വേനലെത്തുന്നതേയുള്ളു, വറ്റി വരളുന്നു എഴുമറ്റൂർ മേഖല; ജലക്ഷാമം രൂക്ഷം

Mail This Article
പെരുമ്പെട്ടി∙ വേനൽ വറുതിയിൽ എഴുമറ്റൂരിൽ ജലക്ഷാമം രൂക്ഷമാകുന്നു, മണിമലയാറ്റിലെ പടുതോട് കിണറിൽ നിന്നു ശേഖരിച്ചു കാരമല സംഭരണി വഴി വിതരണം ചെയ്യുന്ന ജലം പഞ്ചായത്ത് പ്രദേശങ്ങളിൽ പൂർണമായി എത്തുന്നില്ലെന്നാണ് ആക്ഷേപം. ആറ്റുതീരം വിട്ടുള്ള എഴുമറ്റൂരിലെ മേഖലകളിലെ ജലക്ഷാമം പരിഹരിക്കാൻ ഇനിയും നടപടിയില്ല. മേഖലയിലെ ജനങ്ങൾ സ്വകാര്യ ജലവിതരണ ടാങ്കറുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. 365 ദിവസവും ശുദ്ധജലം വിലയ്ക്കു വാങ്ങേണ്ട പ്രദേശങ്ങളും വിരളമല്ല.
പതിറ്റാണ്ടുകൾക്കു മുൻപ് ആരംഭിച്ച കാരമല ശുദ്ധജലപദ്ധതി ശോച്യാവസ്ഥയിലാണ്. ജലസംഭരണിയിൽ പൂർണതോതിൽ ജലം സംഭരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സംഭരണിയുടെ ഭിത്തിയിൽ 5 ഇടങ്ങളിൽ ചോർച്ചയും രൂപപ്പെട്ടിരിക്കുന്നു.കോളഭാഗം, തെള്ളിയൂർക്കാവ്, അമ്പിനിക്കാട്, ചൂരനോലി, വള്ളിക്കാല, പള്ളിക്കുന്ന്, കൂലിപ്പാറ, അറഞ്ഞിക്കൽ, മേത്താനം, കൊറ്റുകുളം, പുളിക്കാമറ്റം, പുളിക്കപ്പതാൽ, മുളയ്ക്കൽ, ഇരുമ്പുകുഴി, കാരമല, പുറ്റത്താനി, കൈമല, കാട്ടോലിപ്പാറ, പുല്ലോലിൽ, തോമ്പിൽ, ശാന്തിപുരം, തൊട്ടിമല, ഉന്നത്താനി, പാറപ്പൊട്ടാനി, കരിക്കാട്, പാലാക്കുന്ന്, മാനാക്കുഴി, പാറക്കൂട്ടത്തികൽ, കുടക്കപ്പതാൽ, പടിയറ, മുതുപാല, മലമ്പാറ, വരിക്കാനാനികൽ, എരുത്തിക്കൽ, അയ്യങ്കാവിൽമല, കൂറ്റമ്മനാൽ മല, കറുത്തമാങ്കൽ, അഞ്ചാനി, നാരകത്താനി, മുക്കുഴി, വേങ്ങഴ, പാറയ്ക്കൽ, താഴത്തേക്കുറ്റ് പ്രദേശങ്ങളിലും ജലക്ഷാമം നേരിടുന്നു.
ചിറയ്ക്കൽ, വാളക്കുഴി, കഞ്ഞിത്തോട് മേഖലകളിൽ ശുദ്ധജലം കിട്ടാക്കനിയെന്നാണ് പരാതി.വാളക്കുഴി, ഇണ്ടനാട്, പാറക്കടവ്, വായനശാലക്കവല, ആനക്കുഴി, പുറ്റത്താനി, മഞ്ചാടികവല എന്നിവിടങ്ങളിൽ പൈപ്പ് തകർച്ച നിത്യസംഭവമാണ്. വട്ടരി, ആരീക്കൽ, മാക്കാട് എന്നിവിടങ്ങളിൽ ചെറുകിട പദ്ധതികളുണ്ടെങ്കിലും പലതും കാലഹരണപ്പെട്ട നിലയിലാണ്, ചിലതിൽ നിന്ന് ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് ജലം ലഭിക്കുന്നത്.
-തെള്ളിയൂരിൽ ജല സംഭരണിക്കായി സ്ഥലം കണ്ടെത്തിയെങ്കിലും നിർമാണ പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല .കാരമലയിൽ 10 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള പുതിയ സംഭരണി നിർമിക്കണമെന്ന കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യം ഇനിയും നടപ്പായിട്ടില്ല. ഈ വേനൽക്കാലത്തും 500 മുതൽ1000 രൂപ മുടക്കി സ്വകാര്യ ജലവിതരണ ടാങ്കറുകളെ ആശ്രയിക്കേണ്ട ഗതികേടിലാണു പഞ്ചായത്തിലെ ജനങ്ങൾ.സ്വകാര്യ ടാങ്കറുകൾ എത്തിക്കുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന നിർദേശങ്ങളും പാലിക്കപ്പെടാറില്ല.