രണ്ടു വർഷത്തെ പോരാട്ടം; ഒടുവിൽ വൈഷ്ണവിക്കു ജാതി സർട്ടിഫിക്കറ്റ്

Mail This Article
വാളയാർ ∙ ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ തുടർപഠനം പ്രതിസന്ധിയിലായ വൈഷ്ണവിക്ക് രണ്ടു വർഷത്തെ പോരാട്ടത്തിനും പലരുടെയും ഇടപെടലിനും ശേഷം ഒടുവിൽ ജാതി സർട്ടിഫിക്കറ്റ് കിട്ടി. എസ്എസ്എൽസിക്കു നല്ല മാർക്ക് നേടി ഇഷ്ടവിഷയത്തിൽ സീറ്റ് നേടിയിട്ടും ജാതി സർട്ടിഫിക്കറ്റിന്റെ പേരിൽ പഠനം പ്രതിസന്ധിയിലായ വാളയാർ വട്ടപ്പാറ ദേവിയുടെ മകൾ ആർ.വൈഷ്ണവിക്കാണ് നീണ്ട കാത്തിരിപ്പിനൊടുവിൽ ജാതി സർട്ടിഫിക്കറ്റ് കിട്ടിയത്. 2021 ജനുവരിയിലാണു സംഭവങ്ങൾക്കു തുടക്കം.
ആദ്യ അലോട്മെന്റിൽ തന്നെ വൈഷ്ണവിക്ക് കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കംപ്യൂട്ടർ സയൻസ് വിഷയത്തിൽ പ്രവേശനം കിട്ടി.അക്ഷയകേന്ദ്രത്തിൽ അപേക്ഷ നൽകിയപ്പോൾ ജാതി രേഖപ്പെടുത്തിയെങ്കിലും താലൂക്ക് ഓഫിസിലെത്തിയപ്പോൾ അപേക്ഷ തള്ളി. എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ പട്ടികജാതി എന്നു രേഖപ്പെടുത്തിയ വേട്ടുവൻ ജാതി പാലക്കാട് ജില്ലയിൽ ഇല്ലെന്നും അതിനാൽ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതു മലയാള മനോരമ വാർത്തയാക്കിയതോടെ സമൂഹത്തിന്റെ ശ്രദ്ധയിലെത്തി. കോൺഗ്രസ് നേതാവും കഞ്ചിക്കോട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ സതീഷ് വട്ടപ്പാറ ഇടപെട്ട് ജാതി മൈഗ്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങി സ്കൂളിൽ എത്തിച്ചു പഠനം തുടരാൻ താൽക്കാലിക അനുമതി നേടി. കോഴിക്കോട് കിർത്താഡ്സ് ഡപ്യൂട്ടി ഡയറക്ടർ ഓഫിസ് വഴി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജാതി സർട്ടിഫിക്കറ്റിന് അംഗീകാരം കിട്ടിയത്. പാലക്കാട് തഹസിൽദാർ ടി.രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും വൈഷ്ണവിക്ക് സഹായമായി ഒപ്പമുണ്ടായിരുന്നു