ഓണക്കാലത്ത് മദ്യം, ലഹരി ഉപയോഗം; ജാഗ്രതാ നടപടികളുമായി എക്സൈസ്
Mail This Article
പത്തനംതിട്ട ∙ ഓണാഘോഷങ്ങളോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉൽപാദനവും വിപണനവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ എക്സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തി. ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 5 വരെ ജാഗ്രതാ ദിനങ്ങളായി സർക്കാർ പ്രഖ്യാപിച്ചു. ഡപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ ഓഫിസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺട്രോൾ റൂം പ്രവർത്തിക്കുന്നു.
ജില്ലയിലെ 2 ഓഫിസുകൾ കേന്ദ്രമാക്കി 2 സ്ട്രൈക്കിങ് ഫോഴ്സ് പ്രത്യേകമായി രൂപീകരിച്ചു. പരാതികളിലും രഹസ്യവിവരങ്ങളിലും അടിയന്തര നടപടി എടുക്കും.രാത്രികാലങ്ങളിൽ വാഹനപരിശോധനകൾ കർശനമാക്കി. വാഹന പരിശോധനകൾക്കായി പ്രത്യേക ടീമിനെ സജ്ജമാക്കി. ജില്ലയിലെ പ്രധാന പാതകളെല്ലാം തന്നെ എക്സൈസ് ഫോഴ്സിന്റെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചുവടെയുള്ള നമ്പറുകളിൽ അറിയിക്കണമെന്ന് ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ വി.എ.സലീം അറിയിച്ചു.
∙ ജില്ലാ കൺട്രോൾ റൂം പത്തനംതിട്ട: 0468 2222873. ടോൾഫ്രീ നമ്പർ: 1055.
∙ ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ പത്തനംതിട്ട: 9447178055.
∙ അസി. എക്സൈസ് കമ്മിഷണർ പത്തനംതിട്ട: 9496002863.
∙ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എക്സൈസ് എൻഫോഴ്സ്മെന്റ്
ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷൽ സ്‌ക്വാഡ് പത്തനംതിട്ട: 9400069473.