ADVERTISEMENT

പാലക്കാട് ∙ നഗരത്തിൽ ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജന ശോഭായാത്ര ഇന്നു നടക്കും. ഉച്ചയ്ക്ക് ഒന്നിനു മൂത്താന്തറ കാച്ചനാംകുളം തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിനു മുന്നിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര വലിയങ്ങാടി, മാർക്കറ്റ് റോഡ്, സുൽത്താൻപേട്ട, ഹെഡ്പോസ്റ്റ് ഓഫിസ് റോഡ് വഴി നൂറടി ജംക്‌ഷനിൽ ചിന്മയ തപോവനത്തിനു സമീപത്തെത്തും. 

തുടർന്നു നടക്കുന്ന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി അധ്യക്ഷനാകും. സമ്മേളന ശേഷം കൽപാത്തിപ്പുഴയിലേക്കു ഗണേശ വിഗ്രഹ നിമജ്ജന ശോഭായാത്ര ആരംഭിക്കും. 

ഇന്നു പകൽ 2 മുതൽ ഗതാഗത നിയന്ത്രണം
പാലക്കാട് ∙ ഗണേശവിഗ്രഹ നിമജ്ജന ശോഭായാത്ര നടക്കുന്നതിനാൽ ഇന്നു പകൽ 2 മുതൽ പാലക്കാട് ടൗൺ മുതൽ കൽപാത്തി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാത്രി ശോഭായാത്ര അവസാനിക്കുന്നതുവരെ നിയന്ത്രണം തുടരും.

∙ വടക്കഞ്ചേരി, ആലത്തൂർ ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസുകൾ പകൽ 2 മുതൽ കണ്ണന്നൂർ തിരുനെല്ലായി വഴി കെഎസ്ആർടിസി സ്റ്റാൻഡിലെത്തി ഇതുവഴി തന്നെ മടങ്ങണം. 

∙ ഷൊർണൂർ, ഒറ്റപ്പാലത്തു നിന്നുള്ള കെഎസ്ആർടിസി ബസുകൾ പതിവുറൂട്ടിൽ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തി മടങ്ങണം. 

∙ കോഴിക്കോട്, ചെർപ്പുളശ്ശേരി ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസുകൾ ഒലവക്കോട് ജംക്‌ഷനിൽ നിന്നു മേപ്പറമ്പ്, പേഴുങ്കര വഴി സ്റ്റാൻഡിലെത്തി തിരിച്ചുപോകണം. 

∙ കോയമ്പത്തൂർ ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസുകൾ ചന്ദ്രനഗറിൽ നിന്ന് ഹൈവേ വഴി കാഴ്ചപ്പറമ്പ് ജംക്‌ഷനിലെത്തി തിരിഞ്ഞ് യാക്കര ഡിപിഒ റോഡ് വഴി സ്റ്റാൻഡിലെത്തി മടങ്ങണം.  

∙ കൊടുവായൂർ, നെന്മാറ ഭാഗത്തു നിന്നുള ബസുകൾ പാലന കടുന്തുരുത്തി ജംക്‌ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞ് ഹൈവേയിൽ കയറി കൽമണ്ഡപം വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തി തിരിച്ചുപോകണം. 

∙ ചിറ്റൂർ, വണ്ടിത്താവളം ഭാഗത്തു നിന്നുള്ള ബസുകൾ കാടാങ്കോട്ടു നിന്ന് ഹൈവേ വഴി ചന്ദ്രനഗറിലെത്തി സ്റ്റേഡിയം സ്റ്റാൻഡിലെത്തി തിരിച്ചുപോകണം. 

∙ കോഴിക്കോട്, മുണ്ടൂർ ഭാഗത്തു നിന്നുള്ള ബസുകൾ ശേഖരീപുരം ബൈപാസ്– മണലി ജംക്‌ഷൻ വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തി മടങ്ങണം.  

വൈകിട്ട് 6നു ശേഷം കോഴിക്കോട്, മുണ്ടൂർ ഭാഗത്തു നിന്നുള്ള ബസുകൾ ഒലവക്കോട് ജംക്‌ഷനിൽ നിന്നു മേപ്പറമ്പ്, പേഴുങ്കര, കെഎസ്ആർടിസി, കോട്ടമൈതാനം വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തി ഇതുവഴി തിരിച്ചുപോകണം. 

∙ വാളയാർ, കൊഴിഞ്ഞാമ്പാറ ഭാഗത്തു നിന്നു വരുന്ന കഞ്ചിക്കോട്, പാറ ബസുകൾ ചന്ദ്രനഗർ കൽമണ്ഡപം വഴി സ്റ്റേഡിയം സ്റ്റാൻഡിലാണ് എത്തേണ്ടത്. തിരിച്ചുപോകേണ്ടതും ഇതുവഴി. 

∙ ടൗൺ സർവീസ് നടത്തുന്ന മലമ്പുഴ, റെയിൽവേ കോളനി, പുത്തൂർ, കല്ലേപ്പുള്ളി ബസുകൾ ഒലവക്കോട് ശേഖരീപുരം ബൈപാസ്– മണലി വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തി തിരിച്ചു പോകണം. 

∙ പട്ടാമ്പി, പുടൂർ, കോട്ടായി, ഷൊർണൂർ, ഒറ്റപ്പാലം, പെരിങ്ങോട്ടുകുറുശ്ശി ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ പതിവുപോലെ ടൗൺ സ്റ്റാൻഡിലെത്തി തിരിച്ചുപോകണം. 

∙ വൈകിട്ട് 4നു ശേഷം ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ, കാർ ഉൾപ്പെടെ ചെറുവാഹനങ്ങൾ ടൗണിൽ പ്രവേശിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് അറിയിച്ചു.

മണ്ണാർക്കാടും കല്ലടിക്കോടും ഇന്ന് ഗതാഗത നിയന്ത്രണം
മണ്ണാർക്കാട് ∙ മണ്ണാർക്കാട്, കല്ലടിക്കോട് ഭാഗങ്ങളിൽ ഗണേശോത്സവ നിമജ്ജന ശോഭായാത്രകൾ നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്ക്കു ശേഷം രണ്ടു മുതൽ കോഴിക്കോടു ഭാഗത്തു നിന്ന് പാലക്കാട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ആര്യമ്പാവിൽ നിന്ന് തിരിഞ്ഞ് ശ്രീകൃഷ്ണപുരം– കോങ്ങാട്– മുണ്ടൂർ വഴി പോകണം. പാലക്കാട്ടു നിന്നു കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ മുണ്ടൂരിൽ നിന്നു തിരിഞ്ഞ് കോങ്ങാട്– ശ്രീകൃഷ്ണപുരം– ആര്യമ്പാവ് വഴി പോകണമെന്നും മണ്ണാർക്കാട് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com