ശബരിമല സന്നിധാനത്തേക്ക് 12 മണിക്കൂർ നീണ്ട കാത്തുനിൽപ്; പതിനെട്ടാം പടി കയറുന്നത് മിനിറ്റിൽ 70 പേർ

Mail This Article
ശബരിമല ∙ പതിനെട്ടാം പടി കയറ്റുന്നത് ഒരു മിനിറ്റിൽ 70 പേരെ. മണിക്കൂറിൽ 4200. തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി പൊലീസിനു നൽകിയ നിർദേശത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. മണിക്കൂറിൽ 400 മുതൽ 4200 തീർഥാടകരിൽ കുറയാതെ പതിനെട്ടാംപടി കയറ്റി വിട്ടാൽ മാത്രമേ ശരിയായ രീതിയിലുള്ള തിരക്കു നിയന്ത്രണം സാധ്യമാകുവെന്ന് പൊലീസിനു ലഭിച്ച നിർദേശത്തിലുണ്ട്. സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവരെ പടികയറ്റി വിടുമ്പോഴാണ് താമസം നേരിടുന്നത്.
ഡിവൈഎസ്പിമാർ ഇടയ്ക്കിടെ ക്യൂവിന്റെ സ്ഥിതി മനസ്സിലാക്കി പടികയറ്റുന്നതിൽ വേഗം കൂട്ടുകയും കുറയ്ക്കുകയും വേണം. പതിനെട്ടാംപടി കയറുന്നവരുടെ എണ്ണം മിനിറ്റിൽ 70ൽ കുറഞ്ഞാൽ ദർശനത്തിനുള്ള ക്യു കിലോമീറ്ററുകൾ നീളും. സന്നിധാനത്തെ മേൽപാലത്തിൽ എപ്പോഴും തീർഥാടകർ നിറഞ്ഞു നിൽക്കണം. പടി കയറ്റി വിടുന്നതിൽ താമസം നേരിട്ടാൽ മേൽപാലം നിറയില്ല. തീർഥാടകർ ഓരോ പടിയിലും തൊട്ടുതൊഴുത് കയറാൻ ശ്രമിക്കരുത്. അതിനു ശ്രമിക്കുമ്പോൾ പടി കയറാൻ വൈകും.
വലിയ നടപ്പന്തൽ നിറഞ്ഞ് ക്യു നീളുമ്പോൾ ശരംകുത്തി, ക്യു കോംപ്ലക്സ്, എന്നിവിടങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം. ക്യു മരക്കൂട്ടം പിന്നിടുമ്പോൾ തീർഥാടകരെ ക്യു കോംപ്ലക്സിൽ കയറ്റി വിശ്രമിക്കാൻ അനുവദിച്ചശേഷമാണ് സന്നിധാനത്തേക്ക് വിടുക. രാത്രി സന്നിധാനത്തെ വലിയ നടപ്പന്തലിൽ വിരിവച്ചു വിശ്രമിക്കാൻ തീർഥാടകരെ അനുവദിക്കരുത്. ഇത് കാൽനട യാത്രയ്ക്കു ബുദ്ധിമുട്ടുണ്ടാക്കും. ഇരുമുടിക്കെട്ട് ഇല്ലാതെ ആരെയും പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കരുത്. അനാവശ്യമായി ഊഹാപോഹം പ്രചരിപ്പിക്കാൻ ആരെയും അനുവദിക്കരുതെന്നു സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസറും കോഴിക്കോട് ഡിസിപിയുമായ കെ.ഇ.ബൈജു പറഞ്ഞു.
സന്നിധാനത്തേക്ക് 12 മണിക്കൂറിലേറെ നീണ്ട കാത്തുനിൽപ്
ശബരിമല ∙ സന്നിധാനത്ത് എത്താൻ 12 മണിക്കൂറിലേറെ നീണ്ട കാത്തുനിൽപ്. തിക്കും തിരക്കും ഒഴിവാക്കാൻ നിലയ്ക്കൽ, ഇലവുങ്കൽ, എരുമേലി , നാറാണംതോട് എന്നിവിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. പതിനെട്ടാംപടി കയറാനുള്ള നിര ശബരിപീഠം വരെ നീണ്ടു. അപകടം ഒഴിവാക്കാൻ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് അയ്യപ്പന്മാരുടെ മലകയറ്റം നിയന്ത്രിക്കാൻ നിർദേശം വന്നു.
പമ്പ മുഴുവൻ തീർഥാടകരെ കൊണ്ട് നിറഞ്ഞു. തുടർന്നു മറ്റു സ്ഥലങ്ങളിലും വാഹനങ്ങൾ തടഞ്ഞിട്ടു. പുലർച്ചെ നിർമാല്യ ദർശനം പ്രതീക്ഷിച്ച് എത്തിയവർ വൈകിട്ട് നട തുറന്ന ശേഷമാണ് സന്നിധാനത്ത് എത്തിയത്. മടക്കയാത്ര കണക്കു കൂട്ടി എത്തിയ തീർഥാടകർക്ക് സന്നിധാനത്തെത്തി ദർശനം നടത്താനോ തിരിച്ചു പോകാനോ കഴിഞ്ഞില്ല. ഡൈനാമിക് ക്യു കോംപ്ലക്സ് തുറന്നെങ്കിലും അതിൽ പറയുന്ന സമയത്ത് ദർശനം കിട്ടില്ല. സന്നിധാനം വലിയ നടപ്പന്തലിൽ കുറഞ്ഞത് 4 മണിക്കൂറെങ്കിലും കാത്തുനിൽക്കാതെ പതിനെട്ടാംപടിക്കൽ എത്തില്ല. ക്യൂവിൽ നിന്നിറങ്ങി നേരെ വാവരു നടയുടെ ഭാഗത്ത് എത്തുന്നവരുടെ തിരക്കും വർധിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പുതിയ പൊലീസ് സംഘം ഇന്നലെ എത്തി.