പലതരത്തിലുണ്ടു പാരകൾ!; എന്നാൽ, ഗിയറുള്ള പാരയെക്കുറിച്ചു കേട്ടിട്ടുണ്ടോ?

Mail This Article
പലതരത്തിലുണ്ടു പാരകൾ! എന്നാൽ, ഗിയറുള്ള പാരയെക്കുറിച്ചു കേട്ടിട്ടുണ്ടോ? മലമ്പുഴ ഗവ. ഐടിഐയിലെ വിദ്യാർഥികളാണ് ഈ പാരയ്ക്കു പിന്നിൽ. ചെറിയ ചെലവിൽ നാളികേരം പൊളിക്കാനുള്ള ‘ഗിയർ പാര’ മെഷീനിസ്റ്റ് ട്രേഡ് വിദ്യാർഥികളുടെ പുത്തൻ ഐഡിയയാണ്. വളരെ എളുപ്പത്തിൽ തേങ്ങ പൊളിക്കുന്ന ‘ഗിയേർഡ് കോക്കനട്ട് ഡിഹസ്കർ’ അടിപൊളി പാര തന്നെ.
തേങ്ങ പൊതിക്കുന്നവരുടെ അധ്വാനം കുറയ്ക്കാനുള്ള ആലോചനയാണ് അധ്യാപകൻ എ.അഷ്റഫിനെയും വിദ്യാർഥികളെയും ഗിയർ പാരയിലെത്തിച്ചത്. പാരയുടെ നാക്കിലും വലിക്കുന്ന ലിവറിലും 2 ഗിയറുകളാണു ഘടിപ്പിച്ചിട്ടുള്ളത്. ലിവറിൽ ചെറിയ ഗിയറും നാക്കിൽ വലിയ ഗിയറും. 300 തേങ്ങ വരെ അനായാസമായി പൊതിക്കാൻ കഴിയുമെന്നാണ് ഇവരുടെ അവകാശവാദം.
മെഷീനിസ്റ്റ് ട്രേഡ് വിദ്യാർഥികളായ സി.വി.വിഷ്ണു, എം.പി.മുഹമ്മദ് അമീൻ, എസ്.ശരത് വാസ്, എസ്.രോഹിത്ത്, സി.കെ.ഷാറൂൺ എന്നിവരാണ് എ.അഷറഫിന്റെ നേതൃത്വത്തിൽ അവസാന വർഷ പ്രൊജക്ട് ആയി പാര നിർമിച്ചത്. വെറും 500 രൂപ മാത്രമാണു നിർമാണച്ചെലവ്. വാണിജ്യാടിസ്ഥാനത്തിൽ ഉണ്ടാക്കുകയാണെങ്കിൽ വില കുറയുമെന്ന് ഇവർ പറയുന്നു. ഐടിഐയിലെ ഉൽപാദന കേന്ദ്രത്തിൽ അടുത്ത മാസത്തോടെ വൻതോതിൽ പ്രവർത്തനം തുടങ്ങാനുള്ള ഒരുക്കത്തിലാണു സംഘം.