ലഹരി കൈമാറ്റത്തിന്റെ മിനി ഹബ്ബായി അമ്പലംകുന്ന് തൂക്കുപാലം; പൊലീസിൽ അറിയിച്ചിട്ടും ഫലമില്ലെന്നു നാട്ടുകാർ

Mail This Article
മണ്ണാർക്കാട്∙ ലഹരിയുടെ മിനി ഹബ്ബായി കുമരപുത്തൂർ പയ്യനെടം അമ്പലംകുന്ന് തൂക്കുപാലം. സന്ധ്യയായാൽ വൻ ലഹരി കൈമാറ്റമാണ് ഇവിടെ നടക്കുന്നത്. പൊലീസിൽ അറിയിച്ചിട്ടും ഫലമില്ലെന്നു നാട്ടുകാർ. പുതുക്കുടി ഏനാനിമംഗലം ക്ഷേത്രത്തിന്റെ സമീപത്താണു പുതുക്കുടിയെയും തെങ്കര പഞ്ചായത്തിലെ കൈതച്ചിറയെയും ബന്ധിപ്പുക്കുന്ന തൂക്കുപാലം. ഈ പാലവും സമീപത്തെ പുഴ പുറമ്പോക്കും കേന്ദ്രീകരിച്ചാണു ലഹരി സംഘത്തിന്റെ താവളം. സന്ധ്യ കഴിഞ്ഞാൽ സമീപ ജില്ലകളിൽ നിന്ന് ഉൾപ്പെടെയുള്ളവരാണ് ഇവിടെയെത്തുന്നത്.
ലഹരി വസ്തുക്കളുടെ കൈമാറ്റം ഇവിടെ വച്ചാണെന്നാണു നാട്ടുകാർ പറയുന്നത്. സന്ധ്യയായാൽ പ്രദേശവാസികൾ ഈ ഭാഗത്തേക്കു പോകാറില്ല. അതുകൊണ്ടു തന്നെ ലഹരി സംഘങ്ങൾക്കു സൗകര്യമായി ഇടപാടു നടത്താനാകും. അമ്പലംകുന്ന് തിരഞ്ഞെടുക്കാൻ വേറെയും കാരണങ്ങളുണ്ട്. പയ്യനെടം മൈലാംപാടം റോഡിൽ നിന്നു വിവിധ വഴികളിലൂടെ അമ്പലംകുന്നിലെത്താം. തൂക്കുപാലം കടന്ന് കൈതച്ചിറ ഭാഗത്തു നിന്നും എത്താനാവും. ഏതെങ്കിലും തരത്തിൽ പരിശോധനയുണ്ടായാൽ രക്ഷപ്പെടാനുള്ള മാർഗങ്ങളുള്ളതാണ് അമ്പലംകുന്നിനെ ലഹരി സംഘത്തിനു പ്രിയപ്പെട്ടതാക്കുന്നത്. പലതവണ പൊലീസിനെ വിവരം അറിയിച്ചെങ്കിലും വരാമെന്നു പറയുന്നതല്ലാതെ പൊലീസ് എത്താറില്ലെന്നു പൊതുപ്രവർത്തകരും നാട്ടുകാരും പറഞ്ഞു.