കനത്ത ചൂടിലും പെരിങ്ങരയ്ക്കിത് കൊയ്ത്തിന്റെ സന്തോഷത്തണൽ

Mail This Article
പെരിങ്ങര ∙ വേനൽമഴ അകന്നുനിന്നതോടെ കനത്ത ചൂടിലും സന്തോഷത്തിന്റെ തണലിൽ ജില്ലയിലെ ഏറ്റവും വലിയ നെൽക്കൃഷി പ്രദേശമായ പെരിങ്ങരയിലെ പാടശേഖരങ്ങളിൽ വിളവെടുപ്പു തുടങ്ങി.എല്ലാ വർഷവും വേനൽമഴ പെയ്ത് കുറെ നെല്ലെങ്കിലും നഷ്ടപ്പെടുന്ന പതിവ് ഇത്തവണ ഇല്ലാതായതോടെ നൂറുമേനി വിളവ് കൊയ്തെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് കർഷകർ.27 പാടശേഖരങ്ങളിലായി 2400 ഏക്കർ പാടശേഖരമുള്ള പെരിങ്ങരയിൽ 26 പാടശേഖരങ്ങളിലും കൃഷിയുണ്ട്. 40 ഏക്കർ വരുന്ന പെരുന്തുരുത്തി കിഴക്ക് മാത്രമാണ് കൃഷി ചെയ്യാത്തത്.
65 ഏക്കർ വരുന്ന പാരൂർ കണ്ണാട്ടാണ് ആദ്യം കൊയ്ത്ത് തുടങ്ങിയത്. 4 യന്ത്രങ്ങളാണ് ഇവിടെ ഇറങ്ങിയിരിക്കുന്നത്.കൊയ്ത്തിനോടൊപ്പം സംഭരണവും നടക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ മറ്റു പാടശേഖരങ്ങളിലും കൊയ്ത്ത് തുടങ്ങും. അടുത്ത മാസം 20 ഓടെ കൊയ്ത്ത് പൂർത്തിയാക്കാൻ കഴിയുമെന്ന് കർഷകർ പറഞ്ഞു.പാണാകേരി പാടത്തിലെ കൊയ്ത്ത് 16 ന് 9 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും.