സ്കൂൾ വാഹനങ്ങൾക്കും പ്രദേശവാസികൾക്കും തൽക്കാലം ടോൾ ഇളവ്
Mail This Article
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികള്‍ക്കു സൗജന്യയാത്ര തൽക്കാലം നിഷേധിക്കില്ല. സ്കൂള്‍ വാഹനങ്ങള്‍ക്കും തൽക്കാലം ടോള്‍ നല്‍കേണ്ടതില്ല. ഇന്നലെ തിരുവനന്തപുരത്തു നടന്ന മന്ത്രിതല ചർച്ചയിലാണു തീരുമാനം. ജൂലൈ ഒന്നു മുതല്‍ പ്രദേശവാസികളും സ്കൂള്‍ വാഹനങ്ങളും ടോള്‍ നല്‍കണമെന്നു ടോള്‍ കമ്പനി നിര്‍ദേശിച്ചിരുന്നു. സ്കൂള്‍ അധികൃതര്‍ക്കു നോട്ടിസ് നല്‍കുകയും പ്രദേശവാസികളോടു 340 രൂപയുടെ പ്രതിമാസ പാസ് എടുക്കുവാന്‍ ആവശ്യപ്പെട്ടു ടോള്‍ പ്ലാസയില്‍ നോട്ടിസ് പതിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സമരം തുടങ്ങിയതോടെ സൗജന്യയാത്ര തുടരുമെന്നു കമ്പനി അറിയിച്ചു. അതേസമയം, ഉന്നത തലത്തില്‍ ചര്‍ച്ച നടത്തി തീരുമാനം ഉണ്ടാക്കണമെന്നു ടോൾ കമ്പനി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇന്നലെ മന്ത്രിമാരായ എം.ബി.രാജേഷ്, ആര്‍.ബിന്ദു, കെ.രാജൻ, കെ.കൃഷ്ണൻകുട്ടി, എംഎൽഎമാരായ പി.പി.സുമോദ്, കെ.ഡി.പ്രസേനൻ, പഞ്ചായത്ത് അധ്യക്ഷരായ എം.സുമതി (കണ്ണമ്പ്ര), ലിസി സുരേഷ് (വടക്കഞ്ചേരി), കവിത മാധവന്‍ (കിഴക്കഞ്ചേരി), കെ.എല്‍.രമേഷ് (വണ്ടാഴി), ഐ.ഹസീന (പുതുക്കോട്) എന്നിവര്‍ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തിയത്.
പാലക്കാട്, തൃശൂര്‍ സബ് കലക്ടര്‍മാരും പങ്കെടുത്തു. സൗജന്യയാത്ര അനുവദിക്കില്ലെന്ന നിലപാട് ചര്‍ച്ചയില്‍ ടോള്‍ കമ്പനി ആവര്‍ത്തിച്ചു. എന്നാല്‍, പ്രദേശവാസികള്‍ക്കും സ്കൂള്‍ വാഹനങ്ങള്‍ക്കും നല്‍കുന്നതു സൗജന്യമല്ലെന്നും അവരുടെ അവകാശമാണെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.തൃശൂര്‍, പാലക്കാട് കലക്ടറേറ്റുകളിൽ വീണ്ടും ചര്‍ച്ച നടത്താമെന്നും അതുവരെ സൗജന്യയാത്ര നിഷേധിക്കില്ലെന്നും ടോള്‍ അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്നു വീണ്ടും ചര്‍ച്ച എന്ന ധാരണയില്‍ യോഗം പിരിയുകയായിരുന്നു.