കടുത്ത ശബ്ദത്തിൽ മേശയിലിടിച്ച് വിഎസ് നടത്തിയ പ്രതികരണം മാത്രം മതി പാച്ചേനി ആരെന്നറിയാൻ...
Mail This Article
പാലക്കാട് ∙ നിർഭാഗ്യം വേട്ടയാടിയില്ലായിരുന്നുവെങ്കിൽ പാലക്കാടൻ രാഷ്ട്രീയത്തിൽ തിളക്കമുള്ള പേരാകുമായിരുന്നു സതീശൻ പാച്ചേനി. തന്റെ രാഷ്ട്രീയ തട്ടകമായി പാലക്കാടിനെ തിരഞ്ഞെടുത്ത പാച്ചേനിക്ക് ഇവിടെ നിന്നു മടങ്ങാൻ പാർട്ടിയിലെ ഉൾപ്പോരു മുതൽ കാരണങ്ങളേറെ ഉണ്ടായിരുന്നു. എം.പി.കുഞ്ഞിരാമനും വി. കൃഷ്‌ണദാസും ഇ.കെ.നായനാരും ടി. ശിവദാസമേനോനും അടക്കമുള്ള പേരെടുത്ത സഖാക്കൾക്ക് അഞ്ചക്ക ഭൂരിപക്ഷം നൽകി നിയമസഭയിലേക്കു വിട്ട മലമ്പുഴയിൽ 2001ലെ തിരഞ്ഞെടുപ്പിൽ അച്യുതാനന്ദന്റെ ഭൂരിപക്ഷം 4703 ലേക്ക് ഇടിച്ചു താഴ്‌ത്തിയ ചെറുപ്പക്കാരൻ പാലക്കാടൻ കോൺഗ്രസിന്റെ രക്ഷകനാകുമെന്നു കരുതിയവരുണ്ട്.
കമ്യൂണിസ്‌റ്റ് കുടുംബത്തിൽ നിന്ന് കോൺഗ്രസിനു കിട്ടിയ തീപ്പൊരി ആദ്യ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോഴും ഇവിടെ പാർട്ടി പ്രവർത്തനം തുടർന്നു. ഒരിക്കൽ ഇഎംഎസിനെ ആലത്തൂർ നിയമസഭാ സീറ്റിലെ പോരാട്ടത്തിൽ ചുരുങ്ങിയ വോട്ടിന്റെ ‘ഞെട്ടിച്ച വിജയത്തിന്’ കാരണമാക്കിയ വി.എസ്.വിജയരാഘവനെപ്പോലെ മറ്റൊരു താരോദയം പ്രതീക്ഷിച്ചു. സാങ്കേതികമായി മാത്രമാണ് താൻ ജയിച്ചതെന്നും യഥാർഥ വിജയി വിജയരാഘവനാണെന്നും ഇഎംഎസ് പറഞ്ഞതുപോലെ വി.എസ്.അച്യുതാനന്ദൻ പറഞ്ഞില്ല. മാധ്യമപ്രവർത്തകരുടെ ആ ചോദ്യത്തിന് കടുത്ത ശബ്ദത്തിൽ മേശയിലിടിച്ച് വിഎസ് നടത്തിയ പ്രതികരണം തന്നെയായിരുന്നു സതീശൻ എത്ര മാത്രം ഇടതുപക്ഷത്തെ ഞെട്ടിച്ചുവെന്നതിന്റെ തെളിവ്.
കണ്ണൂരുകാരനായിരുന്നെങ്കിലും സതീശന്റെ വിവാഹത്തിന് പാലക്കാട് ടൗൺഹാളിൽ ചായസൽക്കാരം ഒരുക്കി തന്റെ കൂറ് ഇവിടെയാണെന്നു തെളിയിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിഎസിനോട് പരാജയപ്പെട്ടെങ്കിലും 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എം.ബി.രാജേഷിനെതിരെ ‘ജയിച്ചു ’ എന്ന് ഉറപ്പിച്ച ശേഷം പരാജയപ്പെടുകയായിരുന്നു. സതീശൻ അന്നു ജയിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെയും ജില്ലയിലെ കോൺഗ്രസിന്റെയും രാഷ്ട്രീയഭാവി മറ്റൊന്നാകുമായിരുന്നു. സതീശൻ പാലക്കാടിനോടും നേതാക്കളോടും മികച്ച ബന്ധം പുലർത്തി. പല തിരഞ്ഞെടുപ്പുകളിലും മലമ്പുഴ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സതീശൻ പ്രസംഗിക്കാനെത്തി.
കേരളത്തിലെ കോൺഗ്രസിന് ഊർജസ്വലനായ പോരാളിയെയാണു നഷ്ടമായതെന്നു വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു. ഇടതുപക്ഷത്തിന്റെ കോട്ടകളെ പലതവണ വിറപ്പിച്ച അദ്ദേഹം ആത്മാർഥമായ പ്രവർത്തകനായി തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു സഹോദരന്റെ വേർപാട് പോലെ വേദനാജനകമാണ് സതീശന്റെ മരണമെന്ന് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു.
ആത്മാർഥമായി പിണങ്ങുകയും ആത്മാർഥമായി ഇണങ്ങുകയും ചെയ്യുന്ന ഹൃദയവിശാലതയാണ് സതീശനെ വേറിട്ടതാക്കുന്നതെന്ന് യുഡിഎഫ് കൺവീനർ പി.ബാലഗോപാൽ പറഞ്ഞു. സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.പൗലോസ്, എൻസിപി ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി എന്നിവർ അനുശോചിച്ചു.
പാച്ചേനിയുടെ ജയം ഞാനും ഉറപ്പിച്ചിരുന്നു: എം.ബി.രാജേഷ്
സതീശൻ പാച്ചേനിയാണു ജയിച്ചതെന്നു ഞാനും ഉറപ്പിച്ചു. ഞാൻ തോറ്റിരിക്കുന്നു. വീട്ടിലേക്കുവിളിച്ചു പറഞ്ഞു. കോൺഗ്രസുകാർ വിജയാഹ്ലാദത്തിന്റെ ഒരുക്കത്തിലാണ്. വോട്ടെണ്ണൽ കേന്ദ്രമായ വിക്ടോറിയ കോളജിൽ നിന്ന് തൊട്ടടുത്തുള്ള പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിലേക്കു ഞാൻ നടന്നു. മുന്നിലെ മിൽമ ബൂത്തിൽ നിന്നൊരു ചായ കുടിച്ചു. അപ്പോഴേക്കും ലീഡ് മാറിമറിഞ്ഞുകൊണ്ടേയിരിക്കുന്നു. പതിനായിരത്തിലേറെ വോട്ടിന് സതീശൻ മുന്നിലായിരുന്നെങ്കിലും പിന്നീടത് മാറി. കാറ്റ് എനിക്ക് അനുകൂലമായി.
കടുത്ത മത്സരത്തിനൊടുവിൽ ഞാൻ ജയിച്ചത് വെറും 1820 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്റെ വിജയം ഇത്ര കടുപ്പമേറിയതാക്കിയത് സതീശനെപ്പോലെ ഊർജസ്വലനായ ഒരു സ്ഥാനാർഥിയുടെ മികവാണ്. മത്സരത്തെ അവസാന നിമിഷം വരെ പ്രവചനാതീതമാക്കി നിർത്തിയത് അദ്ദേഹത്തിന്റെ വ്യക്തിമികവും പോരാട്ട വീര്യവും കൊണ്ടാണ്.
ആ തിരഞ്ഞെടുപ്പിൽ മറിച്ചൊന്നാണ് ഫലമെങ്കിൽ എന്തു സംഭവിക്കുമെന്ന് എനിക്ക് അറിയില്ല. പക്ഷേ, തോൽവിയായാലും ജയം ആയാലും സതീശനുമായുള്ള ബന്ധം പിന്നീടുണ്ടായതുപോലെ തന്നെ ഊഷ്മളമായി തന്നെ ഉണ്ടാകുമായിരുന്നു. അങ്ങേയറ്റം മാന്യനായ എതിർസ്ഥാനാർഥിയായിരുന്നു സതീശൻ പാച്ചേനി. മത്സരം തീർത്തും രാഷ്ട്രീയമായിരുന്നു. വ്യക്തിഹത്യയോ അപവാദപചരണമോ ഒന്നും ഒരിക്കൽപ്പോലും ഉണ്ടായിരുന്നില്ല.
പരസ്പരം മത്സരിക്കും മുൻപേ തന്നെ സതീശനെതിരെ പടവെട്ടാൻ നിയോഗിക്കപ്പെട്ടയാളാണു ഞാൻ. 2001ൽ വി.എസ്.അച്യുതാനന്ദനെതിരെ സതീശൻ പാച്ചേനി മത്സരിക്കാൻ വന്ന കാലം. സതീശനന്നു കെഎസ്‍യു സംസ്ഥാന പ്രസിഡന്റും ഞാൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. ഒരിക്കൽ വിഎസ് എന്നെ വിളിപ്പിച്ചു. ‘എതിരാളി കെഎസ്‌യു സംസ്ഥാന പ്രസിഡന്റാണ്, ചെറുപ്പക്കാരൻ, താങ്കൾ ഇവിടെ പ്രചാരണത്തിൽ സദാ വേണം’. ഞാൻ ഉൾപ്പെടെയുള്ള എസ്എഫ്ഐ സംഘം ദിവസങ്ങളോളം പ്രവർത്തിച്ചു.
ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ മലമ്പുഴയിൽ കുറഞ്ഞ വോട്ടുകൾക്കാണ് വിഎസിനോട് സതീശൻ പരാജയപ്പെട്ടത്. ഒരിക്കൽ സതീശനെതിരെ പോരാട്ടം നയിച്ച ഞാൻ 2009 ൽ എതിരാളിയായി വരുമ്പോഴും സതീശന്റെ പോരാട്ട വീര്യം കൂടിയിട്ടേ ഉണ്ടായിരുന്നു. ആത്മാർഥമായ പാർട്ടി പ്രവർത്തനം നടത്തുമ്പോഴും മികവുകളേറെയുണ്ടെങ്കിലും സതീശനോട് അകന്നുനിന്നു.
പലപ്പോഴും നല്ല പോരാട്ടം കാഴ്ചവച്ചിട്ടും നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടതുമൂലം അദ്ദേഹത്തിന് ജനപ്രതിനിധി എന്ന നിലയിൽ പ്രവർത്തിക്കാൻ അവസരം കിട്ടിയില്ല. പെരുമാറ്റത്തിലെ ലാളിത്യവും വിനയവും എതിർപക്ഷത്തുള്ളവരോടും പുലർത്തുന്ന സൗഹൃദവുമെല്ലാം സതീശനെ എല്ലാവർക്കും പ്രിയങ്കരനാക്കി മാറ്റുന്നു. പിന്നീട്, സതീശൻ കണ്ണൂരിലേക്ക് പ്രവർത്തനം പൂർണമായും മാറ്റി. ആശയവിനിമയം കുറവായിരുന്നെങ്കിലും മനസുകൊണ്ട് അടുപ്പും ഉണ്ടായിരുന്നു. മരണവാർത്ത അതീവവേദനയോടെയാണ് കേട്ടത്. തീവ്രമായ ദുഃഖം മനസ്സിനെ കനപ്പെടുത്തുന്നു.