മാപ്പിളപ്പൊറ്റ പാലം കവിഞ്ഞൊഴുകി, ഗതാഗതം തടസ്സപ്പെട്ടു

Mail This Article
മംഗലംഡാം ∙ ശക്തമായി പെയ്യുന്ന മഴയെത്തുടർന്നു മാപ്പിളപ്പൊറ്റ പാലത്തിൽ വെള്ളം കവിഞ്ഞൊഴുകി ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. മുകളിൽ നിന്ന് ഒലിച്ചുവന്ന മരക്കൊമ്പുകളും ചണ്ടിയും വെള്ളമൊഴുക്കിനു തടസ്സമാകുന്നുണ്ട്. ചിറ്റടി കാന്തളം റോഡിലെ മാപ്പിളപ്പൊറ്റ പാലം ഉയർത്തിപ്പണിയണമെന്ന ആവശ്യം പരിഗണിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. താഴ്ന്നു കിടക്കുന്നതും കൈവരിയില്ലാത്തതും ഇടുങ്ങിയതുമായ പാലത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
കഴിഞ്ഞ വർഷം പാലത്തിന്റെ അറ്റത്തു വലിയ ഗർത്തമുണ്ടാവുകയും അതിൽ ക്വാറി അവശിഷ്ടം കൊണ്ടുവന്നു നിറയ്ക്കുകയുമാണു ചെയ്തത്. പാലത്തിൽ ചണ്ടിനിറഞ്ഞു കിടക്കുന്നതു കാരണം ഒഴുക്കു തടസ്സപ്പെട്ട് ഈ ഭാഗം തള്ളിപ്പോകാൻ സാധ്യതയുണ്ട്. ഒട്ടേറെ വാഹനങ്ങളും ജനങ്ങളും സഞ്ചരിക്കുന്ന പാലം ഉയർത്തിപ്പണിയേണ്ടത് അത്യാവശ്യമാണ്.