വലിയൊരു പെട്ടിയിൽ വാഴപ്പഴവുമായി ഓട്ടോറിക്ഷ പിടിച്ച് മണ്ണാർക്കാട് പൂരത്തിനെത്തി; കോപം മാറാൻ ആനകൾക്ക് പഴം...
Mail This Article
മണ്ണാർക്കാട് ∙ അട്ടപ്പാടിയിൽ വിളനശിപ്പിക്കുന്ന കാട്ടാനകളുടെ കോപം തീരാൻ മണ്ണാർക്കാട് പൂരത്തിന് എത്തിയ ആനകൾക്ക് വാഴപ്പഴം നൽകി അട്ടപ്പാടിയിലെ ആദിവാസി സ്ത്രീ. അട്ടപ്പാടി മേലേ മഞ്ചക്കണ്ടിയൂരിലെ തമ്പായി ഷേറിയെന്ന കർഷകയാണ് വലിയൊരു പെട്ടി നിറയെ വാഴപ്പഴവുമായി ഓട്ടോറിക്ഷ പിടിച്ച് മണ്ണാർക്കാട് പൂരം നടക്കുന്ന അരകുർശ്ശി ഉദയർക്കുന്ന് ഭഗവതി ക്ഷേത്രത്തിലെത്തിയത്. ഇത്രയേറെ വാഴപ്പഴവുമായി എത്തിയത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ആനകളുടെ കോപം മാറാനാണെന്നായിരുന്നു മറുപടി.
കടുക്, തുവര, വാഴ തുടങ്ങി വ്യത്യസ്ത കൃഷികൾ ചെയ്യുന്നുണ്ട്. എല്ലാം ആനകൾ നശിപ്പിക്കുകയാണ്. ഉദയർക്കുന്ന് ഭഗവതിയുടെ സന്നിധിയിൽ വച്ച് ആനകൾക്ക് പഴം നൽകിയാൽ കോപം മാറുമെന്ന വിശ്വാസത്തിലാണ് എത്തിയതെന്നും അവർ പറഞ്ഞു. ക്ഷേത്രത്തിലെത്തിയ മുഴുവൻ ആനകൾക്കും പഴം നൽകാൻ പൂരാഘോഷ കമ്മിറ്റി ജനറൽ സെക്രട്ടറി എം.പുരുഷോത്തമന്റെ നേതൃത്വത്തിൽ സൗകര്യം ചെയ്തു കൊടുത്തു. അടുത്ത വർഷം കൂടുതൽ പഴങ്ങളുമായി എത്താമെന്നും ഷേറി പറഞ്ഞു. മണ്ണാർക്കാട് പൂരവുമായി അട്ടപ്പാടിയിലെ ആദിവാസികൾക്കുള്ള ബന്ധത്തിന്റെ തെളിവാണ് സംഭവമെന്ന് ഭക്തജനങ്ങൾ പറയുന്നു.