യേശു സമത്വവും സാമൂഹിക നീതിയും പകർന്നു നൽകി: ചിറ്റയം ഗോപകുമാർ

Mail This Article
റാന്നി പെരുനാട് ∙ ലോകത്തിന് സമത്വവും നന്മയും സ്നേഹവും സാമൂഹിക നീതിയും പകർന്നു നൽകിയത് യേശുക്രിസ്തുവാണെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പെരുനാട് ബഥനി ആശ്രമത്തിലെ സംയുക്ത പെരുന്നാളിന്റെ ഭാഗമായി നടന്ന ബഥാന്യ അവാർഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ പ്രകാശം പരത്തുന്നത് ക്രിസ്തുവിന്റെ ദർശനങ്ങളും വചനങ്ങളുമാണ്. സർവ മനുഷ്യർക്കും ചരാചരങ്ങൾക്കും പ്രചോദനം നൽകുന്ന വചനങ്ങളാണവ. സമൂഹത്തിനായി ത്യാഗം ചെയ്യുകയായിരുന്നു ക്രിസ്തു.
സമൂഹം നേരിടുന്ന പ്രതിസന്ധികൾക്കു പരിഹാരമാണ് ക്രിസ്തുവിന്റെ പാതകളെന്ന് അദ്ദേഹം പറഞ്ഞു.കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിച്ചു. മാർ തേവോദോസിയോസ് അനുസ്മരണ പ്രഭാഷണം ഏബ്രഹാം മാർ സ്തേഫാനോസ് നിർവഹിച്ചു. ബഥാന്യ അവാർഡ് ദയാബായിക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമ്മാനിച്ചു. മാത്യൂസ് മാർ തേവോദോസിയോസ്, ഫാ.സ്കറിയ, ഫാ. ഏബ്രഹാം സാമുവൽ, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ, ഫാ. എബി വർഗീസ് എന്നിവർ പ്രസംഗിച്ചു.
വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം പ്രമോദ് നാരായൺ എംഎൽഎയും ഉന്നത വിദ്യാഭ്യാസ എൻഡോവ്മെന്റ് ഉദ്ഘാടനം മുൻ എംഎൽഎ രാജു ഏബ്രഹാമും നിർവഹിച്ചു. നവാഭിഷിക്തരായ ഏബ്രഹാം മാർ സ്തേഫാനോസ്, തോമസ് മാർ ഇവാനിയോസ്, ഗീവർഗീസ് മാർ പീലക്സിനോസ്, ഗീവർഗീസ് മാർ പക്കോമിയോസ്, സഖറിയ മാർ സേവേറിയോസ് എന്നിവർക്കും വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് എന്നിവർക്കും പരിശുദ്ധ കാതോലിക്കാ ബാവായ്ക്കും സ്വീകരണം നൽകി.