‘ഇരുമ്പു പൈപ്പ് കൊണ്ടു തലയ്ക്കടിച്ചു; അർധബോധാവസ്ഥയിൽ നേർത്ത കരച്ചിലിനിടെ പാചക വാതകം തുറന്നുവിട്ട് തീ ശരീരത്തിലേക്കു പടർത്തി’

Mail This Article
ഷൊർണൂർ ∙ ആദ്യം ഇരുമ്പു പൈപ്പ് കൊണ്ടു തലയ്ക്കടിച്ചു. അർധബോധാവസ്ഥയിൽ നേർത്ത കരച്ചിലിനിടെ പാചക വാതകം തുറന്നു വിട്ട് തീ ശരീരത്തിലേക്കു പടർത്തി കത്തിച്ചു. ത്രാങ്ങാലി റോഡ് നീലാമലക്കുന്നിൽ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്ത പട്ടാമ്പി ഞാങ്ങാട്ടിരി മാട്ടായ കോതയാത്ത് മണികണ്ഠനെ (48) കൃത്യം നടന്ന വീട്ടിലെത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തിയപ്പോഴാണു കാര്യങ്ങൾ വിശദീകരിച്ചത്. അമ്പലത്തൊടി വീട്ടിൽ പത്മിനി(75), തങ്കം(72) എന്നിവരാണു കൊല്ലപ്പെട്ടത്.
ആദ്യം പത്മിനിയെയാണ് ആക്രമിച്ചതെന്നു പ്രതി തെളിവെടുപ്പിൽ പറഞ്ഞു. പിന്നീടു ബഹളം കേട്ടു വന്ന തങ്കത്തിന്റെ കഴുത്തിലെ സ്വർണാഭരണം പൊട്ടിച്ചെടുത്തു. മൂന്നു വളകളും കൈക്കലാക്കി. മൽപ്പിടിത്തത്തിനിടയിൽ മൂന്നു പേർക്കും പരുക്കേറ്റു. പണമോ സ്വർണമോ വേണമെന്ന് ആവശ്യപ്പെട്ടാണു പോയതെന്നു മണികണ്ഠൻ പറഞ്ഞതായി പൊലീസ് അറിയിച്ചു. പിന്നീടു സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു. ഇരുവരും മരിക്കുമെന്ന് ഉറപ്പായതോടെ വീട്ടിൽ നിന്ന് ഇറങ്ങിയോടി. സഹോദരിമാർ തന്നെ കുത്തിയതായി നാട്ടുകാരോടു പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇന്നലെ പ്രതിയെ മുഖം മൂടി ധരിപ്പിച്ചാണു തെളിവെടുപ്പിനെത്തിച്ചത്. ഇയാളുടെ മുഖം കാണണമെന്നു നാട്ടുകാർ ബഹളം കൂട്ടുന്നുണ്ടായിരുന്നു. ഷൊർണൂർ പൊലീസ് ഇൻസ്പെക്ടർ യു.ശ്രീജിത്, എസ്ഐ എസ്.രജീഷ് തുടങ്ങിയവരും ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡിലെ ഉദ്യോഗസ്ഥരും തെളിവെടുപ്പിനു നേതൃത്വം നൽകി.