8 ലക്ഷത്തിന്റെ ലഹരിമരുന്നുമായി 2 പേർ പിടിയിൽ

Mail This Article
പാലക്കാട് ∙ ആർപിഎഫും എക്സൈസ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡും ചേർന്ന് പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 50.85 ഗ്രാം ഹഷീഷ്, 8.65 ഗ്രാം ചരസ്, 30 എൽഎസ്ഡി സ്റ്റാമ്പ് എന്നിവയുമായി 2 യുവാക്കളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ, ചേർത്തല സ്വദേശികളായ ജീസ്മോൻ (21), അഖിൽ (25) എന്നിവരാണ് അറസ്റ്റിലായത്. ഹിമാചൽപ്രദേശിൽ നിന്നു വാങ്ങിയ ലഹരിമരുന്ന് ആലപ്പുഴയിലേക്കു വിൽക്കാൻ കൊണ്ടുപോകുകയായിരുന്നു ഇവർ. പിടികൂടിയ ലഹരിമരുന്നിന് 8 ലക്ഷത്തോളം വില മതിക്കും.
ആർപിഎഫ് സിഐ സൂരജ് എസ്.കുമാർ, എക്സൈസ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് ഇൻസ്‌പെക്ടർ കെ.ആർ.അജിത്, ആർപിഎഫ് എഎസ്ഐമാരായ സജി അഗസ്റ്റിൻ, പി.കെ.ഷാജുകുമാർ, കെ.സുനിൽകുമാർ, എക്സൈസ് പ്രിവന്റീവ് ഓഫിസർ ഗോകുലകുമാരൻ, സിവിൽ എക്സൈസ് ഓഫിസർമാരായ വിനു, ശരവണൻ, ബെറ്റ്സൺ ജോർജ്, വിപിൻദാസ്, സുനിൽ, ആർപിഎഫ് കോൺസ്റ്റബിൾമാരായ കെ.അനിൽ കുമാർ, വനിത കോൺസ്റ്റബിൾ സുസ്മി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.