കനയ്യയുടെ ചങ്ങാതി മുഹസിൻ, ചങ്കു പറിച്ചു കൊടുക്കും മുക്കോളി; മാറ്റത്തിൽ വിശ്വസിച്ച് ഹരിദാസ്
Mail This Article
സമരങ്ങളിലൂടെ തീപ്പൊരി ചിതറിച്ച രണ്ടു യുവാക്കളെയാണ് എൽഡിഎഫും യുഡിഎഫും രംഗത്തിറക്കിയതെങ്കിൽ ചിട്ടയായ സംഘടനാ പ്രവർത്തനത്തിലൂടെ ഉയർന്നുവന്ന നേതാവിനെയാണു പട്ടാമ്പിയുടെ ജനഹൃദയം പിടിച്ചെടുക്കാൻ എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത്. കോൺഗ്രസിനെയും സിപിഎമ്മിനെയും സിപിഐയെയും മാറി മാറി വിജയിപ്പിച്ച പാരമ്പര്യമുള്ള പട്ടാമ്പിയിൽ ഇക്കുറി ഇഞ്ചോടിഞ്ചു പോരാട്ടമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച മുൻതൂക്കമാണ് എൽഡിഎഫിന്റെ ആത്മവിശ്വാസമെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ മികച്ച ലീഡാണു യുഡിഎഫിന്റെ പ്രതീക്ഷകൾ വർധിപ്പിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പിലും ക്രമാനുഗതമായി വോട്ട് വിഹിതം വർധിപ്പിക്കുന്ന ബിജെപിക്കുള്ളതും പ്രതീക്ഷ.
കനയ്യയുടെ ചങ്ങാതി മുഹസിൻ
കനയ്യകുമാറിനൊപ്പം ‘ആസാദി’ മുദ്രാവാക്യം മുഴക്കി ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ സമരച്ചൂളയിൽനിന്നാണു 2016ൽ മുഹമ്മദ് മുഹസിൻ പട്ടാമ്പിയിൽ സിപിഐ സ്ഥാനാർഥിയായത്. അതൊരു വരവുതന്നെയായിരുന്നു. മൂന്നു വട്ടം മണ്ഡലം യുഡിഎഫിനൊപ്പം പിടിച്ചു നിർത്തിയ സി.പി. മുഹമ്മദിനെ കന്നിയങ്കത്തിൽ തന്നെ അട്ടിമറിച്ചു. അങ്ങനെ നിയമസഭയിലെ ബേബി എംഎൽഎ എന്ന റെക്കോർഡും മുഹസിനു ലഭിച്ചു. കഴിഞ്ഞ 5 വർഷവും മണ്ഡലം മുഴുവൻ നിറഞ്ഞുനിന്നു പ്രവർത്തനം നടത്താനാണു മുഹസിൻ ശ്രമിച്ചത്. മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും വികസനം എത്തിക്കാൻ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം.
പുതുമുഖമായി വന്നു മത്സരിച്ചയത്ര പ്രയാസം ഇപ്പോഴില്ല. താനാണു സ്ഥാനാർഥി എന്നതിനു പ്രസക്തിയില്ലെന്നാണു മുഹസിന്റെ പക്ഷം. കാരണം, മുന്നണി മെഷിനറി അത്രയേറെ ശക്തമാണ്. താൻ എത്താത്തിടങ്ങളിൽ പോലും മുന്നണി സംവിധാനം കൃത്യമായി ജോലി ചെയ്യുന്നു. സ്ഥാനാർഥി പ്രഖ്യാപന സമയത്ത് ആളുകളെ നേരിട്ടുകണ്ട് വോട്ടുതേടി, തൊട്ടുപിന്നാലെ കുടുംബ യോഗങ്ങൾ, പര്യടനം, വ്യക്തിപരമായി കണ്ടുള്ള വോട്ടഭ്യർഥന, തുടർന്നു പഞ്ചായത്തുതല റാലി വരെയുള്ള കൃത്യമായ പദ്ധതി തയാറാക്കി തന്നെയാണു പ്രചാരണം. കൂടാതെ, ആത്മസുഹൃത്ത് കനയ്യകുമാർ കഴിഞ്ഞദിവസം പട്ടാമ്പിയെ ഇളക്കിമറിച്ചു നടത്തിയ റോഡ്ഷോയും പ്രവർത്തകരിൽ ആവേശം നിറച്ചുകഴിഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് കാരക്കാടു വച്ച് മുഹമ്മദ് മുഹസിനെ കാണുമ്പോൾ അദ്ദേഹം പ്രാർഥനയിൽ പങ്കെടുത്തു വരികയായിരുന്നു. വഴിയരികിലുള്ള ചിരപരിചിതരോട് വീണ്ടും സഹായം അഭ്യർഥിക്കുന്നു. പര്യടനം പൂർണമായും തുറന്ന വാഹനത്തിലായതിനാൽ കൈകളിൽ ചൂടുകുരുക്കൾ നിറഞ്ഞിരിക്കുന്നു. രാവിലെ 8ന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പു പ്രവർത്തനം സമാപിക്കുന്നതു പലപ്പോഴും രാത്രി 12നായിരുന്നു. അതിന്റെ ഫലം മേയ് 2നു ലഭിക്കുമെന്നുതന്നെയണ് അദ്ദേഹത്തിന്റെ വിശ്വാസം.
ചങ്കു പറിച്ചു കൊടുക്കും മുക്കോളി
പട്ടാമ്പിയെ യുഡിഎഫ് ജില്ലയിലെ തങ്ങളുടെ ഉറച്ച സീറ്റായി കണ്ടിരുന്നില്ല ഒരുകാലത്ത്. പക്ഷേ, തുടർച്ചായായി 3 തവണ വിജയിച്ച് സി.പി. മുഹമ്മദ് പട്ടാമ്പിയെ യുഡിഎഫിന്റെ മണ്ഡലമാക്കി മാറ്റി. എന്നാൽ, കഴിഞ്ഞ തവണത്തെ തോൽവി ശരിക്കും മുന്നണിയെ ഞെട്ടിക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ സ്ഥാനാർഥി നിർണയ സമയത്ത് മണ്ഡലം പിടിച്ചെടുക്കുന്നതിൽ കവിഞ്ഞ് മറ്റൊന്നിനും മുന്നണി പ്രധാന്യം കൊടുത്തില്ല.
മുതിർന്ന നേതാവായ സി.പി. മുഹമ്മദ് സ്വയം മാറിനിന്നതോടെ പട്ടാമ്പി പിടിക്കാനുള്ള നിയോഗം സമരത്തീയിൽ കുരുത്ത യുവനേതാവ് റിയാസ് മുക്കോളിക്കു ലഭിച്ചു. കൊണ്ടോട്ടിയിൽനിന്ന് എത്തി ചുരുക്കം ദിവസങ്ങൾകൊണ്ട് പട്ടാമ്പിക്കാരുടെ മനസ്സിൽ സ്വന്തം പേരെഴുതിച്ചേർക്കാൻ റിയാസിനു കഴിഞ്ഞുവെന്ന് യുഡിഎഫ് വിശ്വസിക്കുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന നിലയിൽ പിഎസ്‌സി സമരം, സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിലെ സമരം എന്നിവയക്കു നേതൃത്വം നൽകിയ ആളാണ് ‘മുക്കോളി’ എന്നു പ്രവർത്തകർ സ്നേഹപൂർവം വിളിക്കുന്ന റിയാസ്.
ഇന്നലെ രാവിലെ കാരക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നു യുഡിവൈഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിച്ച ഇരുചക്രവാഹന റാലിക്കിടെയാണു റിയാസിനെ കണ്ടുമുട്ടിയത്. കെഎസ്‌യു കാലം മുതലുള്ള ആത്മമിത്രം ഷാഫി പറമ്പിൽ എംഎൽഎ കാരക്കാട്ടേക്ക് എത്തിയതോടെ പ്രവർത്തകർ ആവേശത്തിലായി. വലിയ ആൾക്കൂട്ടത്തിൽ ഇരുവരെയും കാണാൻ പ്രവർത്തകർക്കു കഴിയാതെ വന്നതോടെ അനൗൺസ്മെന്റ് വാഹനത്തിനു മുകളിലേക്ക് ഷാഫി ചാടിക്കയറി. ഒപ്പം റിയാസിനെ കൈപിടിച്ചു കയറ്റി.
അവിടെ നിന്നു ഷാഫിയാണ് ആദ്യം പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. ‘റിയാസിനെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല, നിങ്ങൾക്കു ചങ്ക് പറിച്ചു തരുന്നവനാണ്, വിശ്വസിക്കാം’. മറുപടിയിൽ റിയാസ് ഇങ്ങനെ പറഞ്ഞു ‘ പുലാമന്തോൾ പാലം കടന്നപ്പോൾ മുതൽ നിങ്ങൾ എന്നെ ഏറ്റെടുത്തതാണ്, ഇനി ആറാം തീയതി വരെ നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം. അതുകഴിഞ്ഞ് നിങ്ങൾക്കു വിശ്രമിക്കാം, പിന്നീട് നിങ്ങൾക്കായി ഞാൻ ജോലി ചെയ്തുകൊള്ളാം.’ കൊപ്പം വരെ മണ്ഡലം ഇളക്കിമറിച്ച് നടന്ന ഇരുചക്ര വാഹനറാലിയിൽ യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, വി.ടി.ബൽറാം എന്നിവരും പങ്കെടുത്ത് ഒരേ സ്വരത്തിൽ പ്രഖ്യാപിച്ചു, ‘പട്ടാമ്പി ഇത്തവണ പിടിച്ചെടുക്കും’.
മാറ്റത്തിൽ വിശ്വസിച്ച് ഹരിദാസ്
പ്രബല മുന്നണികൾ തീപ്പൊരി യുവാക്കളെയാണു പട്ടാമ്പിയിൽ ഇറക്കിയിരിക്കുന്നതെങ്കിൽ സംഘടനാ പ്രവർത്തനത്തിന്റെ മികവുകൊണ്ട് രൂപപ്പെട്ട പൊതുപ്രവർത്തകനെയാണ് എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത്. ബിജെപിയുടെ രണ്ടു ജില്ലാ ജനറൽ സെക്രട്ടറിമാരിൽ ഒരാളാണു സ്ഥാനാർഥി കെ.എം.ഹരിദാസ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത് 14824 വോട്ടുകളാണെങ്കിൽ ഇത്തവണ അതു മറികടക്കുമെന്നും വിജയത്തിലെത്തുമെന്നുമാണ് എൻഡിഎ പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്കു പട്ടാമ്പിയിൽനിന്ന് 20,000 വോട്ട് ലഭിച്ചിരുന്നു.
പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പിൽ അത് 17,000 വോട്ടിലേക്കു താഴ്ന്നു. മികച്ച സ്ഥാനാർഥി വന്നതോടെ വോട്ടുനില ഉയരുമെന്നാണു പ്രതീക്ഷ. മികച്ച സംഘാടകനും പ്രാസംഗകനുമാണ് ഹരിദാസ്. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി പാലക്കാട്ട് പ്രധാനമന്ത്രി എത്തിയ വേദിയിൽ 10 മിനിറ്റുകൊണ്ട് ജനസാഗരത്തെ ഇളക്കിമറിച്ച പ്രസംഗകനാണ് അദ്ദേഹം. ഭവനസന്ദർശനങ്ങളും സ്ഥാനാർഥി പര്യടനവും അടക്കമുള്ള പ്രചാരണ പരിപാടികൾ പൂർത്തിയാക്കിക്കഴിഞ്ഞു. മണ്ഡലത്തിന്റെ എല്ലാ മേഖലകളിലും പ്രചാരണം എത്തിക്കാൻ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേട്ടങ്ങൾ വിവരിക്കുന്ന ദൃശ്യങ്ങളുമായി പ്രത്യേക പ്രചാരണ വാഹനങ്ങളും മണ്ഡലത്തിലൂടെ പര്യടനം നടത്തുന്നുണ്ട്.
ഇന്നലെ പട്ടാമ്പി നഗരസഭയിലെ വള്ളൂരിൽ കുടുംബയോഗ സ്ഥലത്തുവച്ചാണ് അദ്ദേഹത്തെ കാണുന്നത്. ആൾക്കൂട്ടത്തെക്കാൾ ഇത്തരം ചെറിയ സദസ്സുകൾ വോട്ടുറപ്പിക്കുമെന്നതിനാലാവണം വലിയ ആരവങ്ങളില്ലാതെയാണു സ്ഥാനാർഥിയുടെ യാത്ര. കുടുംബയോഗത്തിൽ ആദ്യം സംസാരിച്ചയാൾ സ്ത്രീകളോടായി പറഞ്ഞു ‘നിങ്ങൾ സുഹൃത്തുക്കളുമായി നേരിട്ടും ഫോണിലുമെല്ലാം കുശലം ചോദിക്കുമ്പോൾ വോട്ട്കൂടി അഭ്യർഥിക്കണം’. ഇതുവരെ മാറിനിന്നിരുന്നവരും ഒഴിവാക്കിയരും ഇപ്പോൾ പാർട്ടിയെ സ്വീകരിച്ചുതുടങ്ങിയെന്ന് ഹരിദാസ് പറയുന്നു. അതൊരു നല്ല മാറ്റമാണെന്നും അതു പട്ടാമ്പിയിൽ നല്ല വാർത്ത കൊണ്ടുവരുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.