9 ലക്ഷം രൂപയുടെ കാത്തിരിപ്പ് കേന്ദ്രം; കണക്കിൽ 17 ലക്ഷം, ബാക്കി തുക തിരിച്ചടപ്പിച്ച് എംപി

Mail This Article
പാലക്കാട് ∙ ഒരു ബസ് കാത്തിരിപ്പു കേന്ദ്രത്തിനു 17 ലക്ഷം രൂപയോ? പാലക്കാട്ടെ ജനങ്ങൾ സംശയിച്ചതു പോലെ അതിനു വേണ്ടി ഫണ്ട് അനുവദിച്ച വി.കെ.ശ്രീകണ്ഠൻ എംപിക്കും ഈ സംശയമുണ്ടായിരുന്നു. ഒടുവിൽ, നിർമാണത്തിനു ശേഷം ബാക്കി വന്ന തുക റെയിൽവേയെ കൊണ്ട് തിരിച്ചടപ്പിച്ചിരിക്കുകയാണ് എംപി. ജനപ്രതിനിധികൾക്ക് മാതൃകയാക്കാവുന്ന ഈ പ്രവൃത്തിക്ക് പിന്തുണയും അഭിനന്ദനവുമായി ഒട്ടേറെ പേരെത്തി. എംപിയുടെ പ്രാദേശിക വികസന ആസ്തി ഫണ്ട് വിനിയോഗിച്ച് ഒലവക്കോട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ 2021 ഒക്ടോബർ 13നാണ് ബസ് കാത്തിരിപ്പു കേന്ദ്രം നിർമാണം പൂർത്തീകരിച്ചത്.
16.97 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചെന്നാണു റെയിൽവേ എംപിയെ അറിയിച്ചത്. ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ശിലാ ഫലകത്തിലും അത് രേഖപ്പെടുത്തിയിരുന്നു. എന്നാൽ സാധാരണ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു ഇത്രയും ചെലവാകുമോ എന്ന സംശയം പലർക്കുമുണ്ടായിരുന്നു. പലരും ഇതിനെ ചോദ്യം ചെയ്ത് വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചിരുന്നു. ഈ സംശയം ഉടലെടുത്ത എംപി റെയിൽവേയോട് നിർമാണ ചെലവിന്റെ കണക്ക് നൽകാൻ ആവശ്യപ്പെട്ടു.
ഗ്രാനൈറ്റ്, സ്റ്റീൽ റോഡ്, ഗോപുരം പോലുള്ള പുതിയ ഡിസൈൻ എന്നിവ ഉൾപ്പെടുത്തിയതിനാൽ 16.97 ലക്ഷം രൂപ ചെലവ് വന്നെന്ന് റെയിൽവേ എംപിക്ക് നൽകിയ കണക്കിൽ കാണിച്ചു. നൽകിയ കണക്ക് തൃപ്തികരമല്ലാത്തതിനാൽ എംപി കലക്ടറോട് നിർമാണ ചെലവ് സംബന്ധിച്ച് അന്വേഷിക്കണമെന്ന് നിർദേശിച്ചു. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു 9 ലക്ഷം രൂപ മാത്രമാണ് ചെലവ് വന്നതെന്ന് റെയിൽവേ അറിയിച്ചു. ബാക്കി തുക ഡിപ്പോസിറ്റ് എന്ന പേരിൽ റെയിൽവേ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. എംപിയുടെ ഇടപെടലുകളെ തുടർന്ന് ബാക്കി വന്ന 7,02,817 രൂപ റെയിൽവേ എംപിയുടെ ഫണ്ടിലേക്ക് കൈമാറി.