ഊട്ടറപ്പുഴപ്പാലം നിർമാണം വൈകിയേക്കും

Mail This Article
കൊല്ലങ്കോട് ∙ ഊട്ടറപ്പുഴപ്പാലം നിർമാണം റീ ടെൻഡറിലേക്കു നീങ്ങിയതു പുതിയ പാലം നിർമാണം അനിശ്ചിതത്വത്തിലാക്കി. 5.99 കോടി രൂപയ്ക്കു പുതിയ പാലം നിർമിക്കാൻ ടെൻഡർ ക്ഷണിച്ചെങ്കിലും ടെൻഡറെടുക്കാൻ ആളില്ലാതായതോടെയാണു കേരള റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ റീ ടെൻഡർ നടപടികളിലേക്കു നീങ്ങിയത്. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോഴേക്കും മാർച്ച് കഴിയും. അടുത്ത സാമ്പത്തിക വർഷത്തിലെ നടപടികൾ പൂർത്തിയാക്കി കരാർ ചെയ്യാൻ കഴിയൂ. ഇതോടെ പുതിയ പാലത്തിന്റെ നിർമാണ പ്രവൃത്തികൾ വൈകും. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരാനിരിക്കെ നടപടിക്രമങ്ങൾ അനിശ്ചിതമായി നീളുകയോ, റീ ടെൻഡർ എടുക്കാൻ ആളില്ലാതാവുകയോ ചെയ്താൽ പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയുണ്ട്.
ഗായത്രിപ്പുഴയ്ക്കു കുറുകെ നിലവിലെ പാലത്തിൽ കുഴി രൂപപ്പെട്ടതിനെ തുടർന്ന് അരക്കോടിയോളം രൂപ ചെലവിട്ടു പാലം താൽക്കാലികമായി ബലപ്പെടുത്തുകയായിരുന്നു. ഏറെ നാൾ വാഹന ഗതാഗതം നിരോധിച്ചാണ് അറ്റകുറ്റപ്പണി നടത്തി പാലം ബലപ്പെടുത്തിയത്. തുടർന്നു വലിയ വാഹനങ്ങൾ ഒഴിവാക്കാൻ 3 മീറ്റർ ഉയരത്തിൽ ട്രാഫിക് ബാരിയർ സ്ഥാപിച്ചാണു റോഡ് തുറന്നു കൊടുത്തത്. എന്നാൽ ട്രാഫിക് ബാരിയർ ചരക്കു ലോറികൾ പലതവണ ഇടിച്ചു തകർത്തതിനാൽ ഇപ്പോൾ പാലം തുറന്നു കിടക്കുകയാണ്. ബലക്ഷയ ഭീഷണിയുള്ള പാലത്തിലൂടെ 30–40 ടൺ ഭാരം കയറ്റിയ ലോറികൾ പോകുന്നുണ്ട്.
വീണ്ടും പാലത്തിൽ വിള്ളൽ ഉണ്ടാകുമോ എന്ന ആശങ്കയ്ക്കു കൃത്യമായ മറുപടി നൽകാൻ പൊതുമരാമത്ത് വകുപ്പിനും കഴിയാത്ത സ്ഥിതിയാണ്. നിലവിലെ പാലത്തിൽ ഇനിയൊരു പ്രശ്നം ഉണ്ടാകുന്നതിനു മുൻപു പുതിയ പാലത്തിന്റെ നിർമാണം പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേരള റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ നടത്തുന്ന പ്രവർത്തനങ്ങൾക്കു പ്രതിസന്ധിയാണു പുതിയ പാലത്തിന്റെ ടെൻഡർ എടുക്കാൻ ആരുമില്ലാത്തത്.
നടപടികൾ വേഗത്തിലാക്കും: കെ.ബാബു എംഎൽഎ
∙ ഗായത്രിപ്പുഴയ്ക്കു കുറുകെ ഊട്ടറയിൽ പുതിയ പാലം നിർമിക്കുന്നതിനുള്ള റീ ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ ഇടപെടുമെന്നു കെ.ബാബു എംഎൽഎ പറഞ്ഞു. നിലവിലെ പാലം നിലനിർത്തിക്കൊണ്ടു തന്നെ പുതിയ പാലം നിർമിച്ചു ഗതാഗതത്തിനു തുറന്നു കൊടുക്കാനാണു ലക്ഷ്യമിടുന്നത്. ടെൻഡർ എടുക്കാൻ ആളില്ലാത്ത സാഹചര്യം വന്ന സ്ഥിതിയിൽ റീ ടെൻഡർ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അധികൃതർക്കു നിർദേശം നൽകുമെന്നും എംഎൽഎ പറഞ്ഞു.