ഉൗണമ്മ, 51 വർഷത്തെ കൈപ്പുണ്യം ചേർത്ത് 50 രൂപയ്ക്ക് ഉൗണും മീനും

Mail This Article
കല്ലടിക്കോട് ∙ പാർവതിയമ്മയുടെ വീട്ടിലെ നാടൻ ഊണിന്റെ രുചിക്കു പിന്നിലൊരു രഹസ്യക്കൂട്ടുണ്ട്. ഊണിനൊപ്പം ചേർത്തുന്ന വാത്സല്യം! പനയമ്പാടം ജിഎൽപി സ്കൂളിനു സമീപത്തെ വീടിനോടു ചേർന്ന ചെറിയ കടയിൽ ദിവസവും ഊണുകഴിക്കാൻ വരുന്നവരിൽ വിവിഐപികളും സാധാരണക്കാരുമൊക്കെയുണ്ട്. ആരു വന്നാലും തനിക്ക് ഒരുപോലെയാണെന്നു നാട്ടുകാർ അമ്മമ്മയെന്നും ഉണ്ണിയമ്മയെന്നും വിളിക്കുന്ന എഴുപത്തിയഞ്ചുകാരിയായ പാർവതിയമ്മ പറയുന്നു. ബ്ലോഗർമാർ എറ്റെടുത്തതോടെയാണ് അമ്മമ്മ താരമായത്.
എൻ.എസ്. മാധവൻ അടക്കമുള്ള പ്രമുഖർ ട്വിറ്ററിൽ ഉൾപ്പെടെ ഇവരുടെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. 50 രൂപയ്ക്ക് വിഭവ സമൃദ്ധമായ ഊണും മീൻ വറുത്തതുമാണ് പതിവ്. ഞായറാഴ്ച നല്ല കോഴിക്കറിയും കിട്ടും. സ്പെഷ്യലായും മീൻ വറുത്തത് വാങ്ങാം. വിഭവങ്ങൾ മുന്നിൽ നിരത്തിവയ്ക്കും ആവശ്യത്തിനു കഴിക്കാം. ഭക്ഷണം കഴിക്കുന്നത് കുറഞ്ഞാൽ സ്നേഹം നിറഞ്ഞ ശാസനയോടെ വിളമ്പിത്തരും.
വിറകടുപ്പിലാണു പാചകം. ഉച്ചയൂണു മാത്രമാണു നൽകുന്നതെങ്കിലും അതിരാവിലെ മുതൽ അമ്മമ്മ ഉഷാറായി രംഗത്തുണ്ടാകും. പാർവതിയമ്മയുടെ അര നൂറ്റാണ്ട് പിന്നിട്ട അതിജീവനത്തിന്റെ കഥയും അറിയണം. ചായക്കട നടത്തിയിരുന്ന നമശിവായത്തിന്റെയും ചിന്നമ്മയുടെയും 7 മക്കളിൽ നാലാമത്തെ മകളായിരുന്നു പാർവതി. 18ാം വയസ്സിൽ വിവാഹം കഴിച്ച് അയച്ചത് തമിഴ്നാട്ടിലേക്ക്. വിവാഹ ജീവിതം നൽകിയ ദുരിതങ്ങൾ മതിയാക്കി 2 വർഷത്തിനു ശേഷം നാട്ടിലേക്കു മടങ്ങുമ്പോൾ ഗർഭിണിയായിരുന്നു.
1969ൽ പനയമ്പാടം ജിഎൽപി സ്കൂളിനു മുന്നിലെ പുറംപോക്കിൽ ജീവിതത്തിന്റെ താളം വീണ്ടെടുക്കാൻ ഭക്ഷണം വിളമ്പിത്തുടങ്ങി. അച്ഛനും അമ്മയും, 25 വർഷം മുൻപ് ഏക മകനും പാർവതിയമ്മയെ തനിച്ചാക്കി കടന്നുപോയി. മകന്റെ മക്കളായ അനീഷും അനിലയും വളർന്നത് അച്ഛമ്മയുടെ തണലിൽ. ഇവരുടെ വിവാഹവും കഴിഞ്ഞു. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും ഭക്ഷണം ഒരുക്കുന്നത് മുടക്കില്ല. വിശപ്പകറ്റുന്നതോളം വേറെ പുണ്യമില്ലെന്നാണ് ഇവരുടെ പക്ഷം.