റിങ് റോഡിലെ മരങ്ങൾക്ക് ക്യൂആർ കോഡ്

Mail This Article
പത്തനംതിട്ട ∙ സപ്തതി നിറവിലുള്ള കാതോലിക്കേറ്റ് കോളജ് 2 നൂതന പദ്ധതികൾക്ക് തുടക്കം കുറിച്ചു. കോളജിലെ ബോട്ടണി വിഭാഗവും നഗരസഭയും തിരുവല്ല ക്രിസ് ഗ്ലോബൽ ഫൗണ്ടേഷനും ചേർന്നാണ് പദ്ധതികൾ നടപ്പാക്കുന്നത്. നഗരത്തിലെ റിങ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള സസ്യങ്ങളിൽ ക്യുആർ കോഡ് പതിപ്പിച്ച, പേരെഴുതിയ ബോർഡുകൾ സ്ഥാപിക്കുന്നതാണ് ഒന്നാമത്തെ പദ്ധതി. ഇതിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ ടി.സക്കീർ ഹുസൈൻ നിർവഹിച്ചു.
ബോർഡ് സ്ഥാപിക്കുന്നത്തിലൂടെ സസ്യങ്ങളുടെ ശാസ്ത്രീയനാമം, മലയാളം, ഇംഗ്ലിഷ് പേരുകൾ ഉപയോഗം, ചെടിവിവരണം തുടങ്ങിയവ ക്യുആർ കോഡ് റീഡർ ഉപയോഗിച്ച് മൊബൈൽ വഴി വായിക്കാൻ സാധിക്കും. രണ്ടാമത്തെ പദ്ധതി ഹരിത പുനർജനി പദ്ധതിയിലൂടെ അപൂർവങ്ങളും ഔഷധ പ്രാധാന്യമുള്ളതും അന്യംനിന്നു പോകുന്നതുമായ സസ്യങ്ങളെ നഗരത്തിലെ റിങ് റോഡിലും പരിസരപ്രദേശങ്ങളിലും നട്ടുപിടിപ്പിക്കുന്നതാണ്.
വംശനാശം നേരിടുന്ന ചെടികളും ഫലവർഗ സസ്യങ്ങളും ജനങ്ങൾക്ക് കാണാനും വിദ്യാർഥികൾക്ക് പഠനവിധേയമാക്കാനും പദ്ധതിയിലൂടെ സാധിക്കും. ഉൾക്കാടുകളിലും അന്യദേശത്തു കാണുന്നതുമായ സസ്യങ്ങളെ വളർത്തിപരിപാലിക്കുന്ന പദ്ധതി കേരള വനം വകുപ്പ്, കോട്ടയ്ക്കൽ ആര്യവൈദ്യശാല, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചി, തിരുവനന്തപുരം ഗവ. ആയുർവേദ കോളജ് , നാഷനൽ ബൊട്ടാണിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ലക്‌നൗ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
അടുത്ത ഒരു വർഷംകൊണ്ട് സ്റ്റേഡിയം ജംക്‌ഷനിൽ പദ്ധതി പൂർണമായും നടപ്പാകും. സസ്യങ്ങളുടെ പരിപാലനം ക്രിസ് ഗ്ലോബൽ ട്രേഡേഴ്‌സ് ആണ് നിർവഹിക്കുന്നത്. പദ്ധതി ശുചിത്വ കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ അധ്യക്ഷത വഹിച്ചു. തിരുവല്ല ക്രിസ് ഫൗണ്ടേഷൻ അധ്യക്ഷൻ എം.ക്രിസ്റ്റഫർ, ഡോ. ബിനോയ് ടി. തോമസ്, ഡോ. വി.പി.തോമസ്, ഗോഗുൽ ജി. നായർ, കൗൺസിലർ അജിത്കുമാർ എന്നിവർ പ്രസംഗിച്ചു.