ADVERTISEMENT

ഇട്ടിയപ്പാറ ∙ 6 മാസത്തിനകം പൂർ‌ത്തിയാക്കേണ്ടിയിരുന്ന ബയോഗ്യാസ് പ്ലാന്റുകൾ 9 വർഷമായിട്ടും പ്രവർത്തനം തുടങ്ങാത്തതിനെതിരെ കർശന നടപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. ഇതിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകും. ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനു സമീപവും ചന്തയിലുമായി ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാൻ 2013–14 വർഷത്തിലാണു പഞ്ചായത്ത് പദ്ധതി തയാറാക്കിയത്. ശുചിത്വമിഷൻ നൽ‌കിയ 9.12 ലക്ഷം രൂപയും പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്ന് 73,721 രൂപയും ചെലവഴിച്ചു പ്ലാന്റുകൾ സ്ഥാപിക്കാനാണു പദ്ധതിയിട്ടത്. 2013 ഡിസംബർ 21ന് നിർവഹണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് എൻജിനീയർ തിരുവനന്തപുരത്തുള്ള കമ്പനിയുമായി കരാർ ഒപ്പിട്ടു.

നിർമാണ പുരോഗതി കണക്കാക്കി 2014–15 മുതൽ 2021–22 വരെ 11,35,128 രൂപ കരാർ കമ്പനിക്കു നൽകിയിരുന്നു. ഇഴഞ്ഞും മുടങ്ങിയുമാണു നിർമാണം നടന്നത്. 2 മാസം മുൻപു പ്ലാന്റുകൾ പ്രവർത്തിപ്പിച്ചു നോക്കിയെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. പദ്ധതി നടത്തിപ്പിൽ നിർവഹണ ഉദ്യോഗസ്ഥനു വീഴ്ച സംഭവിച്ചെന്നാണു തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിലയിരുത്തൽ. നിർവഹണ ഉദ്യോഗസ്ഥനെ താക്കീതു ചെയ്യാൻ റൂറൽ ഡയറക്ടറോടു നിർദേശിച്ചു. കരാർ‌ കമ്പനിയിൽ നിന്നു പിഴ ഈടാക്കും.

കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതടക്കം നടപടിയെടുക്കാൻ ശുചിത്വമിഷൻ ഡയറക്ടറോടു നിർദേശിച്ചു. മഹാപ്രളയവും കോവിഡുമാണു പദ്ധതി പൂർത്തിയാക്കുന്നതിനു തടസമായതെന്നാണു ഭരണസമിതി വകുപ്പിനെ അറിയിച്ചത്.  കരാറുകാരനിൽ നിന്നു പിഴ ഈടാക്കരുതെന്നും സമിതി നിർദേശിച്ചിരുന്നെങ്കിലും ഇതൊന്നും വകുപ്പ് മുഖവിലയ്ക്കെടുത്തില്ല. പ്ലാന്റുകൾ പ്രവർത്തന സജ്ജമാണെന്നു പഞ്ചായത്തംഗങ്ങൾ പറയുമ്പോഴും അവ ഉപയോഗപ്പെടുത്താൻ തയാറാകുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com