അയ്യന് കളഭാഭിഷേകം നടത്തി

Mail This Article
ശബരിമല∙ ശരണമന്ത്രങ്ങളും വാദ്യമേളങ്ങളും ഭക്തി സാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ അയ്യപ്പ സ്വാമിക്കു പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ കളഭാഭിഷേകം നടന്നു. തീർഥാടന കാലത്തെ നെയ്യഭിഷേകം ഇന്നലെ 10.30നു പൂർത്തിയായി. തുടർന്നു ശ്രീകോവിലും തിരുമുറ്റവും കഴുകി വൃത്തിയാക്കിയാണു ദേവസ്വം വക കളഭാഭിഷേകത്തിനുള്ള ചടങ്ങു തുടങ്ങിയത്.
സോപാനത്തു നിറപറയും നിലവിളക്കും ഒരുക്കി. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ കളഭവും 25 കലശവും പൂജിച്ചു നിറച്ചു. മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ദീപം നിലവിളക്കിലേക്കു പകർന്നതോടെ പാണി തുടങ്ങി.
മരപ്പാണി കൊട്ടി ദേവന്റെ ഭൂതഗണങ്ങളെയും പരിവാരങ്ങളെയും ഉണർത്തി. പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ പരിവാര സമേതം എത്തിയതോടെ കളഭ ഘോഷയാത്ര തുടങ്ങി. വാദ്യമേളങ്ങളോടെ ആഘോഷമായി ശ്രീകോവിലിൽ എത്തിച്ചു. ആയിരക്കണക്കിനു സ്വാമി ഭക്തരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന ശരണംവിളികൾ സന്നിധാനത്താകെ അലയടിച്ചു നിൽക്കെ തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി.
ഇന്നലെയും തീർഥാടകരുടെ വലിയ തിരക്കായിരുന്നു. ഉച്ചപൂജ വരെ 44,026 പേർ പതിനെട്ടാംപടി കയറി ദർശനം നടത്തി. ഉച്ചപൂജ സമയത്തും പതിനെട്ടാംപടി കയറാൻ വലിയ നടപ്പന്തൽ തിങ്ങി നിറഞ്ഞ് തീർഥാടകർ ഉണ്ടായിരുന്നു. തിരക്കു കാരണം പമ്പയിൽ പാർക്കിങ് കിട്ടാതെയും തീർഥാടകർ വിഷമിച്ചു.