ADVERTISEMENT

വാളയാർ ∙ വ്യാഴാഴ്ച രാത്രി മുതൽ ഇന്നലെ പുലർച്ചെ മൂന്നര വരെ നീണ്ട വിജിലൻസ് പരിശോധനയിൽ വാളയാർ ഇൻ, ഔട്ട്, വേലന്താവളം ചെക്പോസ്റ്റുകളിൽ നിന്നായി 1,61,060 രൂപ പിടികൂടി. ഇന്നലെ വാളയാർ ഔട്ട് ചെക്പോസ്റ്റിൽ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കയ്യിൽ നിന്നു കണക്കിൽപെടാത്ത 41,000 രൂപ ഉൾപ്പെടെ 80,700 രൂപയാണു പിടിച്ചത്. വാളയാർ ഇൻ ചെക്പോസ്റ്റിൽ നിന്ന് 71,560 രൂപയും വേലന്താവളത്തു നിന്ന് 8,800 രൂപയുമാണു പിടിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് അമിതഭാരം കയറ്റി വരുന്ന ചരക്കുവാഹനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ നേരിട്ടും ഇടനിലക്കാർ വഴിയും കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെത്തുടർന്നാണു വിജിലൻസ് മിന്നൽ പരിശോധനയ്ക്കെത്തിയത്. ജനുവരിയിൽ മൂന്നാം തവണയാണു മോട്ടർ വാഹന ചെക്പോസ്റ്റ് കേന്ദ്രീകരിച്ചുള്ള വിജിലൻസ് പരിശോധന നടന്നത്.

ജനുവരി 11ന് 5 ചെക്പോസ്റ്റുകളിൽ നിന്നായി 1,49,490 രൂപയും 13ന് 1,77,490 രൂപയും പിടികൂടിയിരുന്നു. ഒരു മാസത്തിനിടെ 4,88,040 രൂപയാണു പിടികൂടിയത്. എറണാകുളം റേഞ്ച് എസ്പി എസ്.ശശിധരന്റെ നിർദേശപ്രകാരം പാലക്കാട് വിജിലൻസ് ഡിവൈഎസ്പി എസ്.ഷംസുദ്ദീൻ, എറണാകുളം റേഞ്ച് ഡിവൈഎസ്പി കെ.എ.തോമസ്, പൊലീസ് ഇൻസ്പെക്ടർമാരായ ഷിജു ഏബ്രഹാം, അരുൺ പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ഗസറ്റഡ് ഓഫിസർമാരായ ചിറ്റൂർ ഇറിഗേഷൻ അസി.എൻജിനീയർ ശാന്തകുമാർ, കൊല്ലങ്കോട് കൃഷി ഓഫിസർ രാഹുൽ രാജ്, പാലക്കാട് വിദ്യാഭ്യാസ വകുപ്പ് സൂപ്രണ്ട് കെ.സുരേഷ് എന്നിവരുടെ സാന്നിധ്യത്തിൽ 21 അംഗ സംഘമാണു പരിശോധന നടത്തിയത്.

കൈക്കൂലിക്കേസിൽ നിന്ന് രക്ഷപ്പെടുത്താനും പിരിവ്
പാലക്കാട് ∙ ചെക്പേ‍ാസ്റ്റിലെ റെയ്ഡിൽ കേസും തുടർനടപടിയും ഒഴിവാക്കാൻ വിജിലൻസ് ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകാനെന്നു ധരിപ്പിച്ച് മേ‍ാട്ടർവാഹന വകുപ്പിലെ മേലുദ്യേ‍ാഗസ്ഥരിൽ ചിലർ 15 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ സഹപ്രവർത്തകരിൽ നിന്നു പിരിക്കുന്നതായി വിവരം. കണ്ടെടുക്കുന്ന തുകയുടെ വലുപ്പമനുസരിച്ചാണു പിരിവെന്നു വിജിലൻസ് ഇന്റലിജൻസിന് വിവരം ലഭിച്ചു. ഇക്കാര്യം വിജിലൻസ് ഡയറക്ടറെ ധരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തെ രണ്ടു റെയ്ഡിൽ ഓരോന്നിനും ഇത്തരത്തിൽ കെ‍ാച്ചിയിലെ ഒരു മേ‍ാട്ടർവാഹന ഉദ്യോഗസ്ഥൻ 20 ലക്ഷംരൂപ വാങ്ങിയെന്നാണ് ആരേ‍ാപണം. വാളയാർ ഇൻപേ‍ാസ്റ്റിൽ ഡ്യൂട്ടിയിലുള്ള ഉദ്യേ‍ാഗസ്ഥൻ മാസം 75,000 രൂപയും ഔട്ട് പേ‍ാസ്റ്റിലെ ഒരാൾ 50,000 രൂപയും മേലുദ്യോഗസ്ഥർക്കു വിഹിതം കെ‍ാടുക്കണമെന്നാണു മോട്ടർ വാഹന വകുപ്പിലെ അലിഖിതരീതി.

എന്നാൽ വിജിലൻസ് റെയ്ഡ് നടന്നാൽ പ്രത്യേകം തുകയാണ്. വാളയാർ ഇൻ പേ‍ാസ്റ്റിൽ നിന്നാണു സർക്കാരിനു കൂടുതൽ വരുമാനം ലഭിക്കേണ്ടതെങ്കിലും മൂന്നു റെയ്ഡിലും അവിടെ നിന്നു സർക്കാർ വരുമാനത്തിന്റെ രണ്ടിരട്ടി കൈക്കൂലിപ്പണം കണ്ടെത്തി. കഴിഞ്ഞ ദിവസം 5 മണിക്കൂർ നീണ്ട, റെയ്ഡിൽ കണ്ടെത്തിയതു പ്രകാരം സർക്കാർ ഫീസായി കാണിച്ചത് 19,840 രൂപയാണ്. അതേസമയം, രേഖയിൽ ഇല്ലാത്ത 71,455 രൂപ പിടിച്ചെടുത്തു.ഔട്ട് ചെക്പേ‍ാസ്റ്റിൽ സർക്കാർ ഫീസ് പൂജ്യമാണെങ്കിലും പിരിവു കാശായി 80,000 രൂപയിലധികം കിട്ടി. ചെക്പേ‍ാസ്റ്റിലെ മേ‍ാണിറ്ററിങ് ബേ‍‌ാർഡിനു താഴെ സഞ്ചിയിൽ ഡ്രൈവർമാർ കൈക്കൂലി നിക്ഷേപിച്ചാൽ ഉടൻ രേഖ സീൽ ചെയ്തു കെ‍ാടുക്കും.

ചില ഡ്രൈവർമാർ ചായക്കാശു ചേ‍ാദിക്കുന്നതും കൗണ്ടറിൽ നിന്ന് അതു നൽകുന്നതും ഉൾപ്പെടെ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചിത്രീകരിച്ച വീഡിയേ‍ായിൽ കാണാം. മലയാളി ഡ്രൈവർമാർ മിക്കവരും പണം കെ‍ാടുക്കില്ലെന്നു വിജിലൻസ് പറഞ്ഞു.അതിർത്തി ചെക്പേ‍ാസ്റ്റുകളിൽ മൂന്നു മാസത്തിലെ‍ാരിക്കൽ ഉദ്യേ‍ാഗസ്ഥരെ മാറ്റണമെന്നാണ് ഉത്തരവെങ്കിലും നിലവിലുള്ളവർ ഏഴു മാസമായി ഇവിടെ തുടരുന്നതായി വിജിലൻസ് ഡയറക്ടർക്കു നൽകിയ പ്രാഥമിക റിപ്പേ‍ാർട്ടിൽ സൂചിപ്പിക്കുന്നു.

English Summary:

Walayar vigilance raid unearths significant unaccounted cash. The surprise inspection at Walayar checkpoints resulted in the seizure of over ₹1.6 lakh, leading to further investigations into alleged corruption.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com