അമ്പലപ്പുഴ – പൊടിയാടി റോഡ് നവീകരണം പൂർത്തിയായി; ഉദ്ഘാടനം ഇന്ന്

Mail This Article
തിരുവല്ല ∙ ഉന്നത നിലവാരത്തിൽ പുനർനിർമിച്ച അമ്പലപ്പുഴ - പൊടിയാടി റോഡിന്റെ ഉദ്ഘാടനം ഇന്ന് 10ന് പൊടിയാടി ജംക്‌ഷനിൽ മന്ത്രി ജി.സുധാകരൻ നിർവഹിക്കും. മാത്യു ടി.തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും.കിഫ്ബിയുടെ ആദ്യ പ്രവൃത്തിയിൽ ഉൾപ്പെടുത്തി അമ്പലപ്പുഴ മുതൽ പൊടിയാടി വരെ 22.56 കിലോമീറ്റർ 70.75 കോടി രൂപ ചെലവിലാണ് പൂർത്തിയായിരിക്കുന്നത്. 2017 മേയിലാണ് നിർമാണം തുടങ്ങിയത്. ടാറിങ് ഒന്നര വർഷം മുൻപ് പൂർത്തിയായെങ്കിലും അനുബന്ധ ജോലികൾ കഴിഞ്ഞ മാസമാണ് തീർന്നത്. എല്ലായിടത്തും ഏഴര മീറ്റർ വീതിയുണ്ട്. അമ്പലപ്പുഴയിൽ കച്ചേരിപ്പടി മുതൽ കിഴക്കേനട വരെ 15 മീറ്റർ വീതിയിലാണ് ടാറിങ്. തകഴി, നീരേറ്റുപുറം, എടത്വ എന്നിവിടങ്ങളിൽ 10 മീറ്ററും ടാറിങ് ഉണ്ട്. എല്ലായിടത്തും ഇരുവശത്തുമയി ഒന്നര മീറ്റർ ഐറിഷ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.
നെടുമ്പ്രം സ്കൂളിനു മുൻപിൽ ഉൾപ്പെടെ നടപ്പാതയിൽ കൈവരികൾ സ്ഥാപിച്ചിട്ടുണ്ട്.രണ്ടാം ഘട്ടമായി പൊടിയാടി മുതൽ തിരുവല്ല കുരിശുകവല വരെ 4.56 കിലോമീറ്റർ പുനർനിർമാണം ഉടൻ തുടങ്ങും. ഇതിന് 86 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 27 കിലോമീറ്ററോളം വരുന്ന ഈ റോഡിന്റെ ഭൂരിഭാഗവും ആലപ്പുഴ ജില്ലയിൽപ്പെട്ടതാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല കുരിശുകവല, കാവുംഭാഗം, പൊടിയാടി, ആലപ്പുഴ ജില്ലയിലെ ചക്കുളത്തുകാവ്, തലവടി, എടത്വ, തകഴി തുടങ്ങിയ പ്രധാന ജംക്‌ഷനിലൂടെയാണ് കടന്നുപോകുന്നത്.
അപ്പർകുട്ടനാടൻ മേഖലയിലെ പ്രധാന റോഡ് ആണിത്. ആലപ്പുഴ ജില്ലയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളായ ചക്കുളത്തുകാവ്, എടത്വ പള്ളി എന്നിവിടങ്ങളിൽ എത്തുന്ന തീർഥാടകർക്ക് ഏറെ പ്രയോജനം ചെയ്യും. ഹരിപ്പാട് ഭാഗത്തേക്കു പോകാനും ഈ റോഡ് ഉപകരിക്കും.