സതീശന്റെ വാഗ്ദാനം; യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യം പരിഹരിക്കുക മലയോരത്തെ പ്രതിസന്ധി

Mail This Article
മണ്ണാർക്കാട് ∙ യുഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യ പരിഗണന നൽകി മലയോര മേഖലയിലുള്ളവരുടെ പ്രശ്നത്തിനു പരിഹാരം കാണുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മലയോര മേഖലയിലുള്ളവരുടെ പ്രശ്നത്തിൽ നാട്ടുകാർ ഒറ്റയ്ക്കല്ല. ഐക്യജനാധിപത്യ മുന്നണി ഒപ്പമുണ്ട്.18 എംപിമാരും ഒറ്റക്കെട്ടായി പോരാടും. നിയമസഭയ്ക്കകത്തും ശക്തമായ പോരാട്ടം നടത്തും. നടന്നില്ലെങ്കിൽ പേടിക്കേണ്ട. ഈ ഭരണം കഴിയാറായെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് നടത്തുന്ന മലയോര സമര യാത്രയ്ക്കു മണ്ണാർക്കാട്ടു നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മലയോര മേഖലയിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. കൃഷികൾ പന്നിയും കുരങ്ങും മയിലും നശിപ്പിച്ചു. പശുവിനെയും ആടിനെയും പുലിയും കടുവയും കൊന്നു. മൂന്നു വർഷമായി ഈ വിഷയം നിരന്തരം നിയമസഭയിൽ അവതരിപ്പിക്കുന്നു. മറുപടി നിസ്സംഗതയാണ്.
മലയോര മേഖലയിലെ പ്രശ്നം തീർക്കാൻ ഒരു രൂപ പോലും ചെലവാക്കിയില്ല. വന്യജീവി ശല്യം പ്രതിരോധിക്കാൻ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ വരെ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുമ്പോൾ കേരളം അറിഞ്ഞ മട്ടില്ല. 2018നു ശേഷം 60,000 വന്യജീവി ആക്രമണമാണു കേരളത്തിലുണ്ടായത്. ആയിരത്തിലേറെ പേർ മരിച്ചു. എണ്ണായിരത്തിലേറെ പേർക്കു ഗുരുതര പരുക്കേറ്റു. നഷ്ടപരിഹാരത്തിനായി 4000 കുടുംബങ്ങൾ ഇപ്പോഴും കാത്തു നിൽക്കുകയാണ്.
ജനങ്ങളെ വിധിക്കു വിട്ടിരിക്കുകയാണ്. ആനയും കടുവയും കൊന്നാൽ, വിധി എന്നാണു സർക്കാർ നയം. എന്നിട്ടും വന്യജീവി ആക്രമണം കുറഞ്ഞെന്നാണു നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞത്. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണു കേരളം. ഇവിടെ ആവശ്യത്തിനു വനമുണ്ട്. ജനവാസ മേഖല വനമായി പ്രഖ്യാപിക്കുകയാണ്. സീറോ ബഫർ സോണാണു നമ്മുടെ ആവശ്യം. വനത്തിനപ്പുറത്തേക്കു ബഫർ സോൺ ആവശ്യമില്ല.
എൻ.ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഷാനിമോൾ ഉസ്മാൻ, അനൂപ് ജേക്കബ്, മോൻസ് ജോസഫ്, രാജൻ ബാബു, രാഹുൽ മാങ്കൂട്ടത്തിൽ, ബാലഗോപാൽ, മജീഷ് മാത്യു, എം.എം.ഹസൻ, എ.തങ്കപ്പൻ, മരയ്ക്കാർ മാരായമംഗലം, കെ.എ. തുളസി, കളത്തിൽ അബ്ദുല്ല, വി ഡി.ജോസഫ്, ജി.സന്ദീപ് വാരിയർ, സി.വി.ബാലചന്ദ്രൻ, ടി.എ. സിദ്ദിഖ്, റഷീദ് ആലായൻ, സി.അച്യുതൻ, സി.മുഹമ്മദ് ബഷീർ, പി.ആർ. സുരേഷ്, പി.അഷറഫ്, എ.അയ്യപ്പൻ, സിന്ധു രാധാകൃഷ്ണൻ, അസീസ് ഭീമനാട്, വി.പ്രീത, പി.സി.ബേബി എന്നിവർ പ്രസംഗിച്ചു.
കർഷകരോഷം അണപൊട്ടി
മണ്ണാർക്കാട്∙ യുഡിഎഫ് മലയോര സമരയാത്രയിൽ മലയോര കർഷകരുടെ പ്രതിഷേധം ഇരമ്പി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിനു മലയോര കർഷകരാണു യാത്രയ്ക്ക് എത്തിയത്. വന്യ ജീവികളിൽ നിന്നും വനം വകുപ്പിൽ നിന്നും മലയോര കർഷകർ നേരിടുന്ന പ്രയാസങ്ങൾ എണ്ണിപ്പറഞ്ഞുള്ള മുദ്രാവാക്യം വിളിയോടെയാണു കർഷകരെത്തിയത്.
വന്യ മൃഗങ്ങളെക്കാൾ ഭീഷണി വനം വകുപ്പിൽ നിന്നാണ്. മലയോര കർഷകരെ മനുഷ്യരായിപ്പോലും അംഗീകരിക്കാത്ത നയമാണു വനം വകുപ്പിന്റേത്. ഇത് അംഗീകരിക്കാനാവില്ല. ജാഥാ ക്യാപ്റ്റൻ വി.ഡി.സതീശനെ നഗരത്തിലൂടെ സ്വീകരിച്ചാണു വേദിയിലേക്ക് എത്തിച്ചത്.