വൈദ്യുതി ദുരുപയോഗം ചെയ്ത് ചിറ്റൂർ മിനി സിവിൽ സ്റ്റേഷൻ ജീവനക്കാർ

Mail This Article
ചിറ്റൂർ ∙ വേനൽ കനക്കുകയും നാട് ജലക്ഷാമത്തിലേക്കു നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണവുമില്ലാതെ ദുരുപയോഗം ചെയ്ത് സർക്കാർ ജീവനക്കാർ. മിനി സിവിൽ സ്റ്റേഷനിൽ സ്ഥിതിചെയ്യുന്ന മിക്ക സർക്കാർ സ്ഥാപനങ്ങളിലും ഉച്ചഭക്ഷണത്തിനുള്ള ഒഴിവു സമയത്ത് അനാവശ്യമായി ഫാനും ലൈറ്റും പ്രവർത്തിക്കുകയാണ്. പ്രവൃത്തി ദിവസങ്ങളിൽ ഒരു മണിക്കൂറോളം ഇത്തരത്തിൽ വൈദ്യുതി പാഴാക്കുന്ന സ്ഥിതിയുണ്ടെന്നാണു പരാതി.ഇരുപതിലധികം സർക്കാർ സ്ഥാപനങ്ങളാണു മിനി സിവിൽ സ്റ്റേഷനിലുള്ളത്. രാവിലെ ഓഫിസിലെത്തുമ്പോൾ സ്വിച്ചുകൾ ഓൺ ചെയ്താൽ വൈകിട്ടു ഓഫിസിൽ നിന്നിറങ്ങുമ്പോൾ മാത്രമാണ് ഇവ ഓഫ് ചെയ്യാറുള്ളതത്രെ. വിരലിലെണ്ണാവുന്ന ഓഫിസുകളിലൊഴികെ മറ്റെല്ലായിടത്തും ഇതു തന്നെയാണു സ്ഥിതി.
ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യമാണു നിലവിലുള്ളത്. ഫാനും ലൈറ്റും ഇല്ലാതെ ജോലി ചെയ്യാനാവില്ലെന്ന സ്ഥിതിയുണ്ടെന്നതു യാഥാർഥ്യമാണ്. എന്നാൽ, ആളില്ലാത്ത സമയത്തും ഇവ പ്രവർത്തിക്കുന്ന അവസ്ഥ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നു വിവിധ ആവശ്യങ്ങൾക്കായി ഓഫിസുകളിലെത്തുന്നവർ പറയുന്നു. വൈദ്യുതി മന്ത്രിയുടെ ഓഫിസിന്റെ മൂക്കിൻ തുമ്പത്തു സ്ഥിതി ചെയ്യുന്ന സിവിൽ സ്റ്റേഷനിൽ നടക്കുന്ന ഇത്തരം നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പോലും ആളില്ലാത്ത അവസ്ഥയാണെന്നും പരാതിയുണ്ട്. വൈദ്യുതി ഉപയോഗം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ അനാവശ്യമായി വൈദ്യുതി പാഴാക്കുന്നത് ഒഴിവാക്കാൻ കെഎസ്ഇബി തുടരെ നിർദേശങ്ങൾ നൽകുന്നുണ്ടെങ്കിലും ഇതു തങ്ങൾക്കു ബാധകമല്ലെന്ന തരത്തിലാണു മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ സമീപനം.