വെണ്ണടി കരിങ്കൽ ക്വാറി: ദുരിതമൊഴിയാതെ പ്രദേശവാസികൾ

Mail This Article
തടുക്കശ്ശേരി ∙ വെണ്ണടി കരിങ്കൽ ക്വാറി പ്രവർത്തനത്തിൽ പ്രദേശത്തുകാരുടെ ദുരിതം ഒഴിയുന്നില്ലെന്ന് പരാതി. ക്വാറിയുടെ പ്രവർത്തനത്തിൽ വീടുകളുടെ ചുമരുകൾ വീണ്ടുകീറിയ സംഭവം തുടർക്കഥയായി. നടുക്കുന്ന സ്ഫോടനത്തിൽ ഭീതിയോടെയാണ് കഴിയുന്നതെന്ന് ഇവിടത്തുകാർ പറയുന്നു. അതിരാവിലെ ക്വാറിയുടെ പ്രവർത്തനം തുടങ്ങുന്നതു മൂലം പ്രദേശത്തെ കുടുംബങ്ങളിലെ ചെറിയ കുട്ടികളെ ബന്ധുവീട്ടിലേക്കു മാറ്റി താമസിപ്പിച്ചു.ക്വാറിക്കെതിരെ പരാതിയുമായി ആക്‌ഷൻ കൗൺസിൽ സജീവമായി രംഗത്തുണ്ട്. ഇവർ മുഖ്യമന്ത്രിക്കു വരെ പരാതി നൽകിയിട്ടും ഇടപെടൽ നടന്നില്ലെന്ന് പറയുന്നു. അതേസമയം, ക്വാറിയിലേയ്ക്കു പാൽ സൊസൈറ്റി റോഡ് ആവശ്യമായ വീതിയില്ലാത്തതിനാൽ ഇതുവഴി ഭാരവാഹനത്തിനു പോകാൻ പാടില്ലെന്ന നിയമം ചൂണ്ടികാട്ടി റവന്യു വകുപ്പിന്റെ രേഖകൾ സഹിതം ബന്ധപ്പെട്ടവർക്കു പരാതി നൽകിയിട്ടും ഫലം കണ്ടില്ല. തുടരെയുള്ള പരാതികൾ കണ്ടില്ലെന്നു നടിക്കുന്ന നിസംഗത ജനത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രദേശവാസികൾ ആരോപിച്ചു.