ADVERTISEMENT

വാളയാർ ∙ കഞ്ചാവു കണ്ടെത്തിയ കാർ പരിശോധിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ വലിച്ചുകയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമം. ദേശീയപാതയിലൂടെ രണ്ടര കിലോമീറ്ററോളം പാഞ്ഞ വാഹനത്തിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥൻ ചാടി രക്ഷപ്പെട്ടു. കാറിനെ എക്സൈസ് സംഘം പിന്തുടരുന്നതിനിടെ എലപ്പുള്ളി കൈതക്കുഴിയിലും നല്ലേപ്പിള്ളി ഇരട്ടക്കുളത്തുമായി വീടുകൾക്കു മുന്നിൽ കഞ്ചാവ് ഉപേക്ഷിച്ചു സംഘം തമിഴ്നാട്ടിലേക്കു രക്ഷപ്പെട്ടു.

എന്നാൽ, ഇതേ സംഘത്തിന്റെ മറ്റൊരു കാർ എക്സൈസ് പിന്തുടർന്നു കൂട്ടുപാതയിൽ പിടികൂടി. ഇതിൽ നിന്നു 11.60 കിലോഗ്രാം കഞ്ചാവുമായി കോട്ടയം മണർകാട് സ്വദേശികളായ ഫാദിൽ നിസാർ (29), ജേക്കബ് ഫിലിപ്പ് (30) എന്നിവരെ അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് എക്സൈസ് സ്ക്വാഡിലെ സിവിൽ എക്സൈസ് ഓഫിസർ പി.സുബിനെയാണു തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കഞ്ചാവു കടത്തു സംഘത്തിന്റെ മർദനമേറ്റ് ഇദ്ദേഹത്തിനു കൈക്കും കാലിനും പരുക്കുണ്ട്. വാളയാർ ടോൾ പ്ലാസയ്ക്കു സമീപം വ്യാഴാഴ്ച രാത്രി 10.50നാണു സംഭവം.

വാഹന പരിശോധനയ്ക്കിടെ സുബിൻ കാറിന് അരികിലെത്തി. കാറിന്റെ സീറ്റിനടിയിൽ കഞ്ചാവു കണ്ടതോടെ തൊട്ടപ്പുറത്തു പരിശോധനയിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെ വിളിച്ചു. ഇതിനിടെ ഡ്രൈവിങ് സീറ്റിലേക്കു സുബിനെ വലിച്ചുകയറ്റി സംഘം ദേശീയപാതയിലൂടെ പാഞ്ഞു. മൽപിടുത്തത്തിനിടെ അട്ടപ്പള്ളത്തു വച്ചു സുബിൻ ചാടി രക്ഷപ്പെട്ടു. കിലോമീറ്ററുകളോളം എക്സൈസ് വാഹനം കാറിനെ പിന്തുടർന്ന് എലപ്പുള്ളി പാറയിലെത്തി. ഇവിടെ ചരക്കു ലോറിക്കു പിന്നിൽ എക്സൈസ് വാഹനം കുടുങ്ങിയതോടെ കഞ്ചാവു കടത്തിയിരുന്ന കാർ ഊടുവഴിയിലൂടെ മുന്നോട്ടുപോയി. എന്നാൽ, പരിശോധന മുന്നിൽക്കണ്ട സംഘം കഞ്ചാവു നിറച്ച ചാക്കുകൾ വീടുകൾക്കു മുന്നിലേക്ക് എറിഞ്ഞിട്ടു രക്ഷപ്പെട്ടു.

രാവിലെ പ്രദേശവാസികളാണു കഞ്ചാവ് കണ്ടത്. ഇവർ വിവരം നൽകിയതിനെത്തുടർന്നു കസബ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐമാരായ എസ്.അനീഷ്, എ.രംഗനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. പരിശോധനയിൽ 125 കിലോ കഞ്ചാവ് കണ്ടെത്തി. സംഭവ സ്ഥലത്തു നിന്നു കാറിന്റെ പൊട്ടി വീണതെന്നു സംശയിക്കുന്ന ഹെഡ് ലൈറ്റും ഗ്ലാസും കണ്ടെത്തി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സിഐമാരായ ടി.അനികുമാർ, ജി.കൃഷ്ണകുമാർ, ഇൻസ്പെക്ടർ എസ്.മധുസൂദനൻ നായർ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.പ്രജോഷ്, പി.സുബിൻ, എം.രാജേഷ്,  സി.ഷംനാദ്, എസ്.സുരേഷ്ബാബു, മുഹമ്മദ് അലി, യു.രാജീവ് എന്നിവരടങ്ങിയ സംഘമാണു കഞ്ചാവ് പിടികൂടിയത്.

2 കാറുകളിലായി എത്തിച്ചത് 151.60 കിലോഗ്രാം കഞ്ചാവ് 

സംസ്ഥാനാന്തര കഞ്ചാവ് കടത്തുസംഘത്തിലെ പ്രധാനികളായ പ്രതികൾ ആകെ 151.60 കിലോഗ്രാം കഞ്ചാവാണ് ആന്ധ്രയിൽ നിന്നു സംസ്ഥാനത്തേക്കു കൊണ്ടുവന്നത്. സേലത്തു വച്ചു കാർ അപകടത്തിൽപെട്ടപ്പോൾ അകമ്പടിക്കായി കരുതിയ കാറിലേക്കു കഞ്ചാവു മാറ്റി. ഈ കാറിലാണ് എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കോട്ടയം സ്വദേശികളായ അലൻ ടോം, അമൽ മുഹമ്മദ്, ഉണ്ണിമോൻ എന്നിവരാണു കാറിലുണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു.

ഇതിൽ സൂക്ഷിച്ചിരുന്നത് 140 കിലോ കഞ്ചാവാണെന്നും എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, പൊലീസിന് എലപ്പുള്ളി കൈതക്കുഴിയിലും ഇരട്ടകുളത്തും നിന്നുമായി കിട്ടിയത് 125 കിലോഗ്രാം കഞ്ചാവാണ്. ബാക്കിയുള്ളതു രക്ഷപ്പെട്ടു പോയ കാറിലുണ്ടാകുമെന്നാണ് എക്സൈസ് നിഗമനം. മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും എക്സൈസ് സിഐ ടി.അനികുമാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com