വീടു ചോദിച്ച് സമരവുമായി ആദിവാസി കുടുംബം

Mail This Article
റാന്നി ∙ തല ചായ്ക്കാൻ വീടും സ്ഥലവുമില്ലാതെ മറ്റൊരു വീടിന്റെ സെപ്റ്റിക് ടാങ്കിനു മുകളിൽ പടുത വലിച്ചുകെട്ടി കഴിയുന്ന ആദിവാസി കുടുംബം ഓട്ടിസം ബാധിച്ച കുട്ടിയുമായി പട്ടികവർഗ ക്ഷേമ ഓഫിസിൽ എത്തി പ്രതിഷേധിച്ചു. കുടുംബത്തിനു പിന്തുണയുമായി കോൺഗ്രസ്, മുസ്‍ലിം ലീഗ് നേതാക്കളും പ്രവർത്തകരും എത്തിയതോടെ പ്രതിഷേധം ഉപരോധമായി.
ഉടനെ വീടും സ്ഥലവും നൽകുമെന്നും അതുവരെ വാടകക്കെട്ടിടത്തിൽ താമസിപ്പിക്കുമെന്നും ഉറപ്പു ലഭിച്ച ശേഷണ് സമരം അവസാനിപ്പിച്ചത്. എഴുമറ്റൂർ ഉപ്പുമാക്കൽ കോളനി വാലക്കൽ രാജുവും ഭാര്യ സുധയുമാണ് മകനുമായെത്തി സമരം നടത്തിയത്. 2014 മുതൽ ഇവർ വീടിനായി അപേക്ഷ നൽകുകയാണ്.
പടുതയ്ക്കു കീഴിൽ കുട്ടിക്കു കിടക്കാൻ കഴിയുന്നില്ല. പലതവണ ജനപ്രതിനിധികൾ അടക്കമുള്ളവരെ സമീപിച്ചിട്ടും പരിഹാരം കണ്ടില്ല. ഇതേ തുടർന്നാണ് പ്രതിഷേധത്തിന് എത്തിയത്. ഇത് അറിഞ്ഞ് ഡിസിസി വൈസ് പ്രസിഡന്റ് റിങ്കു ചെറിയാന്റെ നേതൃത്വത്തിൽ കോൺഗ്രസുകാരും ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്തിന്റെ നേതൃത്വത്തിൽ മുസ്‌ലിം ലീഗുകാരും എത്തി. ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ പി.അജി നൽകിയ ഉറപ്പിലാണ് സമരക്കാർ പിരിഞ്ഞത്.