ചരിത്രത്തിൽ ആദ്യമായി സമൂഹസദ്യ ഇല്ലാതെ അഷ്ടമിരോഹിണി; ഹൃദയം അമ്പാടിയായപ്പോൾ: ചിത്രങ്ങള്

Mail This Article
ആറന്മുള ∙ ചരിത്രത്തിൽ ആദ്യമായി ക്ഷേത്രാങ്കണത്തിലെ സമൂഹസദ്യ ഇല്ലാതെ പാർഥസാരഥിയുടെ ജന്മദിനമായ അഷ്ടമിരോഹിണി ഇന്ന് ആഘോഷിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചാരപരമായ ചടങ്ങുകൾ മാത്രമേ ഇന്നു നടക്കൂ. പാർഥസാരഥി ക്ഷേത്രത്തിന്റെ തിരുമുറ്റത്തും ഊട്ടുപുരകളിലും സമൂഹ വള്ളസദ്യ ഉണ്ടായിരിക്കില്ല. ക്ഷേത്രത്തിൽ ഉച്ച പൂജയോടനുബന്ധിച്ച് രാവിലെ 11.30 ന് ഗജമണ്ഡപത്തിൽ സമൂഹ വള്ളസദ്യയുടെ സമർപ്പണം നടക്കും.
ഇന്നത്തെ പൂജയ്ക്ക് തന്ത്രി കുഴിക്കാട്ട് ഇല്ലത്ത് കാളിദാസൻ ഭട്ടതിരി കാർമികത്വം വഹിക്കും. തുടർന്ന് പള്ളിയോട സേവാസംഘത്തിന്റെ പാഞ്ചജന്യം ഹാളിൽ സമൂഹ വള്ളസദ്യ. 32 പേർ മാത്രം പങ്കെടുക്കാനാണ് അനുമതി. വിഭവങ്ങളേറെയുണ്ടാകില്ല. പാടിച്ചോദിക്കുന്നവയും മറ്റുമായി ചടങ്ങ് മാത്രം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സദ്യ തയാറാക്കുന്ന പാചകക്കാർ, വിളമ്പുകാർ എന്നിവർക്കു സ്രവ പരിശോധന നടത്തി. വിജയൻ നടമംഗലമാണ് വള്ളസദ്യ തയാറാക്കുന്നത്.
പാളത്തൈര് സമർപ്പിച്ചു

ഭഗവാന്റെ ജന്മാഷ്ടമി സദ്യയ്ക്ക് കോട്ടയം ജില്ലയിലെ ചേനപ്പാടിയിൽനിന്ന് എത്തിച്ച പാളത്തൈരിന്റെ സമർപ്പണം ഇന്നലെ വൈകിട്ട് ക്ഷേത്രത്തിൽ നടന്നു. പ്രതീകാത്മകമായി നടന്ന ചടങ്ങിൽ ഏതാനും പേർ മാത്രമേ പങ്കെടുത്തുള്ളൂ. വാഴൂർ തീർഥ പാദാശ്രമത്തിൽനിന്ന് ഒരു പാളപ്പാത്രത്തിൽ മാത്രമാണ് തൈര് എത്തിച്ചത്. ചേനപ്പാടി പാർഥസാരഥി ഭക്തജന സമിതി പ്രസിഡന്റ് രാജപ്പൻനായർ കോയിക്കൽ, സെക്രട്ടറി ജയകൃഷ്ണൻ കുറ്റിക്കാട്ടിൽ, ട്രഷറർ അഭിലാഷ് പടത്യാനിക്കൽ, രാധാകൃഷ്ണൻ കൃഷ്ണകൃപ എന്നിവരാണ് പാളത്തൈരുമായി എത്തിയത്.

ഭഗവാന്റെ തിരുമുൻപിൽ കൊടിമരച്ചുവട്ടിൽ സമർപ്പിച്ച തൈര് പള്ളിയോട സേവാസംഘം ഭാരവാഹികൾ ഏറ്റുവാങ്ങി പാചകക്കാർക്കു കൈമാറി. ഭാരവാഹികളായ ബി.കൃഷ്ണകുമാർ കൃഷ്ണവേണി, സുരേഷ് ജി.വെൺപാല, പി.ആർ.രാധാകൃഷ്ണൻ, കെ.സഞ്ജീവ്കുമാർ, ദേവസ്വം അസി. കമ്മിഷണർ എസ്.അജിത്കുമാർ, എഒ പി.ബി.ഹരിദാസ് എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട∙ ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കാൻ വീടുകളിൽ കൃഷ്ണ കുടീരങ്ങൾ ഒരുങ്ങി. ഇന്ന് കാൽലക്ഷം കൃഷ്ണ കുടീരങ്ങളും കൃഷ്ണപൂക്കളങ്ങളും വീടുകളിൽ ഒരുക്കാനുള്ള അവസാനവട്ട തയാറെടുപ്പുകളും പൂർത്തിയായി. ഇന്നലെ വൈകിട്ട് മുതൽ വ്രതാനുഷ്ഠാനങ്ങൾ തുടങ്ങി. കോവിഡ് വ്യാപന സാഹചര്യത്തിൽ ഇത്തവണ ശോഭായാത്രകൾ ഇല്ല. അതിനാൽ വീടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന ആഘോഷങ്ങൾ പരമാവധി വർണാഭമാക്കാനുള്ള തയാറെടുപ്പുകളാണ് നടക്കുന്നത്.

ജില്ലയിൽ കലഞ്ഞൂർ, പന്തളം, അടൂർ, വടശേരിക്കര, പത്തനംതിട്ട, കോന്നി എന്നീ താലൂക്കുകൾ കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾക്കുള്ള തയാറെടുപ്പുകൾ നടത്തിയത്. സമാപന സഭ ഇന്നു വൈകിട്ട് 6.30നു ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുമെന്ന് ബാലഗോകുലം ജില്ല പ്രസിഡന്റ് രവീന്ദ്ര വർമ അംബാനിലയം, ജില്ല കാര്യദർശി ശരവൺ.ആർ.പന്തളം എന്നിവർ അറിയിച്ചു. രാവിലെ 7ന് പൂക്കളമൊരുക്കൽ, 12ന് കുട്ടികൾക്ക് കൃഷ്ണനൂട്ട്, 4.30ന് കൃഷ്ണ,ഗോപിക വേഷം അണിയൽ, 5.30ന് ജന്മാഷ്ടമി ദീപക്കാഴ്ച, 6.30ന് സമാപനസഭ. 7.30ന് ശാന്തി മന്ത്രം എന്ന ക്രമത്തിലാണു ആഘോഷപരിപാടികൾ നടത്തുക.



