മുതുമലയിലെ ഒഴുക്കിൽപെട്ട കുട്ടിക്കൊമ്പനെ അമ്മയ്ക്കരികിലെത്തിച്ചു

Mail This Article
ഊട്ടി ∙ മുതുമല കടുവസങ്കേതത്തിലെ സീഗൂർ ആറ്റിലെ ഒഴുക്കിൽപെട്ട കുട്ടിക്കൊമ്പൻ 3 ദിവസത്തിനു ശേഷം അമ്മയ്ക്കരികിലെത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണു 2 മാസം പ്രായമായ കൊമ്പനെ ഒഴുക്കിൽ നിന്നു രക്ഷിച്ചത്. തുടർന്ന് അവന്റെ അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിൽ വനപാലകർ 3 ദിവസത്തോളം കാട്ടിൽ തിരച്ചിൽ തുടർന്നു. ബുധനാഴ്ച വൈകിട്ട് കുട്ടിക്കൊമ്പന്റെ അമ്മയെ കണ്ടെത്തി അരികിലെത്തിക്കുകയായിരുന്നു. ഇന്നലെ രാവിലെ വനപാലകർ വീണ്ടും ഡ്രോൺ ക്യാമറ മൂലം നിരീക്ഷണം നടത്തിയതിൽ കുട്ടിയാനയെ അതിന്റെ അമ്മയോടൊത്തു കണ്ടെത്തി. ഇതോടെ 3 ദിവസമായി നടത്തിയ പരിശ്രമങ്ങൾക്കു ഫലപ്രാപ്തി കിട്ടിയ സന്തോഷത്തിലാണു വനപാലകർ.