ....

Mail This Article
പാലക്കാട് ∙ പട്ടണങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും പരമാവധി ഒഴിവാക്കിയ പുതിയ കോഴിക്കാട് – പാലക്കാട് ദേശീയപാത നിർദേശം പാലക്കാടിന്റെ ഹരിതപാതയാകും. ഭൂമിയെടുത്ത് പൂർണമായും പുതിയ റോഡ് നിർമിക്കുന്ന പദ്ധതിയാണ് ഉദ്ദേശിക്കുന്നത്.നിർദിഷ്ട പാത കഞ്ചിക്കോടിന് അടുത്തുള്ള പുതുശ്ശേരിയിൽ നിന്നാണ് ആരംഭിക്കുക. പാലക്കാട്ജില്ലയിൽ 66 കിലോമീറ്റർ ദൂരമുണ്ടാകും.
നരകംപള്ളി, കല്ലേപ്പുള്ളി, മലമ്പുഴ വഴി കടന്നുപോകുന്ന പാത അകത്തേത്തറ, ഉമ്മിണി, ധോണി, മുട്ടിക്കുളങ്ങര വഴി മുണ്ടൂരിലെത്തും. കല്ലടിക്കോട് മലയടിവാരത്തിലൂടെ തച്ചമ്പാറ, ചിറക്കൽപടി, പൊറ്റശ്ശേരി, പയ്യനെടം, കോട്ടോപ്പാടം വഴി എടത്തനാട്ടുകരയിലെത്തുന്ന പാത തുടർന്ന് ആഞ്ഞിലങ്ങാടി, കാളികാവ് വഴിയാണു കടന്നുപോവുക. ഈ പറയുന്ന പ്രദേശങ്ങളുടെ പേരാണു പദ്ധതി രേഖയിലുള്ളതെങ്കിലും ഇവിടെനിന്ന് ഒന്നു മുതൽ 5 വരെ കിലോമീറ്ററുകൾ മാറിയാണു പാത കടന്നുപോകുന്നത്.
പരമാവധി ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. വനമേഖലയും ഉൾപ്പെടുന്നില്ല. കേന്ദ്രസർക്കാരിന്റെ ഭാരത്‍മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണു പാത വിഭാവനം ചെയ്യുന്നത്. ദേശീയപാത അതോറിറ്റിയുടെ മേൽനോട്ടത്തിൽ തയാറാക്കുന്ന അലൈൻമെന്റ് റിപ്പോർട്ടിന് കലക്ടറുടെ അനുമതി കിട്ടിയാൽ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടും. അതിനു ശേഷമാണ് സാധ്യതാപഠനം, സാങ്കേതിക പഠനം, സാമൂഹിക–സാമ്പത്തിക പഠനം എന്നിവ നടത്തുക.