വ്യത്യസ്ത കൃഷിരീതി; ചീരയിൽ ‘വിപ്ലവവിജയം’ സൃഷ്ടിച്ച് ഷാഹുൽ ഹമീദ്

Mail This Article
എലപ്പുള്ളി ∙ നെല്ലറയുടെ നാട്ടുകാർ പയറ്റി നോക്കാത്ത ചീരക്കൃഷിയിലൂടെ വിജയത്തിന്റെ വിപ്ലവം സൃഷ്ടിക്കുകയാണ് എലപ്പുള്ളി മണിയേരിയിലെ ഷാഹുൽ ഹമീദ് എന്ന കർഷകൻ. ചെലവു കുറഞ്ഞ രീതിയിൽ ലളിതമായാണ് ഇദ്ദേഹം കൃഷി ഒരുക്കിയിട്ടുള്ളത്. പ്രതികൂല കാലാവസ്ഥയും ജലക്ഷാമവും അധ്വാനത്തിലൂടെ പൊരുതി തോൽപിച്ചപ്പോൾ പാടത്ത് നിന്നു നൂറുമേനി വിളവാണ് ലഭിച്ചത്. ഇദ്ദേഹം നടപ്പാക്കിയ കൃഷിരീതിയും വ്യത്യസ്തമായിരുന്നു. ആദ്യം കൊയ്ത്തു കഴിഞ്ഞ പാടത്ത് തമിഴ്‌നാട്ടിൽ നിന്നു വരുന്ന ചെമ്മരിയാടിൻ കൂട്ടങ്ങളെ മേയാൻ വിട്ടു. ആയിരത്തോളം വരുന്ന ആടുകളെ ഉടമസ്ഥനു ദിവസവാടക അങ്ങോട്ടു നൽകി സ്വന്തം പാടത്ത് ടെന്റ് കെട്ടി താമസിപ്പിച്ചു. ശേഷം ഇവയുടെ കാഷ്ഠവും മൂത്രവും കൊണ്ട് സമൃദ്ധമായ മണ്ണ് ഉഴുതുമറിച്ച ശേഷം ചീരവിത്ത് പാകി. ഇതിലൂടെ വളം, കടത്തുകൂലി, എന്നിവയെല്ലാം ലാഭിച്ചു. പച്ച, ചുവപ്പ്, ഹൈബ്രീഡ്, പാലക്ക് എന്നീയിനം ചീരകളാണ് ഇവിടെയുള്ളത്. ചീര എല്ലാ സമയത്തും ലഭ്യമാക്കാൻ ഘട്ടം ഘട്ടമായിട്ടായിരുന്നു വിത.
പൂർണമായി ജൈവ രീതിയിലാണ് ഷാഹുൽ ഹമീദിന്റെ ചീരക്കൃഷി. ട്യൂബ് പൈപ്പുകൾ ഉപയോഗിച്ച് സമീപത്തെ കനാലിൽ നിന്നും കൃത്യമായി ജലസേചനം പാടത്ത് ഒരുക്കിയിട്ടുണ്ട്. നാലര ഏക്കർ ചീരയാണ് നിലവിൽ കൃഷി ചെയ്തിരിക്കുന്നത്.
സ്വന്തമായ വിപണന രീതിയും ഷാഹുൽ ഹമീദിനുണ്ട്. ജില്ലയിലെ വിവിധ മാർക്കറ്റുകളിൽ ചീര കെട്ടുകളാക്കി എത്തിക്കാനും ചന്തകളിൽ സ്വന്തമായി വിപണനം ചെയ്യാനും ഷാഹുൽ ഹമീദും കുടുംബവും മുന്നിട്ടിറങ്ങും. നാടൻ ചീരയ്ക്ക് ആവശ്യക്കാരും ധാരാളമുണ്ട്.
വർഷത്തിലുടനീളം സുസ്ഥിര വരുമാനം ലക്ഷ്യമാക്കുന്ന കൃഷിരീതിയാണ് ഷാഹുൽ ഹമീദിന്റെത്. ആദ്യം നെൽക്കൃഷി, പിന്നീട് വലിയ മുതൽമുടക്കില്ലാതെ തന്നെ നടത്തുന്ന ചീരക്കൃഷി എന്നിവ മറ്റുള്ള കൃഷിക്കാർക്കും മാതൃകയാക്കാവുന്നതാണെന്ന് കൃഷിക്കു സഹായവുമായി കൂടെയുള്ള എലപ്പുള്ളി കൃഷി ഓഫിസർ ബി.എസ്.വിനോദ്കുമാർ പറഞ്ഞു.