ADVERTISEMENT

ചിറകുകളും കാലുകളും ചേർത്തു പിടിച്ചു കൊക്കുകൾ തമ്മിൽ ചെറുതായൊന്നു ഉരുമ്മി പുറകോട്ടുമാറ്റിനിലത്തുവിട്ടാൽ എതിരാളിയുടെ ചോര വീഴ്ത്താനുള്ള അങ്കത്തിനു തുടക്കമാകും. ആയിരങ്ങളും പതിനായിരങ്ങളുംപന്തയം വച്ചവർ പോരുകോഴികളുടെ വിജയത്തിനായി ആർപ്പുവിളിക്കും.എതിരാളിയിൽ നിന്നു പരുക്കേൽക്കാതെ ഉയർന്നു പറക്കാനും തരംകിട്ടിയാൽ എതിരാളിയെ പരുക്കേൽപ്പിക്കാനുമുള്ള പോരുകോഴികളുടെ കഴിവിനനുസരിച്ച് വാതുവയ്ക്കുന്നവർക്കു നോട്ടു കിട്ടുന്നതുംപോകുന്നതും. തറയിൽ നിന്നു ചിറകുയർത്തി എതിരാളിയുടെ നേർക്കു പറന്നുയരുമ്പോൾ ശരീരത്തിൽ കത്തി കൊള്ളാതിരിക്കാൻ ഒഴിഞ്ഞു മാറാനും ഞൊടിയിടയിൽ എതിരാളിയുടെ ശരീരത്തിൽ മുറിവേൽപ്പിക്കാനുമുള്ള പോരുകോഴികളുടെ മെയ്‌വഴക്കം കാണികൾക്കു ഹരമാണ്.

പിടിച്ചു നിൽക്കാനാവാതെ ഒരു കോഴി തളർന്നു വീഴുകയോ പിന്തിരിഞ്ഞ് ഓടുകയോ ചെയ്യുന്നതോടെ വിജയിച്ച കോഴിയെ ഉടമസ്ഥനും ശിങ്കിടികളും വാരിയെടുത്തു വിജയമാഘോഷിക്കും. ഒപ്പം പന്തയം തോറ്റവരിൽ നിന്നു പണം കീശയിലുമാക്കും. ചോരക്കളിയാണു കോഴിപ്പോര്, വാതുവയ്പുകാർക്കും കോഴികളെ വളർത്തുന്നവർക്കും പണമുണ്ടാക്കാനുള്ള മൽസരവും.തമിഴ്നാട്ടിലും ആന്ധ്രയിലുമെല്ലാം പൊങ്കൽ പോലുള്ള വിശേഷ ദിവസങ്ങളിൽ നടത്താറുള്ള കോഴിപ്പോര് പാലക്കാട് ജില്ലയുടെ അതിർത്തി ഗ്രാമങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ഇന്നും നടക്കുന്നുണ്ട്.

PAGE---5.indd
കൊഴിഞ്ഞാമ്പാറയിൽ തമിഴ്നാട് അതിർത്തിയോടു ചേർന്നുളള തോപ്പിൽ നടന്ന കോഴിപ്പോര് പരിശീലനത്തിൽ നിന്ന്. ചിത്രം: ജിൻസ് മൈക്കിൾ∙ മനോരമ

∙കോഴിപ്പോര് പലവിധം

കോഴികളെ എതിരാളികളെ കാണിക്കാതെ സഞ്ചിക്കുളിൽ വച്ചു തൂക്കത്തിനനുസരിച്ച് പോരിനിറക്കുന്നതാണ് ഒരുതരം. പോരിടുന്ന കോഴികൾക്ക് ഏകദേശം ഒരേ തൂക്കമായിരിക്കണമെന്നു മാത്രം. കോഴികളുടെ ഉടമകൾ ടോസ് ഇടും. അതിൽ തോൽക്കുന്നവർ അവരുടെ ഒരു കോഴിയെ പോരിനായി ഇറക്കും. ടോസിൽ ജയിക്കുന്നയാൾക്കു തോറ്റയാളുടെ കോഴിക്കെതിരെ ഏതു കോഴിയെ വേണമെങ്കിലും ഇറക്കാം.‘ഗോൾഡൻ കെട്ട്’ ആണ് ഏറ്റവും പ്രിയമേറിയത്. കോഴിപ്പോരിനു വരുന്ന ആളുകൾ നിശ്ചിത തുക പന്തയംവയ്ക്കുന്നു. ശേഷം കാലിൽ കത്തി കെട്ടിയ കോഴികളെ പ്രത്യേകം തയാറാക്കിയ അങ്കത്തട്ടിലേക്ക് ഇറക്കി വിടുന്നു. കോഴികൾ പരസ്പരം പോരടിച്ച് അവസാനം ബാക്കിയാകുന്ന കോഴി വിജയിയാകും, ഉടമയ്ക്ക് പന്തയപ്പണം ലഭിക്കുകയും ചെയ്യും.

∙ നിറത്തിന്റെ പേരിൽ അറിയപ്പെടുന്ന പോർവീരൻമാർ.

പൊതുവേ കെട്ടുകോഴികൾ(പോരുകോഴികൾ) എന്നാണ് ഇവ അറിയപ്പെടുന്നെങ്കിലും നിറത്തിലും ചിറകിന്റെയും വാലിന്റെയുമെല്ലാം വ്യത്യാസത്തിൽ ഇവ കാകം, പൊൻട്രം, സെങ്കറുപ്പ്, പസപ്പ്, വെള്ള, കാകപ്പുള്ളി,  ചിത്രപ്പുള്ളി, മസാലമൈൽ, ഭൂതി, കാകഭൂതി, പൊൻട്രഭൂതി, കാകക്കറുപ്പ്, ഡൈകറുപ്പ്, കീരി, സെങ്കീരി, നൂലാൻ, വെളുപ്പ്, സെപൊൻട്രം, വടിവാൾകാകം, ഗരുഡപൊൻ‌ട്രം, സല്ലിപൊൻട്രം എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങളിൽ അറിയപ്പെടുന്നുണ്ട്.

∙ വില കേട്ടാൽ ഞെട്ടും

എതിരാളിയെ നേരിടാനുള്ള ധൈര്യവും നേരിടുന്ന രീതിയും ആക്രമണത്തിൽ പരിക്കേൽക്കാതെ ഒഴി‍ഞ്ഞുമാറാനുള്ള കഴിവുമൊക്കെ നോക്കിയാണ് കോഴികൾക്ക് വിലയിടുന്നത്. പോരുകോഴികളുടെ നിറവും ലക്ഷണങ്ങളും നോക്കിയും വില പറയും. പലതവണ പോരിൽ വിജയിച്ച കോഴികളെ മോഹവില നൽകി വാങ്ങാനുംആളുകളുണ്ട്. അയ്യായിരത്തിൽ തുടങ്ങി അൻപതിനായിരവും കടന്നു പോകും കോഴികളുടെ വില.

∙ കൂവി തുടങ്ങിയാൽ പരിശീലനം തുടങ്ങും. പേടിയകറ്റാൻ ഇരുട്ട് മുറി.

പൂവൻകോഴികൾ 7 മാസത്തോളം വളർച്ചയെത്തി കൂവാൻ തുടങ്ങിയാൽതന്നെ പോരുകോഴികളാക്കി വളർത്തിയെടുക്കാനുള്ള പരിശീലനം തുടങ്ങും. പൂവൻകോഴികളെ മറ്റുള്ള കോഴികളുമായി ഇടപഴകാത്ത വിധം പ്രത്യേക കയർ ഉപയോഗിച്ച് കെട്ടിയിടും. ഒറ്റയ്ക്ക് കെട്ടിയിടുമ്പോൾ ധൈര്യവും ശൗര്യവും കൂടാൻ സഹായിക്കും. പിന്നീട് ആഴ്ചയിൽ 2 ദിവസമെങ്കിലും വെള്ളത്തിൽ നീന്തിക്കും. കിതപ്പും ക്ഷീണവും ഒഴിവാക്കാനും ചിറകുകൾക്ക് ബലം വയ്ക്കാനും ശരീരക്ഷമത നിലനിർത്താനുമൊക്കെ ഇത് സഹായകമാകും.

എന്നാൽ ഈ കോഴികളേക്കാൾ പ്രായമുള്ള കോഴികൾ ഇവയെ ആക്രമിച്ചിട്ടുണ്ടെങ്കിൽ രണ്ടാഴ്ചയെങ്കിലും ഇരുട്ടു മുറിയിലിട്ട് തീറ്റയും വെള്ളും കൊടുക്കണം. ആക്രമിച്ച കോഴിയുടെ നിറം മറന്നു പോകാനാണ് ഇത്. അല്ലെങ്കിൽ പിന്നീട് പോരിനിറക്കുമ്പോൾ മുൻപ് ആക്രമിച്ച കോഴിയുടെ നിറത്തിലുള്ളതാണ് എതിരാളിയെങ്കിൽ പിന്തിരി‍ഞ്ഞ് ഓടാൻ സാധ്യതയുണ്ട്.

∙ ഭക്ഷണം

രാവിലെ കൂടുതുറന്ന് അരിയിട്ടു കൊടുത്ത് പാടത്തും പറമ്പത്തും മേയാൻ വിടുന്ന പതിവ്പോരുകോഴികളുടെ കാര്യത്തിലില്ല. ദിവസത്തിൽ ഒരിക്കൽ തീറ്റയും വെള്ളവും കൊടുക്കുകയാണ് ചെയ്യുന്നത്. ഗോതമ്പ്,കമ്പ്,ചോളം(വെള്ളച്ചോളം, മക്കചോളം), ചെറുപയർ, റാഗി, അരി എന്നിവയാണ് ഇവയ്ക്കുള്ള തീറ്റ. മെലിഞ്ഞതും ദൃഡതയുള്ളതുമായ ശരീരമുണ്ടെങ്കിലേ വേഗത്തിലും ഉയരത്തിലും പറന്ന് എതിരാളിയെ ആക്രമിക്കാനാകൂ. കൂടാതെ ഈ കോഴികൾക്ക് കുടിക്കാൻ പ്രത്യേക സ്ഥലത്ത് ആന്റിബയോടിക് കലർത്തിയ വെള്ളം തയാറാക്കി വച്ചിരിക്കും.

∙ ജാക്കി

തോപ്പുകളിൽ കോഴിപ്പോര് നിയന്ത്രിക്കുന്നത് ജാക്കികളാണ്. അതായത് കോഴികൾ തമ്മിൽ കൊക്കുരുമ്മി വിടുന്നതും കൃത്യ സമയത്ത് പിടിച്ച് പിൻമാറ്റുന്നതുമെല്ലാം ചെയ്യുന്നവരാണു ജാക്കികൾ. ഒരു പോരിനു നിശ്ചിത തുക ഇവർക്കു നൽകണം. പലപ്പോഴും ജാക്കികൾ എതിർ ചേരിയിൽ നിന്നും പണ വാങ്ങി, കൃത്യസമയത്ത് കോഴികളെ പിന്നോട്ട് എടുത്തില്ലെങ്കിൽ എതിരെ നിൽക്കുന്ന കോഴി വീണ്ടും ആക്രമിച്ച് കോഴിയെ വീഴ്ത്തും. ഇത്തരത്തിൽ എതിരാളിയിൽ നിന്നു കോഴവാങ്ങുന്നതും അങ്കത്തട്ടിൽ നടക്കാറുണ്ട്. കോഴികളുടെ കാലിനു പുറകിലുള്ള എറ്റവും ചെറിയ വിരലിലാണ് കത്തി വെച്ചുകെട്ടുന്നത്. എതിരാളിയായ കോഴിയുടെ നേർക്കു പറന്നുയർന്ന് പരസ്പരം പോരടിക്കും. കത്തികൊണ്ട് കോഴി വീഴുകയോ പിൻതിരിഞ്ഞ് ഓടുകയോ ചെയ്താൽ എതിരെ നിന്ന കോഴി ജയിച്ചതായി പ്രഖ്യാപിക്കും. തോറ്റ കോഴിയും പന്തയപണവും ജയിച്ച കോഴിയുടെ ഉടമയ്ക്ക് സ്വന്തം.

∙ നിറത്തിലെ വിശ്വാസം.

കോഴിപ്പോര് നടക്കുന്ന ദിവസവും എതിരെ നിൽക്കുന്ന കോഴിയുടെ നിറം നോക്കിയാൽ ജയം ആർക്കൊപ്പമാണെന്ന കാര്യത്തിൽ ഏകദേശ ധാരണ ലഭിക്കുമെന്നു വിശ്വസിക്കുന്നവരുണ്ട്. വെളുത്ത വാവ് മുതൽ കറുത്ത വാവ് വരെയുള്ള ദിവസങ്ങൾ കോഴിപ്പോരുകാർക്കിടയിൽ അറിയപ്പെടുന്നത് തേയ്പിറ എന്നാണ്. ഈ സമയത്ത് ഇരുണ്ട നിറം കൂടുതലുള്ള കോഴിയായിരിക്കും വിജയിക്കുന്നതത്രേ. കറുത്ത വാവ് മുതൽ വെളുത്തവാവ് വരയുള്ള ദിവസങ്ങൾ അറിയപ്പെടുന്നത് വളർപിറ എന്നാണ്. ഈ സമയങ്ങളിൽ പോരിടുന്ന കോഴികളിൽ ഇരുണ്ട നിറത്തിലുള്ള കോഴികൾക്ക് പരാജമായിരിക്കും ഫലമെന്നും ഒരു വിശ്വാസമുണ്ട്.

∙ നിയമപ്രകാരം നിരോധനം

കേരള ഗെയ്മിങ് ആക്ട് പ്രകാരം 1960 ൽ തന്നെ ചൂതാട്ട ഗണത്തിൽപ്പെടുന്ന കോഴിപ്പോര് നിരോധിച്ചതാണ്. എന്നാൽ അതിർത്തി മേഖലകളിൽ ഇന്നും ഇത് രഹസ്യമായി നടക്കുന്നുണ്ട്. തോപ്പുകളിൽ കോഴിപ്പോര് നടത്തുന്നതിറിഞ്ഞ് പൊലീസ് സ്ഥലം വളഞ്ഞ് ആളുകളെയും പോരുകോഴികളെയും പന്തയക്കാശുമെല്ലാം പിടിച്ചെടുക്കും. പോരിൽ ചത്ത കോഴികളെ സമീപവാസികൾക്ക് നൽകുകയോ കുഴിച്ചിടുകയോ ചെയ്യും. തുടർന്ന്

ജീവനുള്ള കോഴികളെ കോടതിയുടെ അനുമതിയോടെ പൊലീസ് സ്റ്റേഷനിൽ വച്ചുതന്നെ പരസ്യമായി ലേലം ചെയ്യും. സ്ഥിരമായ പോരിൽ വിജയിക്കുന്ന കോഴികളെ എന്ത് വിലകൊടുത്തും ലേലത്തിൽ പിടിക്കാൻ ബിനാമികൾ പൊലീസ് സ്റ്റേഷനിലെത്തും. ഒരു കോഴിക്കു തന്നെ പതിനായിരങ്ങൾ നൽകി ലേലത്തിൽ പിടിക്കും.

∙ കോവിലൂരിലുണ്ടായിരുന്നു പെരുമയുള്ളൊരു കോഴിപ്പോര്

തമിഴ്നാട്ടിലെ കോവിലൂർ എന്ന സ്ഥലത്ത് നിയമപരമായിതന്നെ കോഴിപ്പോര് നടത്തിയിരുന്നുവത്രേ. പൊങ്കൽ ദിവസമാണ് കോഴിപ്പോര് നടത്തിയിരുന്നത്. ബ്രിട്ടീഷുകാർ വെങ്കലപട്ടയം നൽകിയ ഈ സ്ഥലത്ത് ജില്ലാ കലക്ടറുടെയും പൊലീസിന്റെയും മറ്റും സാന്നിദ്ധ്യത്തിൽ 3 വർഷം മുൻപുവരെ കോഴിപ്പോര് നടത്തിയിരുന്നുവെന്നാണു വിവരം. വലിയ മൈതാനത്ത് ഒരുലക്ഷത്തിലേറെ കോഴികളെ പോരിനിറക്കുമായിരുന്നു.കത്തി കെട്ടിയുള്ള കോഴിപ്പോരിനിടെ 2 ആളുകളുടെ ജീവൻ പൊലിഞ്ഞതോടെയാണ് ഇവിടെയും നിരോധിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com