ചെയറിൽ ഡപ്യൂട്ടി സ്പീക്കർ, ചിറ്റയം ഗോപകുമാർ

Mail This Article
അടൂർ∙ പഞ്ചായത്ത് പ്രസിഡന്റ് പദവി ലഭിച്ച് 26 വർഷം പിന്നിടുമ്പോൾ ചിറ്റയം ഗോപകുമാറിനെ തേടി എത്തിയത് പതിനഞ്ചാം നിയമസഭയിലെ ഡപ്യൂട്ടി സ്പീക്കർ സ്ഥാനം. അടൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്നാമങ്കത്തിൽ വിജയിച്ചു കയറിയപ്പോഴാണ് ഇൗ സ്ഥാനലബ്ധി.1995ൽ കൊട്ടാരക്കര പഞ്ചായത്തിൽ മത്സരിച്ചാണ് ആദ്യ അവസരത്തിൽ തന്നെ ചിറ്റയം പഞ്ചായത്തു പ്രസിഡന്റായത്.
പിന്നീട് 2011ൽ സംവരണ മണ്ഡലമായ അടൂരിൽ നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചപ്പോൾ അവിടെയും ജയം. 2016ലും ഇതേ വിജയം ആവർത്തിച്ചു, വൻ ഭൂരിപക്ഷത്തോടെ. ഇക്കുറി ഹാട്രിക് വിജയവും കൈവരിച്ചു. ഈ സന്തോഷത്തിനിടയിലാണ് ഡപ്യൂട്ടി സ്പീക്കർ പദവി കൂടി ലഭിച്ചത്. ചിറ്റയത്തിന്റെ നേട്ടത്തിൽ ജില്ലയ്ക്കും അടൂർ നിയമസഭാ മണ്ഡലത്തിനും അഭിമാനം.

ജീവിത വഴി
കൊല്ലം ജില്ലയിലെ പനയം വില്ലേജിൽ ചിറ്റയം കാട്ടുവിള പുത്തൻവീട്ടിൽ ടി. ഗോപാലകൃഷ്ണന്റെയും ടി.കെ. ദേവയാനിയുടെയും മകനായി 1965 മേയ് 30നാണ് ഗോപകുമാർ ജനിച്ചത്. 1993 ജൂൺ ഒന്നിന് മൈലം സ്വദേശിനി ഷേർളി ബായിയെ വിവാഹം കഴിച്ചു. ഹൈക്കോടതിയിൽ കോർട്ട് ഓഫിസറായിരുന്ന ഷേർളി, 2016ൽ സ്വയം വിരമിച്ചു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിൽ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായി വിദ്യാർഥി രാഷ്ട്രീയം ആരംഭിച്ചു.
പിന്നീട് എഐഎസ്എഫ് കൊട്ടാരക്കര താലൂക്ക് സെക്രട്ടറി, കൊല്ലം ജില്ലാ വൈസ്പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. തുടർന്ന് എഐവൈഎഫിലും എഐടിയുസിയിലും എത്തി. കർഷക തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
നിലവിലെ സ്ഥാനങ്ങൾ
സിപിഐ സംസ്ഥാന കൗൺസിൽ അംഗം, എഐടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം, കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ സംസ്ഥാന സെക്രട്ടറി, ആശാ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, കെടിഡിസി എംപ്ലോയീസ് യൂണിയൻ (എഐടിയുസി) സംസ്ഥാന പ്രസിഡന്റ്, കർഷക തൊഴിലാളി യൂണിയൻ ദേശീയ കൗൺസിൽ അംഗം, കലാ സാംസ്കാരിക സംഘടനയായ ഇപ്റ്റ സംസ്ഥാന കമ്മിറ്റി അംഗം യുവകലാസാഹിതി, ഇന്റർനാഷനൽ ഫെസ്റ്റിവൽ ഓഫ് അടൂർ എന്നീ സംഘടനകളുടെ രക്ഷാധികാരി.
വികസന വഴി
അടൂർ മണ്ഡലത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ ഒട്ടേറെ വികസന പദ്ധതികൾക്ക് രൂപം നൽകാൻ ചിറ്റയത്തിനു കഴിഞ്ഞു. നാലായിരത്തോളം കോടി രൂപയുടെ വികസനമാണ് എത്തിച്ചത്.
∙ വിദ്യാഭ്യാസ മേഖലയിൽ 24 സ്കൂളുകൾ ഹൈടെക് നിലാവാരത്തിലേക്ക് ഉയർത്തി. അടൂർ ഗവ. ബോയ്സ് ഹയർ സ്കൂളിനെ രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി.
∙ അടൂർ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് 10 കോടി ചെലവിൽ ഇരട്ടപ്പാലം നിർമാണം അവസാന ഘട്ടത്തിൽ.
∙ കൊല്ലം–പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ആനയടി–കൂടൽ റോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കുന്നതിനുള്ള ജോലികൾ നടക്കുന്നു.
∙ അടൂർ ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റും ട്രോമാകെയർ യൂണിറ്റും.
∙ കൊടുമണ്ണിൽ മികച്ച സ്റ്റേഡിയം നിർമിച്ചു. പന്തളം ചേരിക്കലിൽ മിനി സ്റ്റേഡിയത്തിനും അനുമതിയായി.
∙ അടൂരിൽ എക്സൈസ് കോംപ്ലക്സ് കെട്ടിടം നിർമിച്ചു. കോടതി സമുച്ചയത്തിന്റെ നിർമാണം പുരോഗമിക്കുന്നു.
∙ മണ്ണടി വേലുത്തമ്പി ദളവാ സ്മാരകത്തിൽ രാജ്യാന്തര പഠന ഗവേഷണ കേന്ദ്രത്തിനും പന്തളം ബൈപാസിനും അനുമതി ലഭിച്ചിട്ടുണ്ട്.
ഇരട്ടിമധുരമായി വിവാഹ വാർഷികവും
അടൂർ ∙ ജൂൺ ഒന്നിന് 28–ാം വിവാഹ വാർഷികം ആഘോഷിക്കാൻ ഒരുങ്ങുമ്പോഴാണ് അടൂരിന്റെ നിയുക്ത എംഎൽഎ ചിറ്റയം ഗോപകുമാറിന് ഡപ്യൂട്ടി സ്പീക്കർ പദവി ലഭിക്കുന്നത്. ഷാൻഗ്രില വീടിനു മുന്നിലെ എംഎൽഎയുടെ വസതി എന്ന ബോർഡ് ഇനി ഡപ്യൂട്ടി സ്പീക്കറുടെ വസതിയെന്നായി മാറും.
"ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തിൽ അമിത സന്തോഷമില്ല. പാർട്ടി ഏൽപിക്കുന്ന ഏതൊരു ഉത്തരവാദിത്തവും നൂറു ശതമാനം സത്യസന്ധതയോടെ ചെയ്യും. കോവിഡ് മഹാമാരിയിൽ നിന്നുള്ള മോചനമാണ് നമ്മുടെ ലക്ഷ്യം." -ചിറ്റയം ഗോപകുമാർ (നിയുക്ത ഡപ്യൂട്ടി സ്പീക്കർ)