നെല്ലിക്കാല ബാങ്ക് കവർച്ചാ ശ്രമം; മുൻപു ബാങ്ക് കവർച്ച നടത്തിയിട്ടുള്ള സംഘങ്ങളിലേക്കു നീണ്ട് അന്വേഷണം
Mail This Article
കോഴഞ്ചേരി∙ യൂക്കോ ബാങ്കിന്റെ നെല്ലിക്കാലായിലുള്ള മല്ലപ്പുഴശേരി ശാഖയുടെ ലോക്കർ മുറിയുടെ ഭിത്തി തുരന്ന് കവർച്ചാശ്രമമുണ്ടായ കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. മുൻപ് ബാങ്ക് കവർച്ച നടത്തിയിട്ടുള്ള സംഘങ്ങളിലേക്കും അന്വേഷണം നീണ്ടിട്ടുണ്ട്. തെളിവുകൾ കാര്യമായി അവശേഷിപ്പിക്കാതെയാണ് മോഷ്ടാക്കൾ നെല്ലിക്കാലയിൽനിന്നു മടങ്ങിയത്. വാഹനത്തിലാണ് കവർച്ചാസംഘം മടങ്ങിയതെന്നാണ് വിലയിരുത്തൽ. സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
ടികെ റോഡരികിലുള്ള ബാങ്ക് തന്നെ കവർച്ച നടത്താൻ മോഷ്ടാക്കൾ തിരഞ്ഞെടുത്തതിനെക്കുറിച്ചും വ്യത്യസ്ത നിഗമനങ്ങളുണ്ട്. സുരക്ഷാ ജീവനക്കാരൻ ഇല്ലായെന്നതും ബാങ്കിനു പിന്നിൽ വിജനമായ സ്ഥലമുണ്ടെന്നതും സംഘത്തെ ഇവിടേക്ക് ആകർഷിച്ചിട്ടുണ്ടാകാം. മെഷീൻ ഉപയോഗിച്ച് പൂട്ട് തകർത്ത് ബാങ്കിനുള്ളിലേക്ക് കടന്ന മോഷ്ടാക്കൾ ഷട്ടർ അകത്തുനിന്നു താഴ്ത്തിയിരുന്നു. നേരം പുലരും വരെ ആരുടെയും ശ്രദ്ധയിൽ ഇക്കാര്യം വന്നില്ല. ലോക്കറിൽനിന്നു സ്വർണവും പണവും കവർന്നു പുറത്തേക്കിറങ്ങാൻ ബാങ്കിന്റെ പിന്നിലെ ജനലിന്റെ കമ്പിയും അറുത്തുമാറ്റിയത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നെന്നും പൊലീസിനു ബോധ്യപ്പെട്ടിട്ടുണ്ട്.
നാളുകളുടെ ആസൂത്രണത്തിനു ശേഷം നടത്തിയ കവർച്ചയാണിതെന്നാണ് വിലയിരുത്തൽ. മോഷണനീക്കം പാളിപ്പോയത് നിക്ഷേപകർക്കൊപ്പം പൊലീസിനും ആശ്വാസം പകരുന്നുണ്ട്. ലോക്കർ മുറിയിലേക്ക് കടക്കാനായി മുകൾഭാഗത്തെ ഭിത്തി തുരക്കവെ ഡ്രില്ലിങ് മെഷീന്റെ മുൻഭാഗത്തുണ്ടായ തകരാറാണ് കവർച്ചാസംഘത്തിന്റെ നീക്കങ്ങൾക്ക് തടയിട്ടത്. ഉടൻ ലോക്കർ മുറിയുടെ ബലമേറിയ വാതിൽ കുത്തിപ്പൊളിക്കാനും ശ്രമം നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്. നെല്ലിക്കാലായിൽനിന്നു കോഴഞ്ചേരി ഭാഗത്തേക്കാണ് ഇവർ മടങ്ങിയതെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.
മുന്നറിയിപ്പ് നൽകിയിരുന്നു
സുരക്ഷാ സംവിധാനം ശക്തമാക്കണമെന്ന് ജില്ലയിലെ എല്ലാ ബാങ്കുകളിലെയും അധികൃതരോട് മാസങ്ങൾക്ക് മുൻപ് നിർദേശം നൽകിയിരുന്നെന്ന് പൊലീസ് പറഞ്ഞു. രാത്രിയിലുൾപ്പെടെ സെക്യൂരിറ്റിയെ ഉറപ്പാക്കണമെന്നും സിസിടിവി സംവിധാനം കാര്യക്ഷമമാക്കണമെന്നുമായിരുന്നു നിർദേശം. 4 ടീമായി തിരിഞ്ഞാണ് നെല്ലിക്കാല ബാങ്ക് കവർച്ചാ ശ്രമത്തെക്കുറിച്ചുളള പൊലീസ് അന്വേഷണം. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ മേൽനോട്ടത്തിൽ പ്രത്യേക സ്ക്വാഡുകൾക്കൊപ്പം പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.